ഗോധ്ര ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതികൾക്ക് കാലാവധി പൂർത്തിയാകുന്നതിന് മുൻപ് മോചനത്തിന് അർഹതയില്ലെന്ന് ഗുജറാത്ത് സർക്കാർ സുപ്രീംകോടതിയിൽ. പ്രതികള്‍ക്കെതിരെ ടാഡ വ്യവസ്ഥകൾ ചുമത്തിയിരിക്കുന്നതിനാൽ, സംസ്ഥാന നയമനുസരിച്ച് മോചനം നല്‍കാനാവില്ലെന്നാണ് സംസ്ഥാന സർക്കാരിൻ്റെ വാദം. കേസിലെ പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് ജെ ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിച്ചത് . കുറ്റകൃത്യത്തിൻ്റെ തീവ്രത കണക്കിലെടുത്ത് കേസ് അപൂർവങ്ങളിൽ അപൂർവമായി കണക്കാക്കണമെന്ന് ഗുജറാത്ത് സർക്കാർ ആവശ്യപ്പെട്ടു.
ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഫറൂക്ക് എന്ന പ്രതിക്ക് 17 വർഷം തടവ് ശിക്ഷ ലഭിച്ച ശേഷം ഡിസംബർ 15ന് കോടതി ജാമ്യം അനുവദിച്ചിരുന്നു
പ്രതികളില്‍ ഒരാളുടെ ആരോഗ്യനില പരിഗണിച്ച് ബെഞ്ച് നേരത്തെ ജാമ്യം അനുവദിച്ച കാര്യം ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഫറൂക്ക് എന്ന പ്രതിക്ക് 17 വർഷം തടവ് ശിക്ഷ ലഭിച്ച ശേഷം ഡിസംബർ 15ന് കോടതി ജാമ്യം അനുവദിച്ചിരുന്നു. ആ സാഹചര്യത്തില്‍ ഗുജറാത്ത് സ്റ്റേറ്റിൻ്റെ അകാല മോചന നയമനുസരിച്ച് അയാളെ വിട്ടയക്കുമോ എന്നും കോടതി ചോദിച്ചു. പ്രതികൾക്കെതിരെ ടാഡ വകുപ്പുകൾ ചുമത്തിയതിനാൽ അകാല മോചനത്തിനായി പരിഗണിക്കാൻ യോഗ്യരല്ലെന്നായിരുന്നു സംസ്ഥാന സർക്കാരിനായി ഹാജരായ സോളിസിറ്റർ ജനറല്‍ തുഷാർ മേത്തയുടെ മറുപടി.
2002 ഫെബ്രുവരി 27നാണ് ഗോധ്ര സ്റ്റേഷന് സമീപം സബർമതി എക്‌സ്പ്രസിൻ്റെ ബോഗി അഗ്നിക്കിരയാക്കി കൊണ്ട് ആക്രമണം നടക്കുന്നത്. 52ലധികം പേരുടെ മരണത്തിന് ഇടയാക്കിയ ആക്രമണത്തിൽ 31 പ്രതികൾക്ക് ജീവപര്യന്തം അടക്കമുള്ള ശിക്ഷയാണ് കോടതി വിധിച്ചത്. 2011 മാർച്ചിൽ വിചാരണക്കോടതി 31 പേരെ കുറ്റക്കാരായി കണ്ടെത്തുകയും അതിൽ 11 പേർക്ക് വധശിക്ഷയും ബാക്കി 20 പേർക്ക് ജീവപര്യന്തം തടവും വിധിച്ചിരുന്നു. മറ്റ് 63 പ്രതികളെ വെറുതെ വിട്ടു. 2017ൽ ഗുജറാത്ത് ഹൈക്കോടതി 11 പേരുടെ വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്യുകയും മറ്റ് 20 പേർക്ക് ജീവപര്യന്തം ശിക്ഷ വിധിക്കുകയും ചെയ്തു.