രൂപീകരണം മുതല്‍ മദ്യനിരോധം നിലനില്‍ക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്. 63 വര്‍ഷത്തിനുശേഷം, മദ്യനിരോധനം ഭാഗികമായി പിന്‍വലിച്ചിരിക്കുകയാണ് ഗുജറാത്ത് സര്‍ക്കാര്‍. ഇന്റര്‍നാഷണല്‍ ഫിനാന്‍സ് സിറ്റിയായി വികസിപ്പിച്ചുകൊണ്ടുവരുന്ന ഗിഫ്റ്റ് സിറ്റിയിലാണ് മദ്യം വില്‍ക്കുന്നതിനും കഴിക്കുന്നതിനും കൈവശം വയ്ക്കുന്നതിനും സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.
ഗിഫ്റ്റ് സിറ്റി പരിധിക്കുള്ളില്‍ വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും കമ്പനി ഉടമകള്‍ക്കും മദ്യപിക്കാനുള്ള അനുമതി ലഭിക്കും. കൂടാതെ സ്ഥിര ജീവനക്കാരുടെ സാന്നിധ്യത്തില്‍ ഇവിടുത്തെ ക്ലബ്ബുകളിലും മറ്റ് സ്ഥാപനങ്ങളിലും എത്തുന്ന സന്ദര്‍ശകര്‍ക്ക് മദ്യം ഉപയോഗിക്കാനുള്ള താത്കാലിക പെര്‍മിറ്റും ലഭിക്കും.
ഗിഫ്റ്റ് സിറ്റിയിലെ ക്ലബുകള്‍ റസ്റ്ററന്റുകള്‍, ഹോട്ടലുകള്‍ എന്നിവയ്ക്ക് എഫ്എല്‍-3 ലൈസന്‍സ് വഴി വൈന്‍ ആന്‍ഡ് ഡൈന്‍ സൗകര്യം ലഭ്യമാക്കും. ഈ ലൈസന്‍സിന് കീഴില്‍ ഗിഫ്റ്റ് സിറ്റിയിലെ ജീവനക്കാര്‍ക്കും അംഗീകൃത സന്ദര്‍ശകര്‍ക്കും മദ്യം ഉപയോഗിക്കാവുന്നതാണ്.
ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍, ക്ലബ്ബുകള്‍ എന്നിവിടങ്ങളിലാണ് മദ്യം ഉപയോഗിക്കാന്‍ സാധിക്കുക. എന്നാല്‍ ഇവിടങ്ങളില്‍ മദ്യക്കുപ്പി വില്‍ക്കാന്‍ അനുമതിയുണ്ടായിരിക്കുന്നതല്ല.
എന്താണ് ഗിഫ്റ്റ് സിറ്റി?
ടാക്‌സ് ന്യൂട്രല്‍ ഫിനാന്‍സ് സെന്ററാണ് ഗിഫ്റ്റ് സിറ്റി. നഗരത്തെ ഒരു നവകാല സാമ്പത്തിക കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ മദ്യനിരോധത്തില്‍ ഇളവ് വരുത്തിയിരിക്കുന്നത്. 2008-മുതലാണ് ഗിഫ്റ്റ് സിറ്റിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയായി സബര്‍മതി നദിയുടെ തീരത്താണ് ഗുജറാത്ത് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ടെക് സിറ്റി സ്ഥിതി ചെയ്യുന്നത്. 886 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന ഗിഫ്റ്റ് സിറ്റിയുടെ 261 ഏക്കറിലുള്ള പ്രദേശം പ്രത്യേക സാമ്പത്തിക മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ 23 അന്താരാഷ്ട്ര ബാങ്കുകളും രണ്ട് ഇന്റര്‍നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.
ഗുജറാത്തിലെ മദ്യനിരോധനം
ഇന്ത്യയില്‍ സമ്പൂര്‍ണ മദ്യ നിരോധനം നിലനില്‍ക്കുന്ന നാല് സംസ്ഥാനങ്ങളാണ് ഗുജറാത്ത്, ബിഹാര്‍, മിസോറാം, നാഗാലന്‍ഡ് എന്നിവ. ഗുജറാത്ത് സംസ്ഥാനം രൂപീകരിക്കുന്നതിന് മുന്‍പുണ്ടായിരുന്ന പഴയ ബോംബെ സംസ്ഥാനത്ത് മദ്യനിരോധനം നിലനിന്നിരുന്നു. 1948 മുതല്‍ 1950വരെയും 1958ലും ബോംബെ സംസ്ഥാനത്ത് മദ്യനിരോധനം ഉണ്ടായിരുന്നു. 1960ല്‍ ബോംബെ സംസ്ഥാനം വിഭജിച്ച് മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളായി. ഗുജറാത്ത് സംസ്ഥാനം രൂപീകരിച്ചപ്പോള്‍ ഈ നിയമത്തില്‍ മാറ്റം വന്നില്ല. വ്യാജമദ്യ നിര്‍മാണത്തിനും വില്‍പ്പനയ്ക്കും വധശിക്ഷവരെ ലഭിക്കുന്ന ഏക സംസ്ഥനമാണ് ഗുജറാത്ത്.
മദ്യനിരോധനം നിലനില്‍ക്കുന്നുണ്ടെങ്കിലും ഗുജറാത്തില്‍ വ്യാജമദ്യ ദുരന്തങ്ങള്‍ തുടര്‍ക്കഥയാണ്. മദ്യക്കടത്തും അനധികൃത വില്‍പ്പനയും പതിവാണ്. 15 കൊല്ലത്തിനിടെ ഗുജറാത്തില്‍ വ്യാജ മദ്യ ദുരന്തങ്ങളില്‍ മരിച്ചവരുടെ എണ്ണം 845ആണ്. 2022-ല്‍ നടന്ന മദ്യദുരന്തത്തില്‍ 42പേരാണ് മരിച്ചത്. 2009-ല്‍ ഉണ്ടായ ദുരന്തത്തില്‍ 120 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.
ഗുജറാത്തിലെ മദ്യ നിരോധനം എടുത്തുമാറ്റണമെന്ന് ഓരോ ദുരന്തം കഴിയുമ്പോഴും പ്രതിപക്ഷം ആവശ്യപ്പെടാറുണ്ട്. എന്നാല്‍, സര്‍ക്കാര്‍ ഈ ആവശ്യങ്ങളോട് മുഖം തിരിക്കാറാണ് പതിവ്. ഗിഫ്റ്റ് സിറ്റിയിലെ മദ്യ നിരോധന ഇളവിന് പിന്നാലെ, സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. സാമ്പത്തികമായി ഉയര്‍ന്ന തട്ടിലുള്ളവര്‍ക്കായി മാത്രം മദ്യ നിരോധനം പിന്‍വലിക്കുന്നത് വിരോധാഭാസമാണെന്നാണ് വിമര്‍ശനം.