ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന്. അഹമ്മദാബാദ്, വഡോദര, ഗാന്ധിനഗർ അടക്കമുള്ള ഏറ്റവും ശ്രദ്ധാകേന്ദ്രങ്ങളായ 93 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, ജിഗ്നേഷ് മേവാനി, ഹാർദിക് പട്ടേൽ ഉൾപ്പെടെയുള്ള പ്രമുഖ സ്ഥാനാർത്ഥികളും രണ്ടാംഘട്ടത്തിൽ ജനവിധി തേടുന്നുണ്ട്.
285 സ്വതന്ത്ര സ്ഥാനാർത്ഥികൾ ഉൾപ്പെടെ 833 സ്ഥാനാർത്ഥികളാണ് രണ്ടാം ഘട്ടത്തിൽ മത്സര രംഗത്തുള്ളത്. രാവിലെ 8 മണിക്ക് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകീട്ട് അഞ്ച് മണിയോടെ അവസാനിക്കും. 2.54 കോടി വോട്ടർമാരാണ് രണ്ടാംഘട്ടം പോളിങ് സ്റ്റേഷനിലെത്തുക. സുഗമമായ പോളിംഗ് ഉറപ്പാക്കാൻ, തിരഞ്ഞെടുപ്പ് കമ്മീഷൻ 14 ജില്ലകളിലായി 84,000 പോളിംഗ് ഉദ്യോഗസ്ഥരെയും 29,000 പ്രിസൈഡിംഗ് ഓഫീസർമാരെയും വിന്യസിച്ചിട്ടുണ്ട്. 26,409 ബൂത്തുകളിലായാണ് പോളിങ് നടക്കുന്നത്.
വ്യാഴാഴ്ച നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ 63.31 ശതമാനം പേർ വോട്ടു രേഖപ്പെടുത്തിയിരുന്നു.
1995 മുതൽ ബിജെപി ഭരിക്കുന്ന ഗുജറാത്തിൽ കോൺഗ്രസും ശക്തമായ പ്രചാരണം നടത്തുന്ന ആം ആദ്മി പാർട്ടിയും സാന്നിധ്യം തെളിയിക്കുന്ന ത്രികോണ പോരാട്ടമാണ് നടക്കുന്നത്. ബിജെപി ശക്തികേന്ദ്രവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം ജില്ലയുമായ മണിനഗർ, ഘട്‌ലോഡിയ, സംസ്ഥാന തലസ്ഥാനമായ ഗാന്ധിനഗർ എന്നിവിടങ്ങളിൽ കടുത്ത മത്സരമാണ് പ്രതീക്ഷിക്കുന്നത്.
ബിജെപി ശക്തികേന്ദ്രവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം ജില്ലയുമായ മണിനഗർ, ഘട്‌ലോഡിയ, സംസ്ഥാന തലസ്ഥാനമായ ഗാന്ധിനഗർ എന്നിവിടങ്ങളിൽ കടുത്ത മത്സരമാണ് പ്രതീക്ഷിക്കുന്നത്.
ആദ്യ ഘട്ടത്തിൽ കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയതിനെ തുടർന്ന് രണ്ടാം ഘട്ടത്തിൽ എല്ലാവരും സമ്മദിദായവകാശം വിനിയോഗിക്കണമെന്ന് സംസ്ഥാനത്തെ വോട്ടർമാരോട് തിരഞ്ഞെടുപ്പ് കമ്മീഷൻ ശനിയാഴ്ച അഭ്യർത്ഥിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, ഇസുദൻ ഗാധ്വി, ഗുജറാത്ത് കോൺഗ്രസ് അധ്യക്ഷൻ ജഗദീഷ് താക്കൂർ, കോൺഗ്രസ് നേതാവും എംപിയുമായ ശക്തിസിൻഹ് ഗോഹിൽ, മുൻ മുഖ്യമന്ത്രി ശങ്കർസിങ് വഗേല ക്രിക്കറ്റ് താരങ്ങളായ ഇർഫാൻ പത്താൻ, ഹാർദിക് പാണ്ഡ്യ, ക്രുണാൽ പാണ്ഡ്യ എന്നിവരാണ് ഗുജറാത്തിൽ അന്തിമഘട്ടത്തിൽ വോട്ട് ചെയ്യുന്ന പ്രമുഖർ.