INDIA

മണിപ്പൂർ കലാപം: 219 പേർ കൊല്ലപ്പെട്ടെന്ന് ഗവർണർ, രജിസ്റ്റര്‍ ചെയ്തത് പതിനായിരം കേസുകള്‍, 187,143 അറസ്റ്റുകള്‍

അതേസമയം, മണിപ്പൂരില്‍ കഴിഞ്ഞദിവസവും സംഘര്‍ഷമുണ്ടായി

വെബ് ഡെസ്ക്

മണിപ്പൂരിലെ വംശീയ കലാപത്തില്‍ കൊല്ലപ്പെട്ടത് 219 പേരെന്ന് ഗവര്‍ണര്‍ അനുസൂയ ഉയികെ. ബുധനാഴ്ച സംസ്ഥാന നിയമസഭയെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് ഗവര്‍ണര്‍ ഇക്കാര്യം അറിയിച്ചത്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പത്തു ലക്ഷം രൂപ വീതം ധനസഹായം നല്‍കിവരുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി.

1,87,143 പേരെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചെന്നും നിയമ നടപടികള്‍ക്ക് ശേഷം വിട്ടയച്ചെന്നും ഗവര്‍ണര്‍ പറഞ്ഞു. പതിനായിരം എഫ്‌ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തത്. 29 കേസുകള്‍ സിബിഐയ്ക്ക് കൈമാറി. ഒരെണ്ണം എന്‍ഐഎയ്ക്ക് കൈമാറി. നാലു കേസുകള്‍ സിബിഐക്കും അഞ്ച് കേസുകള്‍ എന്‍ഐഎക്കും കൈമാറാനുള്ള തയാറെടുപ്പിലാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

പോലീസ് സ്‌റ്റേഷനുകളില്‍ നിന്ന് കലാപകാരികള്‍ തട്ടിയെടുത്ത ആയുധങ്ങളുടെ കണക്ക് ശേഖരിച്ചിട്ടുണ്ടെന്നും ഇവ തിരിച്ചു പിടിക്കാനുള്ള നടപടികള്‍ തുടരുന്നു

ലൈംഗിക അതിക്രമം നേരിട്ട സഹോദരിമാര്‍ക്ക് നീതി ഉറപ്പാക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും വരുത്തില്ലെന്നും ഗവര്‍ണര്‍ അവകാശപ്പെട്ടു. ലൈംഗിക അതിക്രമത്തിന് ഇരയായവരുടെ പുനരധിവാസം ഉറപ്പാക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ ജീവനക്കാര്‍ ക്യാമ്പുകള്‍ സന്ദര്‍ശിക്കുന്നുണ്ട്. വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ മാനസികാരോഗ്യ ഇടപെടലുകള്‍ക്കായി ജില്ലാ സൈക്കോളജിക്കല്‍ സപ്പോര്‍ട്ട് ടീമുകള്‍ രൂപീകരിച്ചിട്ടുണ്ടെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

ക്രമസമാധാനം പുനഃസ്ഥാപിക്കാനായി 198 സിആര്‍പിഎഫ് കമ്പനി സേനയെ വിന്യസിച്ചിട്ടുണ്ട്. 140 കോളം സൈനികരേയും രംഗത്തിറക്കിയതായി ഗവര്‍ണര്‍ അറിയിച്ചു. പോലീസ് സ്‌റ്റേഷനുകളില്‍ നിന്ന് കലാപകാരികള്‍ തട്ടിയെടുത്ത ആയുധങ്ങളുടെ കണക്ക് ശേഖരിച്ചിട്ടുണ്ടെന്നും ഇവ തിരിച്ചു പിടിക്കാനുള്ള നടപടികള്‍ തുടരുകയാണെന്നും ഗവര്‍ണര്‍ അറിയിച്ചു. സംസ്ഥാനത്തിന്റെ മിക്ക പ്രദേശങ്ങളിലും നിരോധനാജ്ഞ പിന്‍വലിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്തി ഇന്റര്‍നെറ്റ് നിരോധനം പിന്‍വലിച്ചുവരുന്നുവെന്നും ഗവര്‍ണര്‍ അവകാശപ്പെട്ടു.

അതേസമയം, മണിപ്പൂരില്‍ കഴിഞ്ഞദിവസവും സംഘര്‍ഷമുണ്ടായി. ഇംഫാലില്‍ പോലീസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയി. എഎസ്പി അമിത് സിങിനെയാണ് തട്ടിക്കൊണ്ടുപോയത്. ഇരുന്നൂറോളം വരുന്ന സായുധ സംഘം വീട്ടില്‍ അതിക്രമിച്ചു കയറി പോലീസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. ഇതേത്തുടര്‍ന്ന് സേനയില്‍ വലിയ പ്രതിഷേധമുയര്‍ന്നു. ഇംഫാലില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ആയുധം താഴെവച്ച് പ്രതിഷേധം നടത്തി.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം