INDIA

സുപ്രീംകോടതി ഇടപെടൽ ഫലംകണ്ടു; ആർട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരായ ഹർജിയിൽ ഹാജരായ ലക്ചററുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു

ജമ്മു കശ്മീർ വിദ്യാഭ്യാസ വകുപ്പ് സസ്പെന്‍ഷന്‍ പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു

വെബ് ഡെസ്ക്

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടി ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയിൽ ഭരണഘടനാ ബെഞ്ചിന് മുൻപിൽ ഹാജരായ ലക്ചററുടെ സസ്പെന്‍ഷന്‍ സർക്കാർ പിന്‍വലിച്ചു. അനുച്ഛേദം 370 റദ്ദാക്കിയ നടപടിക്കെതിരെ സുപ്രീംകോടതിയിൽ കഴിഞ്ഞയാഴ്ച ഹാജരായതിന് തൊട്ടുപിന്നാലെ ലക്ചറർ സാഹൂർ അഹ്മദ് ഭട്ടിനെ സസ്‌പെൻഡ് ചെയ്തിരുന്നു. സംഭവത്തില്‍ സുപ്രീംകോടതി ഇടപെട്ടതിന് പിന്നാലെയാണ് തീരുമാനം.

ജമ്മു കശ്മീർ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം പുനഃപരിശോധിക്കാൻ അറ്റോർണി ജനറൽ ആർ വെങ്കട്ടരമണിയോട് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ജമ്മു കശ്മീർ സർക്കാർ സസ്പെന്‍ഷന്‍ പിന്‍വലിച്ചത്.

ആർട്ടിക്കിൾ 370 റദ്ദാക്കിയ രീതിയെക്കുറിച്ച് ആഴത്തിലുള്ള ആശങ്ക അറിയിച്ചുകൊണ്ട് ഓഗസ്റ്റ് 24നാണ് സാഹൂർ അഹ്മദ് ഭട്ട് സുപ്രീംകോടതിയിൽ ഹാജരായത്

ശ്രീനഗറിലെ ജവഹർ നഗറിലെ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പൊളിറ്റിക്കൽ സയൻസ് സീനിയർ ലക്ചറർ സഹൂർ അഹമ്മദ് ഭട്ടിനെ വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അലോക് കുമാറാണ് സസ്പെൻഡ് ചെയ്തത്. 1971 ലെ ജമ്മു കശ്മീർ സിഎസ്ആർ, ജമ്മു കശ്മീർ ഗവൺമെന്റ് എംപ്ലോയീസ് (പെരുമാറ്റ) ചട്ടങ്ങളിലെ വ്യവസ്ഥകൾ ലംഘിച്ചതിനാണ് സസ്പെൻഡ് ചെയ്തതെന്ന് ഉത്തരവിൽ പറഞ്ഞിരുന്നു.

എന്നാൽ, ആർട്ടിക്കിൾ 370 ൽ വരുത്തിയ മാറ്റങ്ങൾ ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് സമ്മേളിച്ചപ്പോൾ, മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വിഷയം ഉന്നയിച്ചു. സുപ്രീംകോടതിയിൽ ഹാജരായതിന്റെ പിറ്റേദിവസമാണ് ഭട്ടിനെ സസ്പെൻഡ് ചെയ്തതെന്ന് കപിൽ സിബൽ ബെഞ്ചിനെ അറിയിച്ചു. വാർത്തകളെല്ലാം സത്യമാകണമെന്നില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചെങ്കിലും, സസ്പെൻഷൻ ഉത്തരവ് സിബൽ ബെഞ്ചിന് മുൻപാകെ സമർപ്പിച്ചു. ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്ന കേസിൽ ഹാജരായതിനെക്കുറിച്ചുള്ള പരാമർശം ഉത്തരവിലുണ്ടെന്നും സിബൽ പറഞ്ഞു.

ജമ്മു കശ്മീരിലെ ലെഫ്റ്റനന്റ് ഗവർണറോട് സംസാരിച്ച് എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കണമെന്ന് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടിരുന്നു. ഈ കേസിൽ ഹാജരായതിന് പിന്നാലെ എന്ത് സംഭവിച്ചുവെന്നും അദ്ദേഹം ചോദിച്ചു. കോടതിയിൽ ഹാജരായതും സസ്പെൻഷൻ ഉത്തരവ് പുറത്തിറക്കിയ തീയതികളും തമ്മിലുള്ള അടുപ്പം ജസ്റ്റിസ് ബി ആർ ഗവായ് ചൂണ്ടിക്കാട്ടി. ഉത്തരവിൽ ലക്ചറർ കേസിൽ ഹാജരായതിനെക്കുറിച്ച് പരാമർശമുണ്ടെങ്കിൽ അതിൽ പ്രശ്നമുണ്ടെന്ന് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളും പറഞ്ഞിരുന്നു. ആർട്ടിക്കിൾ 370 റദ്ദാക്കിയ രീതിയെക്കുറിച്ച് ആഴത്തിലുള്ള ആശങ്ക അറിയിച്ചുകൊണ്ട് ഓഗസ്റ്റ് 24നാണ് സാഹൂർ അഹ്മദ് ഭട്ട് സുപ്രീംകോടതിയിൽ ഹാജരായത്.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം