INDIA

സ്ഥാനാർഥി നിർണയം മുതല്‍ എഎപിയെ വെട്ടിയതുവരെ; ഹരിയാനയിലെ ജാട്ട് മുഖം, എന്തുകൊണ്ട് ഭൂപീന്ദർ ഹൂഡയ്ക്ക് കോണ്‍ഗ്രസ് വഴങ്ങുന്നു?

വെബ് ഡെസ്ക്

പാർട്ടിക്കുള്ളില്‍ നിന്നുപോലും കടുത്ത വിമർശനം ഉയരുന്ന പശ്ചാത്തലത്തിലും ഹരിയാന കോണ്‍ഗ്രസില്‍ ഇന്നും തലയെടുപ്പോടെ തുടരുന്ന നേതാവാണ് ഭൂപീന്ദർ സിങ് ഹൂഡ. ഓക്ടോബർ അഞ്ചിന് ഹരിയാന പോളിങ് ബൂത്തിലേക്ക് എത്തുമ്പോള്‍ ഒരു മുഖ്യമന്ത്രി സ്ഥാനാർഥിയെ ഉയർത്തിക്കാണിക്കാൻ കോണ്‍ഗ്രസ് തയാറായിട്ടില്ല. പക്ഷേ, കളം നിറഞ്ഞ് നില്‍ക്കുന്നതും സുപ്രധാനതീരുമാനങ്ങളുമായി പാർട്ടിയെ നയിക്കുന്നതും ജാട്ട് വിഭാഗത്തില്‍ നിന്നുള്ള നേതാവായ ഭൂപീന്ദറാണ്.

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിലും ഭൂപീന്ദറിന്റെ ആധിപത്യം സ്ഥാനാർഥി നിർണയത്തിലുള്‍പ്പെടെ വ്യക്തമായിരുന്നു. ആകെയുള്ള 10 സീറ്റില്‍ എട്ടിലും മത്സരിച്ചത് ഭൂപീന്ദർ നിർദേശിച്ച സ്ഥാനാർഥികളായിരുന്നു. തിരഞ്ഞെടുപ്പില്‍ വിജയിച്ച അഞ്ച് കോണ്‍ഗ്രസ് സ്ഥാനാർഥികളില്‍ നാലും ഭൂപീന്ദർ നിർദേശിച്ചവരായിരുന്നു. അഞ്ച് സീറ്റില്‍ ബിജെപിയും വിജയിച്ചു.

സ്ഥാനാർഥി തിരഞ്ഞെടുപ്പില്‍ തെറ്റുപറ്റിയെന്ന വിമർശനമായിരുന്നു തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ഭൂപീന്ദറിന് നേർക്കുയർന്നത്. എന്നാല്‍ 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിലേതിനേക്കാള്‍ വോട്ടുവിഹതം ഉയർത്താൻ കോണ്‍ഗ്രസിന് സാധിച്ചിരുന്നു. 15 ശതമാനം ഉയർച്ചയാണ് ഉണ്ടായത്.

നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് വരുമ്പോഴും ഈ രീതിക്ക് മാറ്റമുണ്ടാകില്ലെന്നാണ് ഹരിയാനയില്‍ നിന്ന് ലഭിക്കുന്ന റിപ്പോർട്ടുകള്‍. സംസ്ഥാനത്തെ 90 നിയമസഭാസീറ്റില്‍ 70തിലും ഭൂപീന്ദറോ അല്ലെങ്കില്‍ മകൻ ദീപേന്ദറിന്റെയോ പിന്തുണയുള്ളവരായിരിക്കും മത്സരിക്കുകയെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ദേശീയ മാധ്യമമായ ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. ഹൈക്കമാൻഡും ഹൂഡയുടെ നോമിനികള്‍ക്കാണ് പച്ചക്കൊടി കാണിച്ചിരിക്കുന്നത്.

കോണ്‍ഗ്രസും ആംആദ്‌മി പാർട്ടിയും (എഎപി) തമ്മിലുള്ള സംഖ്യം സാധ്യമാകാതെ പോയതിന് പിന്നിലെ കാരണവും ഭൂപീന്ദറിന്റെ കടുത്ത എതിർപ്പുമൂലമായിരുന്നു. പാർട്ടിയിലെ മുതിർന്ന നേതാക്കളായ സെല്‍ജ, ബീരേന്ദർ സിങ്, അജയ് സിങ് യാദവ് എന്നിവരും സഖ്യത്തെ എതിർത്തിരുന്നു. എഎപിയും സമാജ്‌വാദി പാർട്ടിയുമായും സീറ്റ് വിഭജന ആശയങ്ങള്‍ രാഹുല്‍ ഗാന്ധി മുന്നോട്ടുവെച്ചിട്ടുപോലും ഹൂഡയുടെ ശക്തമായ എതിർപ്പിനെ മറികടക്കാൻ കഴിയാതെ പോയി.

2005 മുതലാണ് ഭൂപീന്ദറിന്റെ സ്വാധീനം ഹരിയാനയില്‍ വർധിച്ചുവന്നത്. അന്നത്തെ പാർട്ടി പ്രസിഡന്റായിരുന്ന സോണിയ ഗാന്ധിയുടെ അടുത്ത അനുയായിയായിരുന്നു ഭൂപീന്ദർ. 2005ലെ വിജയത്തിന് പിന്നാലെയായിരുന്നു ഭൂപീന്ദർ ഹരിയാന മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതും.

പിന്നീട് കോണ്‍ഗ്രസിന്റെ ജാട്ട് മുഖമായി ഭൂപീന്ദർ മാറുകയായിരുന്നു. മറ്റൊരു മുതിർന്ന നേതാവായ ഭജൻലാൽ പക്ഷത്തുള്ളവരില്‍ നിന്ന് എതിർപ്പുണ്ടായിട്ടും കാലാവധി പൂർത്തിയാക്കാൻ ഭൂപീന്ദറിന് സാധിച്ചിരുന്നു. 2009ല്‍ മുഖ്യമന്ത്രി മുഖമായിരുന്നു ഭൂപീന്ദർ. എന്നാല്‍ 40 സീറ്റുകളായിരുന്നു കോണ്‍ഗ്രസിന് നേടാനായത്. കേവലഭൂരിപക്ഷം ലഭിക്കാൻ ആറ് സീറ്റുകളുടെ കുറവായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഏഴ് സ്വതന്ത്ര എംഎല്‍എമാരെ ക്യാമ്പിലെത്തിച്ച് ഭൂപീന്ദർ ഭരണം നിലനിർത്തി. ഇത് ഭൂപീന്ദറിന്റെ ആധിപത്യം ഊട്ടിയുറപ്പിച്ച ഒന്നായിരുന്നു.

2019 അസംബ്ലി തിരഞ്ഞെടുപ്പിന് മുന്നോടിയായി താനായിരിക്കും മുഖ്യമന്ത്രി സ്ഥാനാർഥിയെന്ന് ഉറക്കെ പ്രഖ്യാപിച്ച വ്യക്തിയാണ് ഭൂപീന്ദർ. പാർട്ടി കീഴ്‌വഴക്കം തെറ്റിച്ചുള്ള പ്രഖ്യാപനത്തില്‍ കോണ്‍ഗ്രസ് നടപടിയെടുത്തിരുന്നില്ല. മോദിപ്രഭാവമുണ്ടായിട്ടും 31 സീറ്റുകളില്‍ വിജയക്കൊടി പാറിക്കാൻ കോണ്‍ഗ്രസിന് അന്ന് സാധിച്ചു. ബിജെപിക്ക് 40 സീറ്റുകളായിരുന്നു ലഭിച്ചത്.

ഹരിയാനയില്‍ 27% ആണ് ജാട്ട് വോട്ടുകള്‍. കുറഞ്ഞത് 40 സീറ്റുകളിലെങ്കിലും ഇത് നിർണായ സ്വാധീനം ചെലുത്തുമെന്നാണ് ചരിത്രം വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് തലയെടുപ്പുള്ള ജാട്ട് നേതാവായി കണക്കാക്കപ്പെടുന്നതും ഭൂപീന്ദറിനെ തന്നെയാണെന്നാണ് വിലയിരുത്തല്‍. അതുകൊണ്ടുതന്നെ ഭൂപീന്ദറിനെ പിണക്കാൻ കോണ്‍ഗ്രസ് തയാറാകില്ല. പാർട്ടിക്ക് കേവലഭൂരിപക്ഷം മറികടക്കാനായാല്‍ മുഖ്യമന്ത്രി സ്ഥാനം ഭൂപീന്ദർ ആവശ്യപ്പെട്ടാല്‍ തള്ളിക്കളയാനും കോണ്‍ഗ്രസിന് സാധിക്കില്ല.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും