സമരം ചെയ്തവരെ പോലീസ് വീട്ടില്‍ കയറി മർദിച്ചതിനെ തുടർന്ന് ബിഹാർ ബക്സറിലെ കർഷക പ്രതിഷേധം അക്രമാസക്തമായി. ചൗസ താപവൈദ്യുതി നിലയത്തിനായി സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിക്ക് കൂടുതല്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള സമരമാണ് സംഘർഷത്തിലെത്തിയത്. പോലീസ് വാഹനങ്ങള്‍ ഉള്‍പ്പടെയുള്ള നിരവധി സര്‍ക്കാര്‍ വാഹനങ്ങള്‍ സമരക്കാര്‍ അടിച്ചുതകര്‍ത്തു. കഴിഞ്ഞ ദിവസം രാത്രി പോലീസ് കര്‍ഷകരുടെ വീടുകളില്‍ അതിക്രമിച്ച് കയറി സമരക്കാരെ ക്രൂരമായി മര്‍ദിച്ചിരുന്നു. പിന്നാലെയാണ്, സമരക്കാർ പ്രതിഷേധം ശക്തമാക്കിയത്.
സ്ത്രീകളെയടക്കം പോലീസ് മര്‍ദിക്കുന്ന മൊബൈല്‍ ദ്യശ്യങ്ങള്‍ കര്‍ഷകര്‍ കഴിഞ്ഞ ദിവസം പുറത്തുവിടുകയും ചെയ്തു. മുഫാസില്‍ പോലീസ് സ്‌റ്റേഷനിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായ അമിത് കുമാറാണ് അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയതെന്നാണ് പ്രദേശവാസികളുടെ ആരോപണം. എന്നാല്‍ പോലീസ് ഇത് നിഷേധിച്ചു, സമരക്കാര്‍ തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന വാദമാണ് പോലീസ് ഉയര്‍ത്തുന്നത്.
ഭൂമിയേറ്റെടുക്കലിന് 12 വര്‍ഷം മുന്‍പ് നിശ്ചയിച്ച തുകയാണ് സര്‍ക്കാര്‍ ഇപ്പോഴും ഭൂവുടമകള്‍ക്ക് നല്‍കുന്നത്. ഇത് അംഗീകരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സമരം.