INDIA

യുപിഎ കാലത്ത് ഇന്ത്യ തളര്‍ന്നോ? മോദിയുടെ ധവളപത്രത്തിലെ അര്‍ധസത്യങ്ങള്‍

യുപിഎ സർക്കാരിന്റെ പരാജയങ്ങളെക്കുറിച്ചും എൻഡിഎ സർക്കാരിൻ്റെ വിജയങ്ങളെക്കുറിച്ചും ധവളപത്രം വിശകലനം ചെയ്യുന്നു, എന്നാൽ യുപിഎയുടെ വിജയങ്ങളോ സ്വന്തം പരാജയങ്ങളോ സ്പർശിക്കാതെ ആണെന്ന് മാത്രം.

വെബ് ഡെസ്ക്

ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഇന്നലെ അവതരിപ്പിച്ച ധവളപത്രത്തിന്മേല്‍ ഇന്ന് കൂലങ്കുഷ ചര്‍ച്ചയാണ് ലോക്‌സഭയില്‍ അരങ്ങേറുക. ധവളപത്രം' യുപിഎ സർക്കാരിനും കോൺഗ്രസിനും നേരെയുള്ള രൂക്ഷമായ വിമർശനമാണ്. 2004 മുതൽ 2014 വരെയുള്ള ഭരണകാലത്ത് കോൺഗ്രസ് നേതൃത്വത്തിൽ ഉള്ള യുപിഎ സർക്കാർ വളര്‍ച്ചയിലേക്ക് കുതിക്കുകയായിരുന്ന സമ്പദ്‌വ്യവസ്ഥയെ കുത്തനെ തകർത്തെറിഞ്ഞു എന്നാണ് ആരോപണം.

''വാജ്‌പേയി സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതികളുടെ ഫലമായി രാജ്യം എല്ലാ മേഖലയിലും പുരോഗതിയിലേക്കു കുതിക്കുമ്പോഴാണ് 2004-ല്‍ യുപിഎ സർക്കാർ അധികാരത്തിലേറുന്നത്. ദീര്‍ഘവീക്ഷണമില്ലാത്ത പദ്ധതികളിലൂടെയും നയങ്ങളിലൂടെയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ആകെ ഇടിഞ്ഞത് ഈ കാലത്താണ്. 2014 ൽ അധികാരമേറ്റതിന് ശേഷം രാജ്യത്തിൻറെ സമ്പദ് വ്യവസ്ഥ തിരിച്ച്പിടിക്കാനാണ് മോദി സർക്കാർ ശ്രമിച്ചിട്ടുള്ളത്''- ധവള പത്രത്തിൽ പറയുന്നു. എന്നാൽ കേന്ദ്രത്തിന്റെ ആരോപണത്തിൽ എത്രയാണ് സത്യമുള്ളത് ? യുപിഎ ഭരണകാലത്ത് രാജ്യത്തിന്റെ സാമ്പത്തികരംഗത്തിന്റെ നില എന്തായിരുന്നു ?

നിർമല സീതാരാമൻ അവതരിപ്പിച്ച അർദ്ധ സത്യങ്ങൾ

തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ബിജെപിയുടെ മറ്റൊരു നീക്കം തന്നെയാണ് ധവളപത്രം എന്നതിൽ സംശയം ഇല്ല. വളരെ വിദഗ്ധമായാണ് ഇതില്‍ യുപിഎ സർക്കാരിന്റെയും എൻഡിഎ സർക്കാരിന്റെയും പത്ത് വർഷങ്ങളെ താരതമ്യം ചെയ്തിട്ടുള്ളത്. ധവളപത്രം പൂർണമായും തെറ്റാണ് എന്ന് പറയാൻ സാധിക്കുകയില്ല. യുപിഎ സർക്കാറിന്റെ പരാജയങ്ങളെക്കുറിച്ചും എൻഡിഎ സർക്കാരിൻ്റെ വിജയങ്ങളെക്കുറിച്ചും ധവളപത്രം വിശകലനം ചെയ്യുന്നു, എന്നാൽ യുപിഎയുടെ വിജയങ്ങളോ സ്വന്തം പരാജയങ്ങളോ സ്പർശിക്കാതെ ആണെന്ന് മാത്രം.

ഉദാഹരണത്തിന് 2013-ൽ മോർഗൻ സ്റ്റാൻലി ഇന്ത്യയെ ദുർബലമായ അഞ്ച് ആഗോള സമ്പദ്‌വ്യവസ്ഥകളിലൊന്നായി വിലയിരുത്തി എന്നത് വാസ്തവം തന്നെയാണ്. ആ ഇന്ത്യ ജിഡിപിയുടെ വലുപ്പത്തെ അടിസ്ഥാനമാക്കി നിലവിൽ ആദ്യത്തെ അഞ്ച് സ്ഥാനങ്ങളിൽ ഇടം നേടിയിട്ടുണ്ട്.

എന്നാൽ യുപിഎ ഭരണകാലത്തിലുടനീളം ഇന്ത്യ ദുർബലമായ സമ്പദ് വ്യവസ്ഥ ആയിരുന്നില്ല. ആഗോള സാമ്പത്തിക പ്രതിസന്ധിക്കിടയിലും, 2004 നും 2009 നും ഇടയിൽ ഇന്ത്യ ഏറ്റവും വേഗതയേറിയ വളർച്ചാ നിരക്ക് അനുഭവിച്ചു. എങ്കിലും 2013 ൽ നയപരമായ സ്തംഭനവും സാമ്പത്തിക കെടുകാര്യസ്ഥതയും തിരിച്ചടിയായി എന്നത് സത്യമാണ്. 2013 ൽ രാജ്യം അനുഭവിച്ച സാമ്പത്തിക തകർച്ചക്ക് രൂപയുടെ മൂല്യം നഷ്‌ടപ്പെടുകയും ആഭ്യന്തര പണപ്പെരുപ്പം കുതിച്ചുയരുകയും അടക്കമുള്ള ഘടകങ്ങൾ കാരണമായിട്ടുണ്ട്. യുഎസ് ഫെഡറൽ റിസർവിൻ്റെ തകർച്ചയും ക്രൂഡ് ഓയിലിൻ്റെ ഉയർന്ന വിലയും ഉയർന്ന പണപ്പെരുപ്പത്തിലേക്ക് നയിക്കുകയായിരുന്നു.

2004 നും 2008 നും ഇടയിൽ ദ്രുതഗതിയിലുള്ള സാമ്പത്തിക വളർച്ചയാണ് രാജ്യത്ത് ഉണ്ടായിട്ടുള്ളത്. ഏറ്റവും വേഗതയേറിയ വളർച്ചയും ഒപ്പം മിതമായ നിരക്കിലുള്ള പണപ്പെരുപ്പവും. എന്നാൽ ധവളപത്രത്തിൽ ഈ വളർച്ചയുടെ ക്രെഡിറ്റ് നൽകിയിട്ടുള്ളത് എൻഡിഎ സർക്കാരിനാണ്. എൻഡിഎ സർക്കാരിന്റെ നയങ്ങളുടെയും പദ്ധതികളുടെ ഫലവും അനുകൂലമായ ആഗോള സാഹചര്യങ്ങളുമാണ് ഈ വളർച്ചക്ക് പിന്നിലെന്ന് ധവളപത്രം ചൂണ്ടിക്കാട്ടുന്നു.

2003-ന് ശേഷം ധനക്കമ്മി നിശ്ചിത പരിധിയില്‍ പിടിച്ചുനിര്‍ത്തുന്നതില്‍ യുപിഎ സര്‍ക്കാര്‍ പരാജയപ്പെട്ടത് ഒരേയൊരു തവണമാത്രമാണ്. എന്നാല്‍ 2014-ല്‍ എന്‍ഡിഎ അധികാരരത്തില്‍ വന്നശേഷം ഒരൊറ്റത്തവണപോലും ധനക്കമ്മി നിശ്ചിത പരിധിയില്‍ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. 2018-നു ശേഷം റവന്യൂ കമ്മി ലക്ഷ്യമിടുന്നത് നിർത്തുകയും ചെയ്തു.

2008 ൽ ആഗോള സാമ്പത്തിക പ്രതിസന്ധിക്കാലത്ത് ഇന്ത്യയുടെ പ്രകടനവും എടുത്ത് പറയേണ്ടതാണ്. അത് യുപിഎ സർക്കാരിന്റെ വലിയ നേട്ടങ്ങളിൽ ഒന്ന് കൂടിയാണ്. യുഎസ് ഉൾപ്പടെയുള്ള മിക്ക സാമ്പത്തിക വ്യവസ്ഥകളും പ്രതിസന്ധിക്കാലത്ത് തകർന്നപ്പോൾ ഇന്ത്യ പിടിച്ച് നിന്നു. പല സമ്പദ്‌വ്യവസ്ഥകളും ഇന്നും ആ പ്രതിസന്ധിയിൽ നിന്നും പൂർണ്ണമായും കരകയറാതെ നില്‍ക്കുമ്പോള്‍ ഇന്ത്യക്ക് അന്ന് ജിഡിപി വളര്‍ച്ചാ നിരക്കില്‍ നേരിയൊരു തിരിച്ചടി മാത്രമാണ് ഏറ്റത്. അക്കാലത്ത് ഗവൺമെൻ്റ് നടപ്പിലാക്കിയ സമയോചിതമായ സാമ്പത്തിക ഉത്തേജക നടപടികൾ സാമ്പത്തിക വളർച്ചയിലെ ആഘാതം നിയന്ത്രിക്കാൻ സഹായിക്കുകയും ദ്രുതഗതിയിലുള്ള വീണ്ടെടുക്കൽ സുഗമമാക്കുകയും ചെയ്തുവെന്ന് 2011 ൽ ധനമന്ത്രിയായിരുന്ന പ്രണബ് മുഖർജി തന്റെ പ്രസംഗത്തിൽ പരാമർശിക്കുന്നുണ്ട്.

എൻഡിഎ സർക്കാറിന്റെ കാലത്തെ അനവധി നേട്ടങ്ങൾ എണ്ണി എണ്ണി പറയുമ്പോഴും തൊഴിൽ രംഗത്തുണ്ടായ ഇടിവിനെ ധവളപത്രം മനപ്പൂർവ്വം വിസ്മരിക്കുകയാണ്. തൊഴിലുമായി ബന്ധപ്പെട്ട സമ്മർദ്ദം രാജ്യത്ത് വളരെ കൂടുതൽ ആണ്. തൊഴിലില്ലായ്മ നിരക്ക് കുറയുമ്പോഴും, പുതിയ ജോലികൾ ഗുണനിലവാരമില്ലാത്തതും കൂലി വളരെക്കാലമായി സ്തംഭനാവസ്ഥയിലുമാണ്. ശരാശരി പണപ്പെരുപ്പം വളരെക്കാലമായി ഉയർന്ന നിലയിൽ തുടരുന്നു എന്നതും വാസ്തവം ആണ്. കഴിഞ്ഞ നാല് വർഷമായി ഉപഭോക്തൃ പണപ്പെരുപ്പം 4 ശതമാനം മാർക്കിൽ എത്തിയിട്ടില്ല.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ