INDIA

ഗ്യാന്‍വാപി പള്ളി: സര്‍വേ ഫലം പരസ്യപ്പെടുത്തണോ? വാരാണസി കോടതിയുടെ നിലപാട് ഇന്നറിയാം

വെബ് ഡെസ്ക്

ഗ്യാന്‍വാപി പള്ളിയില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്‌ഐ) നടത്തിയ സര്‍വേ ഫലം പരസ്യപ്പെടുത്തണോ വേണ്ടയോ എന്ന കാര്യത്തില്‍ വാരണാസി കോടതിയുടെ തീരുമാനം ഇന്നറിയാം. തിങ്കളാഴ്ചയാണ് സീല്‍ ചെയ്ത സർവേ ഫലം എഎസ്‌ഐ കോടതിക്ക് മുമ്പാകെ സമര്‍പ്പിച്ചത്. എന്നാല്‍ ഇത് സെന്‍സിറ്റീവ് വിഷയമാണെന്നും അതുകൊണ്ട് പരസ്യപ്പെടുത്തല്‍ വേണ്ടെന്നും മസ്ജിദ് കമ്മിറ്റി ആവശ്യപ്പെട്ടു.

17ാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച പള്ളി ഹിന്ദു ക്ഷേത്രത്തിന്റെ മുകളിലാണോ സ്ഥാപിച്ചതെന്ന തര്‍ക്കത്തിലായിരുന്നു സര്‍വേ നടത്താന്‍ വാരണാസി കോടതി ഉത്തരവിട്ടത്. സുപ്രീം കോടതി സീല്‍ ചെയ്ത വുദുഖാന ഒഴികെയുള്ള ഭാഗങ്ങളിലാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സര്‍വേ നടത്തിയത്.

കാശി വിശ്വനാഥ ക്ഷേത്രം- ഗ്യാന്‍വാപി പള്ളി തര്‍ക്കം സംബന്ധിച്ച് ഏറെ നിര്‍ണായകമായ റിപ്പോര്‍ട്ടാണ് എഎസ്‌ഐ സമര്‍പ്പിച്ചിരിക്കുന്നത്. പള്ളി നിലനില്‍ക്കുന്നിടത്ത് മുന്‍പ് ക്ഷേത്രമുണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന പ്രധാന തെളിവുകള്‍ റിപ്പോര്‍ട്ടിലുണ്ടെന്നാണ് എഎസ്‌ഐ അഭിഭാഷകന്‍ അമിത് കുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

അതേസമയം, മസ്ജിദിന്റെ സ്ഥലത്ത് ക്ഷേത്രം പണിയണമെന്ന സ്വകാര്യ ഹര്‍ജികള്‍ക്കെതിരെ മസ്ജിദ് കമ്മിറ്റി സമര്‍പ്പിച്ച എല്ലാ ഹര്‍ജികളും ചൊവ്വാഴ്ച അലഹബാദ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. സ്വകാര്യ ഹര്‍ജികളില്‍ 1991ല്‍ സമര്‍പ്പിച്ച ഹര്‍ജി ആറ് മാസത്തിനുള്ളില്‍ തീര്‍പ്പാക്കണമെന്നും ഹൈക്കോടതി വാരണാസി കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സര്‍വേയ്ക്കുള്ള വാരണാസി കോടതിയുടെ ഉത്തരവ് അലഹബാദ് ഹൈക്കോടതി ശരിവെച്ചതിനെ തുടര്‍ന്നാണ് എഎസ്‌ഐ സര്‍വേ ആരംഭിച്ചത്. നീതിയുടെ താല്‍പര്യത്തില്‍ സര്‍വേ അത്യാവശ്യമാണെന്നും ഇത് ഇരു വിഭാഗങ്ങള്‍ക്കും ഗുണം ചെയ്യുമെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.

തുടര്‍ന്ന് ഹൈക്കോടതി ഉത്തരവിനെതിരെ മസ്ജിദ് കമ്മിറ്റി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും സ്‌റ്റേ നല്‍കാന്‍ വിസമ്മതിക്കുകയായിരുന്നു. എന്നാല്‍ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് മസ്ജിദില്‍ ഖനനം നടത്തരുതെന്നും കേടുപാടുകളുണ്ടാക്കരുതെന്നും എഎസ്‌ഐക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും