INDIA

അദാനി ബന്ധമുള്ള കമ്പനിക്ക് ഭൂമിവിറ്റു, പണം ഇലക്ടറൽ ബോണ്ടാക്കി; ദളിത് കുടുംബത്തില്‍നിന്ന് ബിജെപി കൈക്കലാക്കിയത് 10 കോടി

ബിജെപിക്ക് ലഭിച്ച പണത്തിന്റെ വഴികളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരമാണ് പുതുതായി പുറത്തുവന്നിരിക്കുന്നത്

വെബ് ഡെസ്ക്

ഇലക്ട്രല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നതോടെ വെളിപ്പെട്ടത് രാഷ്ട്രീയ - കുത്തക കമ്പനികളുടെ അവിശുദ്ധ കൂട്ടുകെട്ടുകളും അവിശ്വസനീയമായ കഥകളായിരുന്നു. സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്ന് എസ്ബിഐ വെളിപ്പെടുത്തിയ വിവരങ്ങളില്‍, ഏറ്റവും കൂടുതല്‍ പണം ഇലക്ടറല്‍ ബോണ്ട് വഴി ലഭിച്ചത് ബിജെപിക്കാണെന്ന് വ്യക്തമായിരുന്നു. ആറായിരം കോടി രൂപയാണ് ബിജെപിക്ക് കിട്ടിയത്. ഇക്കൂട്ടത്തിൽ ഒരു ദളിത് കർഷകകുടുംബത്തെ കബളിപ്പിച്ച് സ്വന്തമാക്കിയ 10 കോടി രൂപയുമുണ്ടെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം.

ഗുജറാത്തിലെ ഒരു ദളിത് കര്‍ഷക കുടുംബത്തിൽനിന്നാണ് ബിജെപി 10 കോടി രൂപ കൈക്കലാക്കിയത്. അദാനി ഗ്രൂപ്പുമായി ബന്ധമുള്ള വെല്‍സ്പന്‍ എന്റര്‍പ്രൈസസ് എന്ന കമ്പനിയാണ് ഈ കര്‍ഷകരെ പറ്റിച്ച് ഇലക്ടറൽ ബോണ്ട് എടുപ്പിച്ചത്. ദി ക്വിന്റ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വെളിപ്പടുത്തലുകളാണുള്ളത്.

2023 ഒക്ടോബര്‍ 11-നാണ് ഗുജറാത്തിലെ അന്‍ജാറില്‍ 11 കോടി പതിനാലായിരം രൂപയുടെ ഇലക്ടറല്‍ ബോണ്ടുകള്‍ ദളിത് കര്‍ഷക കുടുംബത്തിലെ ആറ് അംഗങ്ങളുടെ പേരില്‍ വാങ്ങിയത്. അന്‍ജാറിലെ കര്‍ഷകനായ ഹരീഷ് സവാകരയുടെയും കുടുംബാംഗങ്ങളുടെയും പേരിലായിരുന്നു ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങിയത്. വെല്‍സ്പന്‍ എന്റര്‍പ്രൈസസിന് തങ്ങളുടെ കൃഷിഭൂമി ഈ കുടംബം വിറ്റിരുന്നു. ലഭിച്ച പണം ആദായനികുതി നടപടികളിൽനിന്ന് ഒഴിവാകാൻ ഇലക്ടറൽ ബോണ്ടിൽ നിക്ഷേപിക്കുന്നതാണ് ഉചിതമെന്ന് പറഞ്ഞ് കമ്പനി അതിന് പ്രേരിപ്പികുകയായിരുന്നു.

എന്നാല്‍, ഈ ബോണ്ട് പിന്നീട് പണമാക്കി മാറ്റിയത് ബിജെപിയാണ്. പത്തു കോടി രൂപയാണ് ബിജെപി പണമാക്കിയത്. ബാക്കി ഒരു കോടി പതിനാലായിരം രൂപ ശിവസേനയും പണമാക്കി മാറ്റി. 2023 ഒക്ടോബര്‍ 16-ാനാണ് ബിജെപി പത്തുകോടിയുടെ ഇലക്ടറല്‍ ബോണ്ട് പണമാക്കി മാറ്റിയത്. രണ്ടുദിവസം കഴിഞ്ഞ് ശിവസേനയും ഇലക്ടറല്‍ ബോണ്ട് പണമാക്കി മാറ്റി. തങ്ങള്‍ നിക്ഷേപിച്ച പണം എങ്ങനെ ബിജെപി ഇലക്ടറല്‍ ബോണ്ടാക്കി കൈപ്പറ്റി എന്നറിയാതെ അമ്പരപ്പിലാണ് ഇവര്‍.

തങ്ങള്‍ കബളിക്കപ്പെടുകയായിരുന്നു എന്ന് വൈകിയാണ് കുടുംബം മനസിലാക്കിയത്. 2005-ലാണ് അദാനി ഗ്രൂപ്പ് വെല്‍സ്പന്‍ കമ്പനിയുമായി ചേര്‍ന്ന് അദാനി വെല്‍സ്പന്‍ എക്‌സ്‌പ്ലോറേഷന്‍ എന്ന പേരില്‍ കമ്പനി ആരംഭിച്ചത്. അദാനി ഗ്രൂപ്പിന് 65 ശതമാനവും വെല്‍സ്പണിന് 35 ശതമാനവും ഓഹരിയുള്ള കമ്പനിയാണിത്.

തട്ടിപ്പിന്റെ കഥ

ബിജെപിക്കും വെല്‍സ്പണിനും ഒരുപോലെ പങ്കുള്ള തട്ടിപ്പിന്റെ കഥ തുടങ്ങുന്നത്, അന്‍ജാറിലെ ഈ കുടുംബത്തിന്റെ പേരിലുള്ള 43,000 ചതുരശ്ര അടി കൃഷിഭൂമി വെല്‍സ്പണ്‍ ഏറ്റെടുക്കുന്നതോടെയാണ്. ഭൂമി ഏറ്റെടുത്തതിന് ലഭിച്ച തുകയായിരുന്നു പതിനൊന്നു കോടി. പണം നിക്ഷേപിക്കുന്ന സമയത്ത്, വെല്‍സ്പണിലെ ഒരു സീനിയര്‍ ജനറല്‍ മാനേജര്‍ കുടുംബത്തെ സഹായിക്കാനെത്തി. ഇത്രയും വലിയ പണം ബാങ്കില്‍ നിക്ഷേപിച്ചാല്‍ ആദായനികുതി പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഇയാൾ കർഷകകുടുംബത്തോട് പറഞ്ഞു. പകരം ഇലക്ടറല്‍ ബോണ്ട് എന്നൊരു പുതിയ പദ്ധതിയുണ്ടെന്നും പണം ഇരട്ടിയായി തിരിച്ചെടുക്കാന്‍ പറ്റുമെന്നും ഇയാള്‍ കുടുംബത്തെ പറഞ്ഞ് വിശ്വസിപ്പിച്ചു.

''ഞങ്ങള്‍ വിദ്യാഭ്യാസമില്ലാത്തവരാണ്. എന്താണ് ഈ പദ്ധതിയെന്ന് ഞങ്ങള്‍ക്ക് കൃത്യമായി അറിയില്ലായിരുന്നു. എന്നാല്‍, ആ സമയത്ത് ആ വാഗ്ദാനങ്ങളിൽ ഞങ്ങള്‍ വിശ്വസിച്ചുപോയി''
കുടുംബാംഗം ഹരീഷ് സവകാരയുടെ വാക്കുകള്‍.

2024 മാര്‍ച്ച് 18-നാണ് കുടുംബം ഇതുസംബന്ധിച്ച പരാതി അന്‍ജാര്‍ പോലീസിന് നല്‍കുന്നത്. എന്നാല്‍ ഇതുവരെയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് തയാറായിട്ടില്ല. പരാതി പരിശോധിച്ചുവരികയാണെന്നും അന്വേഷിച്ചു നടപടി സ്വീകരിക്കുമെന്നുമാണ് പോലീസ് വിശദീകരണം.

2023 ഓഗസ്റ്റിലാണ് കമ്പനി ഇവരുടെ ഭൂമി വാങ്ങുന്നതിന് ജില്ലാ ഭരണകൂടം അനുമതി നല്‍കിയത്. 16.61 കോടി രൂപയ്ക്കാണ് കച്ചവടം ഉറപ്പിച്ചത്. ഇതില്‍, 2.8 ലക്ഷം അഡ്വാന്‍സായി ലഭിച്ചു. ബാക്കിയുള്ള 13.81 ലക്ഷം ഭൂമിയുടെ ഏഴ് ഉടമസ്ഥരുടെ ജോയിന്റ് അക്കൗണ്ടിലേക്ക് കൈമാറി.

2023 ഒക്ടോബര്‍ ഒന്നിനും എട്ടിനും ഇടയില്‍, ഏറ്റെടുക്കല്‍ പ്രക്രിയയില്‍ ഏര്‍പ്പെട്ടിരുന്ന വെല്‍സ്പണ്‍ ജീവനക്കാരനായ മഹേന്ദ്രസിങ് സോധ, കമ്പനി കോമ്പൗണ്ടിലെ ഗസ്റ്റ് ഹൗസില്‍ വെച്ച് കുടുംബവുമായി നാല് തവണ കൂടിക്കാഴ്ച നടത്തി. ഇലക്ടറല്‍ ബോണ്ടില്‍ പണം നിക്ഷേപിക്കാന്‍ ഇയാള്‍ അവരെ പ്രേരിപ്പിച്ചു. ബിജെപി അന്‍ജാര്‍ സിറ്റി പ്രസിഡന്റ് ഹേമന്ത് രജ്‌നികാന്ത് ഷായും ഈ കൂടിക്കാഴ്ചകളിൽ പങ്കെടുത്തിരുന്നതായി കുടുംബം പരാതിയില്‍ ആരോപിക്കുന്നുണ്ട്. എന്നാല്‍, ഈ ആരോപണം ഷാ നിഷേധിച്ചു.

2022 മുതലാണ് കമ്പനി വിവിധ വ്യക്തികളില്‍നിന്ന് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിച്ചത്. ഒരു ചതുരശ്ര അടിക്ക് 17,500 രൂപയാണ് ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള ജില്ലാതല ഭൂമി ഏറ്റെടുക്കല്‍ കമ്മിറ്റി വിലയിട്ടിരുന്നത്. ഗുജറാത്ത് സര്‍ക്കാരിന്റെ കൃഷി ഭൂമി വില്പന നിയമമനുസരിച്ചുള്ള വിലയാണ് കലക്ടര്‍ നിശ്ചയിച്ചത്. ഈ കണക്ക് അനുസരിച്ചാണെങ്കില്‍, ഏകദേശം 76 കോടി രൂപയോളം കമ്പനി നല്‍കേണ്ടതായിരുന്നു. എന്നാല്‍, ഇതിന് വെല്‍സ്പണ്‍ തയാറായില്ല. പിന്നീട് ഒരുവര്‍ഷത്തോളം പദ്ധതി മുന്നോട്ടുപോകാതെ കിടന്നു.

ജമീന്ദാരി സമ്പ്രദായം നിര്‍ത്തലാക്കിയശേഷം 1960-കളില്‍ നടപ്പിലാക്കിയ ഭൂനിയമം, ഒരു വ്യക്തിക്കോ കമ്പനിക്കോ എത്ര ഭൂമി കൈവശം വയ്ക്കാമെന്നതിന് പരിധി നിശ്ചയിച്ചു. മിച്ചഭൂമി ഭൂരഹിതര്‍ക്ക് നല്‍കാനും ഈ നിയമം വഴി സാധിച്ചു.

കമ്മിറ്റി ഏറ്റെടുക്കല്‍ നിരക്ക് നിശ്ചയിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ ഏറ്റെടുക്കല്‍ പ്രക്രിയ പൂര്‍ത്തിയാക്കിയില്ലെങ്കില്‍, നടപടി വീണ്ടും ആരംഭിക്കേണ്ടിവരും. ഈ കേസില്‍, കാലാവധി കഴിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ, അന്നത്തെ കച്ച് ഡപ്യൂട്ടി കളക്ടര്‍ മെഹുല്‍ ദേശായി മുന്‍കൈയെടുത്ത് ചര്‍ച്ചകള്‍ പുനഃരാരംഭിച്ചു. ശേഷം, 16 കോടിക്ക് കച്ചവടം ഉറപ്പിക്കുകയായിരുന്നു.

ഇതോടെ, ഭൂമി ഏറ്റെടുക്കലില്‍ വലിയ അഴിമതി നടന്നെന്ന് ആരോപിച്ച് സാമൂഹികപ്രവര്‍ത്തകര്‍ രംഗത്തുവന്നു. ഭൂമി ഏറ്റെടുക്കല്‍ കമ്മിറ്റിയുടെ മേധാവി ഡെപ്യൂട്ടി കളക്ടറല്ല. ചട്ടം മറികടന്ന് ഡെപ്യൂട്ടി കളക്ടര്‍ ഇതില്‍ ഇടപെട്ടത് എന്തിനാണെന്ന് അന്ന് ചോദ്യം ഉയര്‍ന്നിരുന്നു. അതേസമയം, ആരോപണങ്ങളെക്കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്നും ഇവ അടിസ്ഥാനരഹിതമാണെന്നുമാണ് ഡെപ്യൂട്ട് കലക്ടറുടെ പക്ഷം. ഭൂമി ഏറ്റെടുക്കല്‍ കമ്മിറ്റിക്ക് ഈ ഇടപാടുമായി യാതൊരു ബന്ധവുമില്ലെന്നും സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പാലിച്ചാണ് ഭൂമി കൈമാറ്റം നടന്നതെന്നും അദ്ദേഹം പറയുന്നു.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍