ഗ്യാന്‍വാപി മസ്ജിദില്‍ നിത്യാരാധനയ്ക്ക് അനുമതി തേടിയുള്ള ഹര്‍ജി വാരണാസി ജില്ലാ സെഷന്‍സ് കോടതി നവംബര്‍ 17ലേക്ക് വിധി പറയാന്‍ മാറ്റി. നാല് ഹിന്ദു സ്ത്രീകള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് വിധി പറയാന്‍ മാറ്റിയത്. ഒക്ടോബറില്‍ ഇരുഭാഗത്തിന്റെയും വാദം കേട്ട ശേഷം വിധി പറയാനായി നവംബര്‍ എട്ടിലേക്ക് മാറ്റിയിരുന്നു. എന്നാല്‍, കേസ് പരിഗണിക്കുന്ന സിവില്‍ ജഡ്ജി മഹേന്ദ്ര പാണ്ഡെ അവധിയിലായതിനാല്‍ വിധി പ്രസ്താവം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
ഗ്യാന്‍വാപി മസ്ജിദ് ഹിന്ദുക്കള്‍ക്ക് കൈമാറുക, മസ്ജിദിന്റെ പരിസരത്ത് മുസ്ലീങ്ങളുടെ പ്രവേശനം നിരോധിക്കുക, മസ്ജിദിനുള്ളില്‍ നിത്യാരാധന നടത്താന്‍ അനുമതി നല്‍കുക തുടങ്ങിയവയാണ് ഹര്‍ജിയിലെ പ്രധാന ആവശ്യങ്ങള്‍. ഹര്‍ജികള്‍ക്കെതിരെ അഞ്ജുമാന്‍ ഇന്‍തസാമിയ മസ്ജിദ് കമ്മിറ്റി എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, ഹര്‍ജി പരിഗണിക്കാമെന്നും നിത്യാരാധന വേണമെന്ന ആവശ്യത്തില്‍ തുടര്‍വാദം ആകാമെന്നും കോടതി വ്യക്തമാക്കുകയായിരുന്നു.
ഒക്ടോബറില്‍ ഹര്‍ജി പരിഗണിച്ചപ്പോള്‍ മസ്ജിദിനുള്ളില്‍ കണ്ടെത്തിയ ശിവലിംഗത്തില്‍ ശാസ്ത്രീയ പരിശോധന നടത്താന്‍ അനുമതി നല്‍കണമെന്ന ഹര്‍ജി വാരണാസി സെഷന്‍സ് കോടതി തള്ളിയിരുന്നു. ഗ്യാന്‍വാപി മസ്ജിദിനുള്ളില്‍ കണ്ടെത്തിയത് ശിവലിംഗമാണോ എന്നതില്‍ ആധികാരികത വരുത്തുന്നതിനും കാലപ്പഴക്കം നിശ്ചയിക്കുന്നതിനും പഴക്കം കണ്ടെത്താന്‍ കാര്‍ബണ്‍ ഡേറ്റിംഗ് നടത്തണമെന്ന ഹര്‍ജിയാണ് ഒക്ടോബറില്‍ കോടതി തള്ളിയത്. തര്‍ക്ക പ്രദേശം സീല്‍ ചെയ്യണമെന്ന കോടതി നിര്‍ദേശം നിലനില്‍ക്കുന്നതിനാല്‍ ശാസ്ത്രീയ പരിശോധന നടത്തണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നായിരുന്നു കോടതിയുടെ നിലപാട്. ഇതിനെതിരെ ഹര്‍ജിക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, ശിവലിംഗം കണ്ടെത്തിയെന്ന് പറയപ്പെടുന്ന പ്രദേശം സംരക്ഷിക്കാനും മുദ്രവയ്ക്കാനുമുള്ള ഇടക്കാല ഉത്തരവിന്റെ കാലാവധി സുപ്രീംകോടതി നീട്ടി. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെയാണ് കാലാവധി നീട്ടിയത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചിന്റേതായിരുന്നു ഉത്തരവ്.
ഗ്യാന്‍വാപി വിവാദവുമായി ബന്ധപ്പെട്ട് ഫയല്‍ ചെയ്ത എല്ലാ വ്യവഹാരങ്ങളും ഏകീകരിക്കുന്നതിനായി വാരാണസി ജില്ലാ ജഡ്ജിക്ക് മുമ്പാകെ അപേക്ഷ സമര്‍പ്പിക്കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച്, ഹിന്ദു കക്ഷികള്‍ക്ക് അനുമതി നല്‍കിയിരുന്നു. കൂടാതെ, സര്‍വേ കമ്മീഷണറെ നിയമിക്കാനുള്ള അലഹബാദ് ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റി സമര്‍പ്പിച്ച അപ്പീലില്‍ മൂന്ന് ആഴ്ചയ്ക്കകം മറുപടി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
മസ്ജിദ് സമുച്ചയത്തില്‍ ഹിന്ദു ദൈവങ്ങളുടെയും ദേവതകളുടെയും വിഗ്രഹങ്ങള്‍ ഉണ്ടെന്ന് അവകാശപ്പെട്ടുകൊണ്ടുള്ള ഹിന്ദു സ്ത്രീകളുടെ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ വാരണാസി സിവില്‍ കോടതി ഗ്യാന്‍വാപി പള്ളിയില്‍ ചിത്രീകരണം നടത്താന്‍ ഉത്തരവിട്ടിരുന്നു. സര്‍വേ നടത്താനും വീഡിയോ ചിത്രീകരിക്കാനും കോടതി ഒരു കമ്മിറ്റിയെ നിയോഗിച്ചു. എന്നാല്‍ പള്ളിക്കമ്മറ്റിയുടെ പ്രതിഷേധത്തെത്തുടര്‍ന്ന് സര്‍വേ നിര്‍ത്തിവെക്കുകയായിരുന്നു. സര്‍വേ തുടരാനും മെയ് പതിനേഴിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ഉത്തരവിട്ടിരുന്നു.
പക്ഷേ, ആരാധനാലയങ്ങളിലെ ചിത്രീകരണം 1991ലെ ആരാധനാ നിയമത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സര്‍വേ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പള്ളിക്കമ്മിറ്റി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. പക്ഷേ, കനത്ത സുരക്ഷയില്‍ മെയ് 14ന് വീണ്ടും ആരംഭിച്ച സര്‍വേ മെയ് പതിനാറോടെ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് മുദ്ര വെച്ച കവറില്‍ വാരണാസി കോടതിയില്‍ സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ട് പ്രകാരം ഗ്യാന്‍വാപി മസ്ജിദിലെ കുളത്തില്‍ ശിവലിംഗം ഉള്ളതായി കണ്ടെത്തുകയും, ആ പ്രദേശം അടച്ചിടാന്‍ കോടതി ഉത്തരവിടുകയുമായിരുന്നു. ഇതിനെതിരെ പള്ളിക്കമ്മിറ്റി രംഗത്ത് വന്നിരുന്നു.
ഇത്തരം ഹര്‍ജികളും മസ്ജിദുകള്‍ മുദ്രവെക്കുന്നതും മത സൗഹാര്‍ദത്തെ തകര്‍ക്കുമെന്നും ഇത് രാജ്യത്തുടനീളമുള്ള പള്ളികളെ ബാധിക്കുമെന്നുമാണ് മസ്ജിദ് കമ്മിറ്റിയുടെ വാദം. മുദ്രവച്ച കവറില്‍ വാരണാസി കോടതിയില്‍ സമര്‍പ്പിച്ച മസ്ജിദിലെ ചിത്രീകരണത്തിന്റെ വിശദാംശങ്ങള്‍ മണിക്കൂറുകള്‍ക്കകം ഹര്‍ജിക്കാര്‍ പുറത്തുവിട്ടതും വിവാദമായിരുന്നു.