ലോകത്തിലെ ഏറ്റവും വലിയ ജംഗിള്‍ സഫാരി പാര്‍ക്ക് ഹരിയാനയിലെ ഗുരുഗ്രാമില്‍ ഒരുങ്ങുന്നു. ഗുരുഗ്രാം, നൂഹ് ജില്ലകളിലായി ആരവല്ലി മലനിരകളിലെ 10,000 ഏക്കറിലാണ് ജംഗിള്‍ സഫാരി പാര്‍ക്ക് വികസിപ്പിക്കുക .180 ഇനം പക്ഷികളും 57ലേറെയിനം ചിത്രശലഭങ്ങളുമുള്ള ആരവല്ലിയില്‍ ഒരുങ്ങുന്ന ജംഗിള്‍ സഫാരി പാര്‍ക്ക് സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നതാകുമെന്നാണ് പ്രതീക്ഷ. ഹരിയാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും സംയുക്തമായാകും പദ്ധതി യാഥാര്‍ത്ഥ്യമാക്കുക. പാര്‍ക്ക് സ്ഥാപിക്കുന്നതിനുള്ള സാങ്കേതിക സാധ്യതകളുള്‍പ്പെടെ പഠനവിധേയമാക്കി.
പദ്ധതി രൂപകല്‍പ്പന ചെയ്യുന്നതിന് അന്താരാഷ്ട്ര തലത്തില്‍ പരിചയ സമ്പന്നരായ രണ്ട് കമ്പനികളെ ചുമതലപ്പെടുത്തി. പ്രൊജക്ട് കൈകാര്യം ചെയ്യുന്നതിനായി ആരവല്ലി ഫൗണ്ടേഷന്‍ രൂപീകരിക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ പറഞ്ഞു. വിനോദ സഞ്ചാരമേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം പ്രദേശവാസികള്‍ക്ക് തൊഴിലവസരങ്ങള്‍ കൂടി സൃഷ്ടിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാര്‍ക്കിന്റെ സമീപ പ്രദേശങ്ങളിലുള്ളവര്‍ക്ക് ഹോം സ്റ്റേ പോളിസി ഉപയോഗപ്പെടുത്താനാകുമെന്നും സര്‍ക്കാര്‍ കണക്ക് കൂട്ടുന്നു.
ഫെബ്രുവരിയില്‍ തുറന്ന ഷാര്‍ജ സഫാരി പാര്‍ക്കാണ് . ആഫ്രിക്കയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ സഫാരി പാര്‍ക്ക്. ഏകദേശം 2000 ഏക്കറാണ് ഇതിന്റെ വിസ്തീര്‍ണം. ഇതിന്റെ അഞ്ചിരട്ടിയാണ് ഗുരുഗ്രാമില്‍ ഒരുങ്ങുന്ന സഫാരി പാര്‍ക്ക്. പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി കേന്ദ്രമന്ത്രി ഭൂപേന്ദര്‍ യാദവും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറും ഷാര്‍ജ സഫാരി പാര്‍ക്ക് സന്ദര്‍ശിച്ചിരുന്നു.