INDIA

ജസ്റ്റിസ് ഹേമന്ത് എം പ്രച്ഛക്: ഗുജറാത്ത് വംശഹത്യക്കേസിൽ മായ കോട്നാനിയുടെ അഭിഭാഷകൻ

സൂറത്ത് സെഷൻസ് കോടതിയിൽ രാഹുലിന്റെ അപ്പീൽ ഹർജി കേട്ടിരുന്ന ജഡ്ജി റോബിൻ പോൾ മൊഗേരയ്ക്കും അത്തരമൊരു ബിജെപി ബന്ധത്തിന്റെ ചരിത്രമുണ്ട്

വെബ് ഡെസ്ക്

'മോദി പരാമർശ'വുമായി ബന്ധപ്പെട്ട അപകീർത്തി കേസിൽ ശിക്ഷിച്ച സൂറത്ത് സെഷൻസ് കോടതി വിധിക്കെതിരായ രാഹുൽ ഗാന്ധിയുടെ അപ്പീൽ ഹർജി ഗുജറാത്ത് ഹൈക്കോടതി തള്ളിയിരിക്കുന്നു. സൂറത്ത് കോടതി വിധിക്കെതിരെ സെഷൻസ് കോടതിയെയാണ് രാഹുൽ ആദ്യം സമീപിച്ചത്. സെഷൻസ് കോടതിയിൽനിന്ന് അനുകൂല വിധി ലഭിക്കാതായതോടെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ രണ്ട് അപ്പീൽ ഹർജികളും പരിഗണിച്ച ജഡ്ജിമാർക്ക് ബിജെപി ബന്ധമുണ്ടെന്നാണ് 'ദി വയർ' റിപ്പോർട്ട് ചെയ്യുന്നത്.

ജസ്റ്റിസ് ഹേമന്ത് എം പ്രച്ഛക് ആണ് ഗുജറാത്ത് ഹൈക്കോടതിയിൽ രാഹുലിന്റെ അപ്പീൽ ഹർജി പരിഗണിച്ചത്. അദ്ദേഹത്തിന്റെ അഭിഭാഷക കാലത്തെ ബിജെപി ബന്ധം ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. ബിജെപി നേതാവും മന്ത്രിയുമായിരുന്ന മായ കോട്നാനിയ്ക്കുവേണ്ടി 2002ലെ ഗുജറാത്ത് കലാപക്കേസിൽ ഹാജരായ അഭിഭാഷകൻ ഹേമന്ത് പ്രച്ഛക് ആയിരുന്നു. നരോദ പാട്യ, നരോദ ഗാം പ്രദേശങ്ങളിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ നൂറിലധികം മുസ്‌ലിങ്ങളെ ലക്ഷ്യമിട്ട് ആക്രമണങ്ങളുണ്ടായ സംഭവത്തിൽ ആദ്യം ശിക്ഷിക്കപ്പെട്ടെങ്കിലും പിന്നീട് മായാ കോട്നാനയടക്കമുള്ള എല്ലാ പ്രതികളെയും കേസ് പരിഗണിച്ച പ്രത്യേക കോടതി വെറുതെവിട്ടിരുന്നു. മായ കോട്നാനിക്ക് സജീവരാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവിന് പോലും വഴിവയ്ക്കുന്നതായിരുന്നു നിർണായക വിധി.

സൂറത്ത് കോടതിയുടെ വിധിയിൽ ഇളവ് തേടിയുള്ള രാഹുൽ ഗാന്ധിയുടെ ഹർജി ഏപ്രിൽ 27ന് ജസ്റ്റിസ് ഗീത ഗോപിയുടെ മുന്നിലാണ് പരിഗണനയ്ക്ക് വരാനിരുന്നത്. എന്നാൽ കേസ് താൻ കേൾക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അവർ പിന്മാറി. ഇതോടെയാണ് ജസ്റ്റിസ് ഹേമന്ത് പ്രച്ഛകിന് മുന്നിലേക്ക് രാഹുലിന്റെ അപേക്ഷയെത്തിയത്.

സൂറത്ത് സെഷൻസ് കോടതിയിൽ രാഹുലിന്റെ അപ്പീൽ ഹർജി കേട്ടിരുന്ന ജഡ്ജി റോബിൻ പോൾ മൊഗേരയ്ക്കും അത്തരമൊരു ബിജെപി ബന്ധത്തിന്റെ ചരിത്രമുണ്ട്. 2006ൽ തുളസിറാം പ്രജാപതി വ്യാജ ഏറ്റുമുട്ടൽ കേസിൽ അമിത് ഷായുടെ അഭിഭാഷകനായിരുന്നു അദ്ദേഹം. 2014ൽ കേസ് മുംബൈ സിബിഐ കോടതിയുടെ പരിഗണനയ്ക്ക് വിടുന്നതുവരെയും റോബിൻ പോൾ മൊഗേര അമിത് ഷായ്ക്കുവേണ്ടി ഗുജറാത്ത് കോടതിയിൽ ഹാജരായിരുന്നു. രണ്ട് വർഷത്തെ ശിക്ഷ വിധിച്ച കീഴ്ക്കോടതി വിധിക്കെതിരായ രാഹുലിന്റെ അപ്പീൽ ജസ്റ്റിസ് റോബിൻ പോൾ മൊഗേര ഏപ്രിൽ 20നാണ് തള്ളിയത്.

രാഹുലിന്റെ അപ്പീൽ കോടതി അംഗീകരിച്ചിരുന്നെങ്കിൽ അത് രാഷ്ട്രീയമായി വലിയ വിജയമാകുമായിരുന്നു. അദ്ദേഹത്തിന് എംപി സ്ഥാനം തിരിച്ച് കിട്ടുമായിരുന്നു. ഇനി സുപ്രീം കോടതിയിലാണ് നീതി തേടി അദ്ദേഹം പോകേണ്ടത്. സുപ്രീം കോടതിയും ശിക്ഷ ശരിവയ്ക്കുകയാണെങ്കിൽ അദ്ദേഹത്തിന് എട്ട് വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ