രാഹുൽ ഗാന്ധി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സൂറത്ത് കോടതി വിധിയിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ഗുജറാത്ത് ഹൈക്കോടതിയുടെ വിലയിരുത്തൽ. രാഹുലിനെതിരെ പത്തിലേറെ ക്രിമിനൽ കേസുകൾ നിലനിൽക്കുന്നുണ്ടെന്നാണ് കോടതി അതിന് കാരണമായി ചൂണ്ടിക്കാട്ടിയത്. സവർക്കറിനെതിരായ രാഹുലിന്റെ പരാമർശവും അപ്പീൽ തള്ളിക്കൊണ്ടുള്ള വിധി പ്രഖ്യാപിക്കുന്നതിനിടെ കോടതി പരാമർശിച്ചു.
'' ഇപ്പോൾ ശിക്ഷ വിധിച്ച കേസിനുശേഷവും രാഹുലിനെതിരെ കേസുകൾ ഫയൽ ചെയ്യപ്പെട്ടു. രാഷ്ട്രീയത്തിൽ സംശുദ്ധി പുലർത്തണം. കേംബ്രിഡ്ജിൽ വച്ച് 'വീർ' സവർക്കറിനെതിരെ രാഹുൽ ഗാന്ധി പരാമർശങ്ങൾ നടത്തി. അതിനെതിരെ 'വീർ' സവർക്കറുടെ ചെറുമകൻ പൂനെ കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. രാഹുലിനെ കുറ്റക്കാരനായി ശിക്ഷിച്ചത് അനീതിയല്ല. അത് നീതിയുക്തവും ശരിയായതുമാണ്. സൂറത്ത് കോടതിയുടെ വിധിയിൽ ഇടപെടേണ്ട സാഹചര്യമില്ല. അതുകൊണ്ടു തന്നെ അപേക്ഷ തള്ളുകയാണ്,'' ജഡ്ജി ഹേമന്ത് പ്രച്ഛക് വിധിച്ചു.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കര്‍ണാടകയില്‍ കോലാറിലാണ് രാഹുല്‍ ഗാന്ധി കേസിനാസ്പദമായ വിവാദ പരാമര്‍ശം നടത്തിയത്. നീരവ് മോദി, ലളിത് മോദി തുടങ്ങി എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം മോദി എന്നത് എന്തുകൊണ്ടാണെന്നായിരുന്നു രാഹുലിന്റെ ചോദ്യം. പരാമർശം മോദി സമുദായത്തെ മുഴുവൻ അപകീർത്തിപ്പെടുത്തുന്നതാണ് എന്ന് ചൂണ്ടിക്കാട്ടി ഗുജറാത്തിലെ ബിജെപി എംഎൽഎ പൂർണേഷ് മോദിയാണ് പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രിമിനൽ മാനനഷ്ടക്കേസിലെ പരമാവധി ശിക്ഷയായ രണ്ട് വർഷത്തെ തടവ് രാഹുൽ ഗാന്ധിയ്ക്ക് സൂറത്ത് കോടതി ശിക്ഷിച്ചത്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 499, 500 വകുപ്പുകള്‍ പ്രകാരം രാഹുല്‍ഗാന്ധി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. പിന്നാലെ തന്നെ ലോക്സഭാ സെക്രട്ടറിയേറ്റ് രാഹുലിനെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുകയും ചെയ്തു.