INDIA

'ഉടൻ കീഴടങ്ങണം'; 'വ്യാജരേഖ' കേസിൽ ടീസ്റ്റ സെതൽവാദിന്റെ ജാമ്യഹർജി തള്ളി ഗുജറാത്ത് ഹൈക്കോടതി

കീഴടങ്ങാൻ 30 ദിവസത്തെ സാവകാശം നൽകണമെന്ന ടീസ്റ്റയുടെ ആവശ്യം ജസ്റ്റിസ് നിർസാർ ദേശായി നിരസിച്ചു

വെബ് ഡെസ്ക്

2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന കേസിൽ ആക്ടിവിസ്റ്റ് ടീസ്റ്റ സെതൽവാദിന്റെ ജാമ്യാപേക്ഷ തള്ളി ഗുജറാത്ത് ഹൈക്കോടതി. ടീസ്റ്റ എത്രയും വേഗം കീഴടങ്ങണമെന്ന് കോടതി നിർദേശിച്ചു. കീഴടങ്ങാൻ 30 ദിവസത്തെ സാവകാശം നൽകണമെന്ന ടീസ്റ്റ സെതൽവാദിന്റെ ആവശ്യം ജസ്റ്റിസ് നിർസാർ ദേശായി നിരസിച്ചു.

കേസിൽ 2022 ജൂൺ 25ന് ടീസ്റ്റയെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു. അഹമ്മദാബാദിലെ സബര്‍മതി സെന്‍ട്രല്‍ ജയിലിലായിരുന്നു ടീസ്റ്റ, സെപ്റ്റംബറിൽ സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചതോടെ ജയിൽമോചിതയായി. തുടർന്ന് ജാമ്യഹർജി ഗുജറാത്ത് ഹൈക്കോടതിയുടെ പരിഗണനയിലേക്ക് മാറ്റിയിരുന്നു.

ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ ടീസ്റ്റയുടെ ജാമ്യ ഹര്‍ജി പലതവണ പരിഗണിക്കാതെ നീട്ടിവച്ച ഗുജറാത്ത് ഹൈക്കോടതി നടപടിയെ സുപ്രീംകോടതി രൂക്ഷ ഭാഷയിൽ വിമര്‍ശിച്ചിരുന്നു. സമാന കേസുകളിലെ ജാമ്യ ഹര്‍ജികളെല്ലാം ഗുജറാത്ത് ഹൈക്കോടതി ഇതുപോലെ നീട്ടിവയ്ക്കാറുണ്ടോ എന്നായിരുന്നു സുപ്രീംകോടതിയുടെ ചോദ്യം. തുടർന്നാണ് സുപ്രീംകോടതി ടീസ്റ്റയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ചത്.

2002ലെ കലാപത്തില്‍, അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ നടപടി 2022 ജൂണ്‍ 24ന് സുപ്രീംകോടതി ശരിവച്ചിരുന്നു. സര്‍ക്കാര്‍ - ഉദ്യോഗസ്ഥ തലത്തില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആരോപണമുന്നയിച്ച് സാകിയ ജഫ്രി നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു കോടതി വിധി. മോദി സര്‍ക്കാരില്‍ അസംതൃപ്തരായ ഉദ്യോഗസ്ഥരും മറ്റുള്ളവരും വ്യാജ മൊഴികള്‍ ഉള്‍പ്പെടെ നല്‍കിയിട്ടുണ്ടെന്നും അത്തരക്കാരെ നിയമനത്തിനു മുന്നില്‍ കൊണ്ടുവരേണ്ടതുണ്ടെന്നും കോടതി പറഞ്ഞിരുന്നു. വിധി വന്ന് പിറ്റേദിവസമാണ്, ഗുജറാത്ത് പൊലീസ് ടീസ്റ്റയെയും ആര്‍ ബി ശ്രീകുമാറിനെയും അറസ്റ്റ് ചെയ്തത്. സുപ്രീംകോടതിയുടെ ഉത്തരവ് ചൂണ്ടിക്കാട്ടിയായിരുന്നു പ്രത്യേക അന്വേഷണസംഘത്തിന്റെ നടപടി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ