INDIA

പ്രൊഫ. ഹാനി ബാബുവിന് നാല് ദിവസത്തെ ജാമ്യം: തിമിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും

ആരോഗ്യ കാരണങ്ങൾ പരിഗണിച്ച് മൂന്ന് മാസത്തേക്ക് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹാനി ബാബു കോടതിയെ സമീപിച്ചത്

വെബ് ഡെസ്ക്

ഭീമാ കൊറേഗാവ് കേസിൽ വിചാരണ തടവിൽ കഴിയുന്ന മുൻ ഡൽഹി സർവകലാശാല പ്രൊഫസർ ഹാനി ബാബുവിന് ജാമ്യം. തിമിര ശസ്ത്രക്രിയക്ക് വിധേയനാകാനായി ബോംബെ ഹൈക്കോടതിയാണ് നാല് ദിവസത്തെ ജാമ്യം അനുവദിച്ചത്. ഹാനി ബാബുവിനെ ചൊവ്വാഴ്ച തന്നെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാനും ജസ്റ്റിസ് എഎസ് ഗഡ്കരിയുടെ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. കൂടാതെ മറ്റ് രോഗനിർണയത്തിനും കോടതി അനുമതി നൽകിയിട്ടുണ്ട്.

കോടതി ഉത്തരവിനെ തുടർന്ന് നേരത്തെ ജെജെ ആശുപത്രിയിൽ കൊണ്ടുപോയിരുന്നെങ്കിലും കാഴ്ചയുമായി ബന്ധപ്പെട്ട് നിർദേശിച്ച തുടർ പരിശോധനകളും ശസ്ത്രക്രിയയും നടത്തിയില്ലെന്ന് ഹാനി ബാബു ആരോപിച്ചു

ആരോഗ്യ കാരണങ്ങൾ പരിഗണിച്ച് മൂന്ന് മാസത്തേക്ക് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹാനി ബാബു കോടതിയെ സമീപിച്ചത്. തിമിര ശസ്ത്രക്രിയക്കും സന്ധിവേദന, വയറുവേദന എന്നിവയ്ക്കും സ്വന്തം ചെലവിൽ ചികിത്സ നടത്താൻ അനുമതി നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. തിമിരം മൂലം കാഴ്ചശക്തി കുറഞ്ഞുവെന്നും വയറ്റിലും കാൽമുട്ടിലും കടുത്ത വേദന അനുഭവപ്പെടുന്നുണ്ടെന്നും ഹാനി ബാബുവിന്റെ ഹർജിയിൽ പറയുന്നു. ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പ് നൽകുന്ന ആരോഗ്യ സംരക്ഷണത്തിനും ചികിത്സയ്ക്കുമുള്ള തന്റെ മൗലികാവകാശം ജയിൽ അധികൃതർ ലംഘിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ചികിത്സക്കായി മുംബൈ ജെജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചാൽ മതിയെന്നായിരുന്നു എൻഐഎയുടെ ആവശ്യം

ഹാനി ബാബുവിന്റെ ആരോഗ്യ പ്രശ്നങ്ങളും മുൻപ് തേടിയിട്ടുള്ള ചികിത്സകളുടെ വിവരങ്ങളും വാദം കേൾക്കുന്നതിനിടെ അഭിഭാഷകൻ യുഗ് മോഹിതേ ചൗധരി കോടതിയെ ബോധിപ്പിച്ചു. രോഗനിർണയ വേളയിൽ കൂടുതൽ അസുഖങ്ങൾ കണ്ടെത്തിയാൽ അതിനുള്ള ചികിത്സ നൽകിയതിന് ശേഷം മാത്രമേ ഡിസ്ചാർജ് ചെയ്യാവൂ എന്നും അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു. അതേസമയം സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സദേശ് പാട്ടീലും എൻഐഎയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ചിന്തൻ ഷായും ഹാനി ബാബുവിന്റെ ആവശ്യത്തെ എതിർത്തു. ചികിത്സക്കായി മുംബൈ ജെജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചാൽ മതിയെന്നായിരുന്നു അവർ മുന്നോട്ടുവെച്ച ആവശ്യം.

കോടതി ഉത്തരവിനെ തുടർന്ന് നേരത്തെ ജെജെ ആശുപത്രിയിൽ കൊണ്ടുപോയിരുന്നെങ്കിലും കാഴ്ചയുമായി ബന്ധപ്പെട്ട് നിർദേശിച്ച തുടർ പരിശോധനകളും ശസ്ത്രക്രിയയും നടത്തിയില്ലെന്ന് ഹാനി ബാബു ആരോപിച്ചു. ആഴ്ചകൾക്ക് മുമ്പ് നൽകിയ ഹർജി വെള്ളിയാഴ്ചയാണ് ഹൈക്കോടതി പരിഗണിച്ചത്.

കഴിഞ്ഞ സെപ്റ്റംബർ ഒൻപതിന് ഹാനി ബാബുവിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. 2020ലാണ് മാവോയിസ്റ്റ് ആശയപ്രചാരണം നടത്തിയെന്നാരോപിച്ച് അദ്ദേഹത്തെ എൻഐഎ അറസ്റ്റ് ചെയ്യുന്നത്. അന്ന് മുതൽ അദ്ദേഹം നവി മുംബൈയിലെ തലോജ ജയിലിലാണ്.

ഒറ്റദിനം നാലുരൂപ ഇടിഞ്ഞു, റബ്ബര്‍വില കുത്തനെ താഴേക്ക്; വില്ലന്‍ വേഷമണിഞ്ഞു ടയര്‍ കമ്പനികള്‍, ടാപ്പിങ് നിര്‍ത്താനൊരുങ്ങി കര്‍ഷകര്‍

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

അർബൻ ഇലക്ട്രിക് എസ് യു വി; മാരുതി ഇവി എക്സ് ടോയോട്ടയ്ക്കും വിൽക്കാം

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം