ജനപ്രതിനിധികളുടെ പ്രസംഗങ്ങളില്‍ അധിക നിയന്ത്രണം ഏര്‍പ്പെടുത്താനാകില്ലെന്ന് സുപ്രീം കോടതി. ഭരണഘടനയില്‍ പറയുന്ന നിയന്ത്രണങ്ങള്‍ മതിയാകുമെന്നും സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. ഒരു മന്ത്രിയുടെ പ്രസ്താവന സര്‍ക്കാരിന്റെ നിലപാട് ആയി വ്യഖ്യാനിക്കാനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ എസ്. അബ്ദുള്‍ നസീര്‍, ബി ആര്‍ ഗവായ്, എ എസ് ബൊപ്പണ്ണ, വി രാമസുബ്രഹ്‌മണ്യന്‍, ബി വി നാഗരത്‌ന എന്നിവരുള്‍പ്പെട്ട ഭരണഘടനാ ബെഞ്ചിന്റേതാണ് വിധി.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(1)(എ) പ്രകാരം ആര്‍ട്ടിക്കിള്‍ 19(2) എന്നിവയ്ക്ക് പുറത്തുള്ള അധിക നിയന്ത്രണങ്ങള്‍ മന്ത്രിമാരുടെയും എംപിമാരുടെയും എംഎല്‍എമാരുടെയും പ്രസംഗങ്ങള്‍ക്ക് ഏര്‍പ്പെടുത്താനാകില്ല. ഭരണഘടന മുന്നോട്ട് വയ്ക്കുന്ന അഭിപ്രായസ്വാതന്ത്ര്യം പ്രധാനമാണെന്നും സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി.
അതേസമയം, വിധിയോട് യോജിക്കുമ്പോഴും സുപ്രധാന നിരീക്ഷണങ്ങളാണ് ജസ്റ്റിസ് ബി വി നാഗരത്‌ന വിധിയില്‍ കൂട്ടിച്ചേര്‍ക്കുന്നത്. വിദ്വേഷ പ്രസംഗങ്ങളെ രൂക്ഷമായ ഭാഷയിലാണ് ജ. ബി വി നാഗരത്ന വിമര്‍ശിച്ചത്. വിദ്വേഷ പ്രസംഗങ്ങള്‍ ഇന്ത്യ പോലെ ബഹുസ്വരതയില്‍ വിശ്വസിക്കുന്ന രാഷ്ട്രത്തിന് ചേരുന്നതല്ല. തുല്ല്യത, സ്വാതന്ത്ര്യം, സാഹോദര്യം എന്നിവയെ തകര്‍ക്കുന്നത്. സ്ത്രീകളുടെ ആത്മാഭിമാനം മാനിക്കണം, അത് പാലിക്കാന്‍ പൗരന്‍മാര്‍ക്ക് ബാധ്യതയുണ്ടെന്നും ജ. നാഗരത്‌ന വ്യക്തമാക്കുന്നു.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(2) പ്രകാരമുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂടുതല്‍ നിയന്ത്രണം ആവശ്യമില്ലന്ന ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷ വിധിയോട് ജ. ബി വി നാഗരത്‌ന അനുകൂലിച്ചു. എന്നാല്‍, ഔദ്യോഗിക പദവിയില്‍ ഇരുന്നുകൊണ്ട് അവഹേളനപരമായ പ്രസ്താവനകള്‍ നടത്തിയാല്‍ അതിന് സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്. എന്നാല്‍, മന്ത്രിമാരുടെ പ്രസ്താവനകള്‍ സര്‍ക്കാരിന്റെ നിലപാടുമായി പൊരുത്തപ്പെടാത്തതാണെങ്കില്‍ അത് വ്യക്തിപരമായ പരാമര്‍ശമായി കണക്കാക്കുമെന്നും ജ. ബി വി നാഗരത്‌ന ചൂണ്ടിക്കാട്ടുന്നു.
വിദ്വേഷ പ്രസംഗങ്ങള്‍ ഇന്ത്യ പോലെ ബഹുസ്വരതയില്‍ വിശ്വസിക്കുന്ന രാഷ്ട്രത്തിന് ചേരുന്നതല്ലജ. ബി വി നാഗരത്‌ന
മന്ത്രിസ്ഥാനത്തിരിക്കെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ നേതാക്കള്‍ നടത്തിയ പ്രസംഗങ്ങളുമായി ബന്ധപ്പെട്ട നിയമ പ്രശ്‌നങ്ങളാണ് സുപ്രീം കോടതി പരിഗണിച്ചത്. സിപിഎം നേതാവും മുൻ മന്ത്രിയുമായ എം എം മണി, ഉത്തര്‍പ്രദേശ് മന്ത്രിയും സമാജ്‍വാദി പാര്‍ട്ടി നേതാവുമായ അസം ഖാന്‍ എന്നിവരുടെ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരായ പരാതികളും ഇതില്‍ ഉള്‍പ്പെട്ടിരുന്നു.