INDIA

തിരഞ്ഞെടുപ്പ് തോല്‍വിക്കു പിന്നാലെ ഹരിയാന കോണ്‍ഗ്രസില്‍ പരസ്യപ്പോര്; ഹൂഡയ്‌ക്കെതിരേ വിമര്‍ശനവുമായി കുമാരി സെല്‍ജ

സംസ്ഥാനത്ത് അധികാരത്തിലേക്ക് തിരിച്ചെത്താന്‍ കോണ്‍ഗ്രസ് നടത്തിയ കഠിന പരിശ്രമങ്ങള്‍ക്ക് തുരങ്കം വച്ചത് ആരെന്നത് ദേശീയ നേതൃത്വം അന്വേഷിച്ചു ചൂണ്ടിക്കാട്ടണമെന്നും അവര്‍ ആവശ്യമുന്നയിച്ചു

വെബ് ഡെസ്ക്

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തോല്‍വിക്കു പിന്നാലെ സംസ്ഥാന കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. മുതിര്‍ന്ന നേതാവും പ്രതിപക്ഷ നേതാവുമായ ഭൂപീന്ദര്‍ സിങ് ഹൂഡയ്‌ക്കെതിരേ പരസ്യവിമര്‍ശനവുമായി മുന്‍ പിസിസി അധ്യക്ഷയും നിലവിലെ എംപിയുമായി കുമാരി സെല്‍ജ രംഗത്ത്. സംസ്ഥാനത്ത് കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞിരിക്കുകയാണെന്നും പാര്‍ട്ടിയെ തിരിച്ചുകൊണ്ടുവരാന്‍ സംസ്ഥാന നേതൃതലത്തില്‍ കാര്യമായ അഴിച്ചുപണി നടത്താന്‍ ദേശീയ നേതൃത്വം തയാറാകാണമെന്നുമാണ് കുമാരി സെല്‍ജ ആവശ്യപ്പെട്ടത്.

അനുകൂല സാഹചര്യമുണ്ടായിട്ടു പോലം കനത്ത തോല്‍വിയിലേക്കു വീഴാന്‍ ഇടയാക്കിയ സാഹചര്യമെന്തെന്നും തോല്‍വിയില്‍ സംസ്ഥാന നേതൃത്വത്തിന്റെ ഉത്തരവാദിത്തം അന്വേഷിക്കണമെന്നും തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനങ്ങള്‍ക്കു പിന്നാലെ പരസ്യമായി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് അധികാരത്തിലേക്ക് തിരിച്ചെത്താന്‍ കോണ്‍ഗ്രസ് നടത്തിയ കഠിന പരിശ്രമങ്ങള്‍ക്ക് തുരങ്കം വച്ചത് ആരെന്നത് ദേശീയ നേതൃത്വം അന്വേഷിച്ചു ചൂണ്ടിക്കാട്ടണമെന്നും അവര്‍ ആവശ്യമുന്നയിച്ചു.

തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിച്ച മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷനേതാവുമായ ഭൂപീന്ദര്‍ സിങ് ഹൂഡയെ ലക്ഷ്യമിട്ടാണ് കുമാരി സെല്‍ജയുടെ ആവശ്യങ്ങള്‍. ''കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നിരാശയില്‍ വേദന തോന്നുന്നു. എനിക്കുറപ്പാണ് ദേശീയ നേതൃത്വം ഈ തോല്‍വിയെക്കുറിച്ച് വിശദമായ അന്വേഷണം നടത്തും. സംസ്ഥാനത്ത് പാര്‍ട്ടിയെ തിരികെ കൊണ്ടുവരാന്‍ ഹൈക്കമാന്‍ഡ് വ്യക്തമായ ഒരു പദ്ധതി തയാറാക്കണം. തോല്‍വിക്ക് ഉത്തരവാദികളായവരെ കേന്ദ്ര നേതൃത്വം ചൂണ്ടിക്കാട്ടണം''- കുമാരി സെല്‍ജ മാധ്യമങ്ങളോടു പറഞ്ഞു.

ഇന്നു പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കൊടുവില്‍ 90 അംഗ നിയമസഭയില്‍ 48 സീറ്റുകള്‍ നേടി ബിജെപി തുടര്‍ച്ചയായ മൂന്നാം തവണയും ഭരണം ഉറപ്പിച്ചിരിക്കുകയാണ്. പത്തു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അധികാരം തിരിച്ചുപിടിക്കുമെന്നു കരുതിയ കോണ്‍ഗ്രസ് 37 സീറ്റുകളില്‍ ഒതുങ്ങി. കടുത്ത ഭരണവിരുദ്ധ വികാരം സംസ്ഥാനത്തുടനീളം അലയടിച്ചിട്ടും അതു മുതലാക്കാനാകാതെ പോയത് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്.

ഇതിനു പിന്നാലെയാണ് ഇപ്പോള്‍ സംസ്ഥാന തലത്തില്‍ പാര്‍ട്ടിയില്‍ പൊട്ടിത്തെറി ഉണ്ടായിരിക്കുന്നത്. തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഹരിയാന കോണ്‍ഗ്രസില്‍ വിഭാഗീയത രൂക്ഷമായിരുന്നു. നിരവധി തവണ ഹൂഡയ്‌ക്കെതിരേ വിമര്‍ശനവുമായി കുമാരി സെല്‍ജ രംഗത്തു വന്നിരുന്നു. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കാന്‍ ഹൂഡയെ നിയോഗിച്ചതിലും കുമാരി സെല്‍ജ എതിര്‍പ്പ് ഉന്നയിച്ചിരുന്നു.

''ഭരണത്തില്‍ ഇരുന്നുകൊണ്ടു തിരഞ്ഞെടുപ്പിനെ നേരിടുകയാണെങ്കില്‍ മുഖ്യമന്ത്രിക്ക് പാര്‍ട്ടിയെ നയിക്കാം. എന്നാല്‍ പ്രതിപക്ഷത്തിരുന്നു തിരഞ്ഞെടുപ്പ് നേരിടുമ്പോള്‍ ആരെയും ഉയര്‍ത്തിക്കാട്ടുന്ന സംവിധാനം ഇതുവരെ കോണ്‍ഗ്രസില്‍ ഇല്ല''- എന്നായിരുന്നു ഇക്കാര്യത്തില്‍ കുമാരി സെല്‍ജയുടെ പ്രതികരണം. കുമാരി സെല്‍ജ-ഹൂഡ ക്യാമ്പുകള്‍ ഇനി പരസ്യപ്പോരിലേക്കു നീങ്ങുമെന്നാണ് പുതിയ സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി