റിപ്പബ്ലിക് ദിന പരിപാടിയിലേക്ക് തയ്യാറാക്കിയ പ്രസംഗത്തിന്റെ പകർപ്പ് നേരത്തെ കിട്ടണമെന്നാവശ്യപ്പെട്ട് തെലങ്കാന സർക്കാരും ഗവർണറും തമ്മിൽ പോര് . പ്രസംഗത്തിന്റെ പകർപ്പാവശ്യപ്പെട്ട് ഗവർണർ തമിഴിസൈ സൗന്ദർരാജൻ മുഖ്യമന്ത്രി കെ ചന്ദ്ര ശേഖർ റാവുവിന് കത്തയച്ചു . റിപ്പബ്ലിക്ക് ദിനാചരണം സംബന്ധിച്ച വിശദാംശങ്ങൾ പങ്കുവെയ്ക്കണമെന്നും രാജ്ഭവൻ അയച്ച കത്തിൽ ആവശ്യപ്പെടുന്നു . എന്നാൽ തെലങ്കാന സർക്കാർ ഇതുവരെ കത്തിന് മറുപടി നൽകിയിട്ടില്ല .
സംസ്ഥാന സര്‍ക്കാര്‍ എന്തുകൊണ്ട് പ്രോട്ടോകോളുകള്‍ പാലിക്കുന്നില്ല എന്ന് വ്യക്തമാക്കിയാല്‍ മറ്റ് എല്ലാ ചോദ്യങ്ങള്‍ക്കും താന്‍ ഉത്തരം നല്‍കുമെന്നും, ഗവര്‍ണര്‍ എന്ന നിലയില്‍ നിയമം ലംഘിച്ചിട്ടില്ല, 25 വര്‍ഷത്തിലെറെയായി പൊതുരംഗത്ത് പ്രവര്‍ത്തിച്ച് വരുന്നു. എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് തനിക്കറിയാമെന്നും ഗവര്‍ണര്‍ പറഞ്ഞു. എന്നാല്‍ സര്‍ക്കാരുകള്‍ ഗവര്‍ണര്‍ക്കെതിരെയാണ് പ്രവര്‍ത്തിക്കുന്നതെന്നും തമിഴിസൈ സൗന്ദരരാജന്‍ വ്യക്തമാക്കി. ഭരണഘടന പദവിയെയും ഗവര്‍ണറുടെ പദവിയെയും ബഹുമാനിക്കാന്‍ ഗവര്‍ണര്‍ ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടേയിരുന്നു.
ഹൈദരബാദിലെ പരേഡ് ഗ്രൗണ്ടിലാണ് സാധാരണ റിപ്പബ്ലിക് ദിന പരേഡ് നടക്കാറ്. മുഖ്യമന്ത്രി മുഖ്യാതിഥിയാകുന്ന ചടങ്ങിൽ ഗവർണർ പതാക ഉയർത്തും. എന്നാൽ ഇത്തവണ പരേഡ് ഗ്രൗണ്ടിലാണോ പരിപാടി എന്നത് സംബന്ധിച്ച് പോലും വ്യക്തതയില്ലാത്തതിനാലാണ് കത്തെഴുതിയതെന്നാണ് രാജ്‍ഭവന്റെ വിശദീകരണം
ബുധനാഴ്ച ഖമ്മത്ത് മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിൽ ബിആർഎസ് മെഗാ റാലി സംഘടിപ്പിച്ചിരുന്നു . ഇതിൽ പങ്കെടുത്ത കേരള മുഖ്യമന്ത്രി പിണറായി വിജയനുൾപ്പെടെ ഗവർണർമാർ ബിജെപി യുടെ ചട്ടുകമാകുന്നതിനെ വിമർശിച്ചിരുന്നു . ഇതിനും തമിഴിസൈ സൗന്ദർരാജൻ മറുപടിയുമായി രംഗത്തെത്തിയിട്ടുണ്ട്. '' ചില മുഖ്യമന്ത്രിമാര്‍ ഗവര്‍ണര്‍മാരെ വിമര്‍ശിക്കുന്നു എന്നാല്‍ ഗവര്‍ണര്‍മാര്‍ അവരുടെ കര്‍ത്തവ്യമാണ് ചെയ്യുന്നത്. സംസ്ഥാന സര്‍ക്കാരുകള്‍ ഗവര്‍ണര്‍മാരുടെ പ്രേട്ടോക്കോളനുസരിച്ചല്ല മുന്നോട്ടുപോകുന്നത്. ചില ബില്ലുകള്‍ പാസാകാതെയിരിക്കുന്നുണ്ട്, അതിനെ വിലയിരുത്തി വരികയാണ്'' - അവര്‍ വിശദീകരിച്ചു. സംസ്ഥാന സര്‍ക്കാര്‍ എന്തുകൊണ്ട് പ്രോട്ടോക്കോളുകള്‍ പാലിക്കുന്നില്ലെന്ന് വ്യക്തമാക്കിയാല്‍ മറ്റെല്ലാ ചോദ്യങ്ങള്‍ക്കും താന്‍ ഉത്തരം നല്‍കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.