ഗർഭച്ഛിദ്രാനുമതി തേടിയ പ്രായപൂർത്തിയാകാത്ത അതിജീവിതയോട് പ്രതിയുമായി ധാരണയിലെത്താൻ എന്തെങ്കിലും സാധ്യതയുണ്ടോയെന്ന് ഗുജറാത്ത് ഹൈക്കോടതി. ഏഴ് മാസം ഗർഭിണിയായ പതിനേഴുകാരിയോടായിരുന്നു കോടതിയുടെ ചോദ്യം. ഇതേക്കുറിച്ച് സംസാരിക്കാനായി പ്രതിയെ കോടതിയിൽ ഹാജരാക്കാനും കോടതി നിർദേശം നൽകി.
ജസ്റ്റിസ് സമീർ ജെ. ദവെയുടേതാണ് നിർദ്ദേശം. മുൻപ് കഴിഞ്ഞ വാദത്തിനിടെ പെൺകുട്ടിയോട്, മുൻകാലങ്ങളിൽ 17 വയസിന് മുൻപ് പെൺകുട്ടികൾ പ്രസവിക്കുമായിരുന്നുവെന്നും മനുസ്‌മൃതി വായിക്കൂവെന്നുമുള്ള കോടതിയുടെ പരാമർശം വിവാദമായിരുന്നു.
ഏഴ് മാസം ഗർഭിണിയായ പതിനേഴുകാരിയുടെ ഗർഭച്ഛിദ്രത്തിന് അനുമതി തേടി കുട്ടിയുടെ അച്ഛനാണ് കോടതിയെ സമീപിച്ചത്. ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി, ഗർഭിണിയാണെന്ന വിവരം ഏഴ് മാസം പിന്നിടുമ്പോഴാണ് മാതാപിതാക്കൾ അറിഞ്ഞത്. ധാരണയിലെത്താമോ എന്ന കോടതിയുടെ ചോദ്യത്തിന്, പ്രതിയുമായി സംസാരിച്ചുവെന്നും എന്നാൽ അയാൾ തയ്യാറല്ലെന്നും അഭിഭാഷകൻ മറുപടി നൽകി.
"ഈ തീരുമാനത്തിന് മൂന്ന് ജീവിതങ്ങൾ രക്ഷിക്കാൻ കഴിയുമെന്ന് ഞാൻ മനസിലാക്കുന്നു," അഭിഭാഷകൻ വ്യക്തമാക്കി. പ്രതി ഇപ്പോൾ മോർബി ജില്ലയിൽ ജയിലിൽ കഴിയുകയാണെന്നും അഭിഭാഷകൻ കോടതിയെ ധരിപ്പിച്ചു.
ഇതിന് മറുപടിയായി പ്രതിയായ മുകേഷ് സൊമാനിയെ കോടതിയിൽ ഹാജരാക്കാൻ കോടതി ഉത്തരവിട്ടു. " ഞാൻ അയാളോട് നേരിട്ട് സംസാരിക്കാം. ധാരണയിലെത്താൻ എന്തെങ്കിലും സാധ്യതയുണ്ടോയെന്ന് ഞാൻ ഉറപ്പുവരുത്താം. ഞാൻ സാധ്യതകളെക്കുറിച്ചാണ് ഇപ്പോൾ ചിന്തിക്കുന്നത്. എന്റെ മനസ്സിൽ ഉള്ളത് വെറുതെ പറയുകയല്ല. ഇത് സംബന്ധിച്ച് സർക്കാരിന്റെ വിവിധ പദ്ധതികളുണ്ട്. അയാൾ വരട്ടെ , ഞാൻ അയാളോട് സംസാരിക്കാം," ജസ്റ്റിസ് സമീർ ജെ. ദവെ പറഞ്ഞു. അടുത്ത വാദത്തിന് പെൺകുട്ടിയോടോ രക്ഷിതാക്കളോടോ നേരിട്ട് ഹാജരാകാനും കോടതി നിർദേശിച്ചു. വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കും.
ഭഗവത് ഗീതയുടെ രണ്ടാം അധ്യായത്തിൽ നിർവചിച്ചിരിക്കുന്ന സ്ഥിതപ്രജ്ഞയെപ്പോലെയായിരിക്കണം വിധികർത്താക്കൾ എന്ന് മാത്രമേ എനിക്ക് പറയാൻ കഴിയൂ. പുകഴ്ത്തലായാലും വിമർശനമായാലും അവഗണിക്കണം എന്നർത്ഥംജസ്റ്റിസ് സമീർ ജെ. ദവെ
വാദത്തിനിടെ കഴിഞ്ഞ തവണ നടത്തിയ മനുസ്‌മൃതി പരാമർശം തെറ്റായി വ്യാഖാനിക്കപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടിയ പബ്ലിക് പ്രോസിക്യൂട്ടറോട് വിധികർത്താക്കൾ സ്ഥിതപ്രജ്ഞയെപ്പോലെയാകണമെന്ന് ജസ്റ്റിസ് സമീർ ജെ. ദവെ പറഞ്ഞു. "ഭഗവത് ഗീതയുടെ രണ്ടാം അധ്യായത്തിൽ നിർവചിച്ചിരിക്കുന്ന സ്ഥിതപ്രജ്ഞയെപ്പോലെയായിരിക്കണം വിധികർത്താക്കൾ എന്ന് മാത്രമേ എനിക്ക് പറയാൻ കഴിയൂ. പുകഴ്ത്തലായാലും വിമർശനമായാലും അവഗണിക്കണം എന്നർത്ഥം," അദ്ദേഹം വ്യക്തമാക്കി.
അതേസമയം പെൺകുട്ടിയും ഭ്രൂണവും പൂർണ ആരോഗ്യത്തിലാണെന്ന് മെഡിക്കൽ റിപ്പോർട്ടുകൾ പരിശോധിച്ച് രാജ്‌കോട്ട് സിവിൽ ഹോസ്പിറ്റലിലെ മെഡിക്കൽ സൂപ്രണ്ട് കോടതിയെ അറിയിച്ചു.