അര്‍ബുദ മരുന്നുകളുടെ ചരക്ക് സേവന നികുതി നിരക്ക് 12 ശതമാനത്തില്‍നിന്ന് അഞ്ച് ശതമാനമായി കുറച്ചതായി ധനമന്ത്രി നിര്‍മല സീതാരാമന്‍. തിരഞ്ഞെടുത്ത ലഘുഭക്ഷണങ്ങളുടെ ജിഎസ്ടി നിരക്ക് 18 ശതമാനത്തില്‍നിന്ന് 12 ശതമാനമായി കുറച്ചതായും 54-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിനുശേഷം ധനമന്ത്രി വ്യക്തമാക്കി.
നവംബറില്‍ നടക്കുന്ന അടുത്ത യോഗത്തില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയത്തിന് ജിഎസ്ടി കുറയ്ക്കുന്നതില്‍ തീരുമാനമുണ്ടാകും. മെഡിക്കല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിരക്ക് കുറയ്ക്കാന്‍ ശിപാര്‍ശ ചെയ്യുന്നതിനായി മന്ത്രിതല സംഘവും രൂപീകരിച്ചിട്ടുണ്ട്.
ഓക്ടോബര്‍ അവസാനത്തോടെ ഈ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ പാര്‍ലമെന്‌റ് സമ്മേളനത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ വിഷയം സഭയില്‍ ഉന്നയിച്ചിരുന്നു. ഓണ്‍ലൈന്‍ ഗെയിമിങ്ങില്‍നിന്നുള്ള വരുമാനം 412 ശതമാനം വര്‍ധിച്ചു 6,909 കോടിയായി. ആറുമാസത്തിലാണ് ഈ തുക ലഭിച്ചതെന്നും മന്ത്രി പറഞ്ഞു.
കാന്‍സര്‍ മരുന്നുകളുടെ നികുതി അഞ്ച് ശതമാനമാക്കി കുറച്ചതാണ് യോഗം കൈക്കൊണ്ട നിര്‍ണായക തീരുമാനം. ഇതിനു പുറമേ ഇന്നത്തെ യോഗത്തില്‍ ഹെല്‍ത്ത്-ലൈഫ് ഇന്‍ഷുറന്‍സ് എന്നിവയുടെ നികുതി കുറയ്ക്കാനും മുതിര്‍ന്ന പൗരന്മാരെ ഈ നികുതിയില്‍ നിന്ന് ഒഴിവാക്കാനും തീരുമാനം കൈക്കൊള്ളുമെന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ സമവായത്തിലെത്താന്‍ കഴിഞ്ഞില്ല.
ഇതില്‍ ധാരണയുണ്ടാക്കാനാണ് പ്രത്യേക മന്ത്രിതല സമിതി രൂപീകരിച്ചത്. ഈ സമിതി ഒക്‌ടോബര്‍ അവസാനത്തോടെ റിപ്പോര്‍ട്ട് നല്‍കും. നവംബറില്‍ ചേരുന്ന അടുത്ത ജിഎസ്ടി കൗണ്‍സില്‍ യോഗത്തിനു ശേഷം ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കുമെന്നും അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.
2000 രൂപയ്ക്ക് താഴെയുള്ള ഇടപാടുകളിൽ നിന്ന് ഓൺലൈൻ പേയ്മെന്റ് സേവനദാതാക്കൾ നേടുന്ന വരുമാനത്തിന് 18 ശതമാനം ജിഎസ്ടി ഈടാക്കണമെന്ന നിര്‍ദേശം തല്‍ക്കാലം നടപ്പാക്കില്ല. ചെറിയ ഓണ്‍ലൈന്‍ പേയ്‌മെന്‌റുകള്‍ നടത്തുന്ന ഉപഭോക്താക്കളെ ബാധിക്കുന്ന വിഷയം കൂടുതല്‍ അവലോകനത്തിനായി ജിഎസ്ടി ഫിറ്റ്‌മെന്‌റ് കമ്പനിക്ക് നല്‍കുമെന്ന് ഉത്തരാഖണ്ഡ് ധനമന്ത്രി പ്രേംചന്ദ് അഗര്‍വാള്‍ പറഞ്ഞു. ഇതോടൊപ്പം തീര്‍ഥാടകര്‍ക്കും വിനോദ സഞ്ചാരികള്‍ക്കുമുള്ള ഹെലികോപ്ടര്‍ സേവനങ്ങളുടെ ജിഎസ്ടി 18 ശതമാനത്തില്‍നിന്ന് അഞ്ച് ശതമാനമായി കുറയ്ക്കാനും തീരുമാനമായിട്ടുണ്ട്.