മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ ഫീസ് അടയ്ക്കുന്നതിനായി ഒരു ദിവസത്തെ ശമ്പളം സംഭാവന ചെയ്ത് ഗുജറാത്തിലെ ബറൂച്ച് ജില്ലയില്‍ നിന്നുള്ള സര്‍ക്കാര്‍ ജീവനക്കാര്‍. എംബിബിഎസ് വിദ്യാര്‍ഥിനി ആലിയബാനു പട്ടേലിന്റെ രണ്ടാം സെമസ്റ്റര്‍ ഫീസായ നാല് ലക്ഷം രൂപ നല്‍കുന്നതിനാണ് ഒരു ദിവസത്തെ ശമ്പളം ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ സംഭാവന ചെയ്തത്. പ്ലസ്ടുവില്‍ 79.80 ശതമാനം മാര്‍ക്കോടെയാണ് വഡോദരയിലെ പരുള്‍ സര്‍വകലാശാലയില്‍ ആലിയബാനു മെഡിസിന്‍ പഠനത്തിനായി പ്രവേശനം നേടുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ വൃദ്ധ് പെന്‍ഷന്‍ പദ്ധതിയുടെ ഗുണഭോക്താക്കളില്‍ ഒരാളായിരുന്നു അദ്ദേഹം
കാഴ്ചാ വൈകല്യമുള്ള അയ്യൂബ് പട്ടേലിന്റെ മകളാണ് ആലിയാ ബാനു. കഴിഞ്ഞവര്‍ഷം മെയ് 12ന് ഒരു പരിപാടിയില്‍ പങ്കെടുക്കവെ അയ്യൂബ് പട്ടേലുമായി പ്രധാനമന്ത്രി സംവദിച്ചിരുന്നു. പ്ലസ്ടു ഫലം പ്രഖ്യാപിച്ച അന്ന് നടന്ന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മകളെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ അയ്യൂബ് പട്ടേൽ ആലിയബാനുവിന്റെ ആഗ്രഹത്തെ കുറിച്ച് പങ്കുവച്ചിരുന്നു. ആലിയയ്ക്ക് പഠനത്തില്‍ എന്തെങ്കിലും വെല്ലുവിളി നേരിടേണ്ടി വന്നാല്‍ ബന്ധപ്പെടാന്‍ നരേന്ദ്ര മോദി അറിയിച്ചിരുന്നു.
ആലിയബാനുവിന്റെ വിദ്യാഭ്യാസം തുടരുന്നതില്‍ സാമ്പത്തിക വെല്ലുവിളികള്‍ നേരിട്ടതോടെ അവര്‍ അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനും ജില്ലാ ഭരണകൂടത്തിനും കത്തെഴുതിയിരുന്നു.
നേത്രരോഗ വിദഗ്ധയാകാനാണ് ആലിയാബാനുവിന്റെ ആഗ്രഹം. ബാങ്കില്‍ നിന്ന് വായ്പയെടുത്തും ചിലരില്‍ നിന്ന് കടം വാങ്ങിയുമാണ് ആലിയയുടെ പഠനത്തിനാവശ്യമായ തുക പിതാവ് കണ്ടെത്തിയിരുന്നത്. 200ലേറെ സര്‍ക്കാര്‍ ജീവനക്കാരാണ് ആലിയയുടെ പഠനത്തിനായി സഹായം നല്‍കിയത്.