മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് കോണ്‍ഗ്രസ് വിട്ടു. നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതകളെത്തുടര്‍ന്നാണ് രാജി. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം ഉള്‍പ്പെടെയാണ് ഒഴിഞ്ഞത്. രാജിക്കത്ത് സോണിയ ഗാന്ധിക്ക് കൈമാറി. രാഹുല്‍ അധ്യക്ഷനായതോടെ കോണ്‍ഗ്രസ് തകര്‍ന്നെന്നാണ് പ്രധാന ആരോപണം. മുതിര്‍ന്നവരും പരിചയസമ്പന്നരുമായ എല്ലാ നേതാക്കളെയും മാറ്റിനിര്‍ത്തി, അനുഭവപരിചയമില്ലാത്ത പുതിയ സംഘത്തെ പാര്‍ട്ടി കാര്യങ്ങള്‍ ഏല്‍പ്പിച്ചതിനെയും ആസാദ് രാജിക്കത്തില്‍ കുറ്റപ്പെടുത്തുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ചേരാനിരിക്കെയാണ് രാജി പ്രഖ്യാപനം..
രാഹുലിന്റെ ശിക്ഷണത്തിലുള്ള കോണ്‍ഗ്രസിന് ഇന്ത്യയ്ക്കുവേണ്ടി പോരാടാനുള്ള ഇച്ഛാശക്തിയും മുഴുവന്‍ നഷ്ടപ്പെട്ടുവെന്ന് ആസാദ് പറയുന്നു. ഭാരത് ജോഡോ യാത്ര ആരംഭിക്കുന്നതിന് മുന്‍പ് നേതൃത്വം രാജ്യത്തുടനീളം ഒരു കോണ്‍ഗ്രസ് ജോഡോ യജ്ഞം നടത്തേണ്ടതായിരുന്നു. പാർട്ടിയുടെ തകർച്ചയെ മുന്നിൽകണ്ട് കത്തെഴുതിയ 23 നേതാക്കൾ ചെയ്ത ഒരേയൊരു കുറ്റം പാർട്ടിയുടെ ദൗർബല്യങ്ങളും അതിനുള്ള പരിഹാര മാർഗങ്ങളും ചൂണ്ടിക്കാട്ടി എന്നതാണ്. എന്നാൽ, അതിനെ ആ വീക്ഷണങ്ങളെ ക്രിയാത്മകമായി കാണുന്നതിന് പകരം ജി 23 നേതാക്കളെ അപമാനിക്കുകയും ഇകഴ്ത്തുകയുമാണുണ്ടായത്. പാർട്ടി യോഗങ്ങളിൽ അവരെ അപകീർത്തിപ്പെടുത്തുന്ന നീക്കങ്ങൾ വരെ ഉണ്ടായി. ഇതെല്ലാം പാർട്ടിയിലെ സ്ഥിഗതികൾ വഷളാക്കി. ഇനിയൊരു മടങ്ങിവരവ് സാധ്യമല്ലാത്ത നിലയിൽ പാർട്ടി നശിച്ചിരിക്കുന്നുവെന്നും ആസാദ് രാജിക്കത്തിൽ പറയുന്നു.
കഴിഞ്ഞയാഴ്ച, ജമ്മു കശ്മീര്‍ പ്രചാരണ സമിതി അധ്യക്ഷപദവി ആസാദ് ഒഴിഞ്ഞിരുന്നു. സമിതി അധ്യക്ഷനായി തിരഞ്ഞെടുത്ത് മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു രാജി പ്രഖ്യാപനം. പാര്‍ട്ടിയുടെ അഖിലേന്ത്യാ രാഷ്ട്രീയകാര്യ സമിതി അംഗമായ ആസാദ്, പുതിയ നിയമനത്തെ തരംതാഴ്ത്തലായി കരുതുന്നതാണ് രാജിക്ക് പിന്നിലെന്ന് റിപ്പോര്‍ട്ടുകളും വന്നിരുന്നു.
ദശാബ്ധങ്ങളുടെ രാഷ്ട്രീയ പാരമ്പര്യമുള്ള ആസാദ് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയാണ്. കേന്ദ്രമന്ത്രി സ്ഥാനം കൂടാതെ പാര്‍ട്ടിയിലെ പല പ്രധാന പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്. കോണ്‍ഗ്രസില്‍ അഴിച്ചുപണി ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തെഴുതിയ ജി 23 അംഗങ്ങളില്‍ പ്രധാനിയുമാണ് ആസാദ്. ജമ്മു കശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നേരിടാനൊരുങ്ങുന്ന കോണ്‍ഗ്രസിന്, ആസാദിന്റെ രാജി കടുത്ത തിരിച്ചടിയാണ്.