ഒരു മാസം നീണ്ടുനിന്ന തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കൊടുവില്‍ ഹരിയാന നാളെ പോളിങ് ബൂത്തിലേക്ക്. 22 ജില്ലകളിലെ 90 മണ്ഡലങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പില്‍ അധികാരത്തുടർച്ച ബിജെപി പ്രതീക്ഷിക്കുമ്പോള്‍ സംസ്ഥാനഭരണത്തിലേക്കുള്ള തിരിച്ചുവരവാണ് കോണ്‍ഗ്രസ് ഉന്നമിടുന്നത്.
ഹരിയാനയില്‍ ബിജെപിക്കെതിരെ ഭരണവിരുദ്ധവികാരം കോണ്‍ഗ്രസിന് വളമായിട്ടുണ്ടെങ്കിലും കർഷക പ്രശ്നങ്ങള്‍, അഗ്നിവീർ പദ്ധതി, ഗുസ്തിതാരങ്ങളുടെ പ്രതിഷേധം, തൊഴിലില്ലായ്മ തുടങ്ങി നിരവധി വിഷയങ്ങളാണ് തിരഞ്ഞെടുപ്പില്‍ ചർച്ചയായത്. വിനേഷ് ഫോഗട്ടിന്റെ കോണ്‍ഗ്രസിലേക്കുള്ള ചുവടുമാറ്റം, ജെജെപി-എഎസ്‌പി സഖ്യം, ബിഎസ്‌പി-ഐഎൻഎല്‍ഡി സഖ്യം, കൂറുമാറ്റങ്ങള്‍ എന്നിവയെല്ലാം ഹരിയാനയിലെ രാഷ്ട്രീയഭൂമികയില്‍ ചലനങ്ങളുണ്ടാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകള്‍.
2019ലെ തിരഞ്ഞെടുപ്പില്‍ 40 സീറ്റുകളുമായി ബിജെപിയായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. 31 സീറ്റുകളിലാണ് കോണ്‍ഗ്രസ് വിജയിച്ചത്. പത്തുസീറ്റുകളില്‍ വിജയിച്ച ജെജെപിയായിരുന്നു നിർണായകമായത്. നിയമസഭാതിരഞ്ഞെടുപ്പിന് മുന്നോടിയായി വന്ന ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം ഹരിയാനയില്‍ മാറ്റത്തിന്റെ കാറ്റ് വീശിത്തുടങ്ങിയെന്ന സൂചനകള്‍ നല്‍കിയിരുന്നു. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പത്തില്‍ പത്തുസീറ്റും നേടിയ ബിജെപി 2024-ല്‍ അഞ്ചിലേക്ക് ഒതുങ്ങി. കോണ്‍ഗ്രസ് അഞ്ച് സീറ്റുമായി തിരിച്ചുവരവും നടത്തി. അതുകൊണ്ടുതന്നെ തന്ത്രങ്ങളിലും മാറ്റങ്ങളുണ്ടായിട്ടുണ്ട്.
സാമുദായിക സമവാക്യങ്ങള്‍ നിർണായകമായ ഹരിയാനയില്‍ ജാട്ട്, ദളിത്, ന്യൂനപക്ഷ വിഭാഗങ്ങളില്‍ വിശ്വാസം അർപ്പിച്ചുകൊണ്ടാണ് കോണ്‍ഗ്രസിന്റെ സ്ഥാനാർഥി പ്രഖ്യാപനങ്ങളുണ്ടായത്. സംസ്ഥാന ജനസംഖ്യയുടെ 50 ശതമാനത്തോളം പേരും മേല്‍പ്പറഞ്ഞ വിഭാഗങ്ങളില്‍ നിന്നാണ്. മറുവശത്ത് ബ്രാഹ്മണർ, പഞ്ചാബികള്‍, രാജ്‌പുത് തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നുള്ളവർക്കാണ് ബിജെപി മുൻതൂക്കം കൊടുത്തത്. 2019ല്‍ വിജയിച്ച ഭൂരിഭാഗം എംഎല്‍എമാരെയും കോണ്‍ഗ്രസ് നിലനിർത്തിയപ്പോള്‍ വിജയിച്ച പകുതിയോളം എംഎല്‍എമാരെയും ബിജെപി തഴഞ്ഞു.
കോണ്‍ഗ്രസ് പ്രതീക്ഷയർപ്പിച്ചിരിക്കുന്ന ജാട്ട് വോട്ടുകള്‍ തന്നെയാണ് 2019-ല്‍ നിർണായകമായത്. ഭൂപീന്ദർ ഹൂഡയെ പിണക്കാതെ കോണ്‍ഗ്രസ് വഴങ്ങിയതും ഇതിനാല്‍ തന്നെയാണെന്ന് അനുമാനിക്കാം. എഎപിയെ വെട്ടിയതും, സ്ഥാനാർഥി നിർണയത്തിലുമെല്ലാം ഭൂപീന്ദറിന്റെ വ്യക്തമായ ആധിപത്യം ഹരിയാനയില്‍ പ്രകടമായിരുന്നു. ഇതിനെ തഴയാൻ കോണ്‍ഗ്രസ് ഒരു ഘട്ടത്തിലും തയാറായതുമില്ല.
ജാട്ട് വിഭാഗത്തില്‍ നിന്നുള്ള 25 എംഎല്‍എമാരാണ് നിയമസഭയിലേക്ക് അന്ന് എത്തിയത്. സംസ്ഥാനത്തെ 57 സീറ്റുകളില്‍ 10 ശതമാനത്തിലധികമാണ് ജാട്ട് വോട്ടുകള്‍. ഈ 57 സീറ്റുകളില്‍ കഴിഞ്ഞ തവണ കോണ്‍ഗ്രസ് 20 എണ്ണത്തില്‍ വിജയിച്ചപ്പോള്‍ ബിജെപി പത്തൊൻപതിടത്തും മറ്റുള്ളവർ പതിനെട്ടിടത്തും വിജയിച്ചു.
ജാതവ വിഭാഗമാണ് മറ്റൊന്ന്, 47 സീറ്റുകളിലാണ് ജാതവ വിഭാഗത്തിന്റെ വോട്ടുവിഹിതം 10 ശതമാനത്തിന് മുകളിലുള്ളത്. കഴിഞ്ഞ തവണ ബിജെപിക്കായിരുന്നു ഈ മേഖലകളില്‍ മുന്നേറ്റമുണ്ടാക്കാനായത്. 21 മണ്ഡലങ്ങളില്‍ ബിജെപി വിജയിച്ചപ്പോള്‍ കോണ്‍ഗ്രസ് 15ലേക്ക് ഒതുങ്ങി.
ബ്രാഹ്മണർക്ക് 10 ശതമാനത്തിലധികം വോട്ടുവിഹിതമുള്ള 25 സീറ്റുകള്‍ മാത്രമാണ് സംസ്ഥാനത്തുള്ളത്. ഇവിടെയും കഴിഞ്ഞ തവണ ബിജെപിക്കായിരുന്നു മുന്നേറ്റം (13). ജനറല്‍ വിഭാഗത്തില്‍ നിന്നുള്ള 24 എംഎല്‍എമാരും 2019-ല്‍ സഭയിലെത്തിയിരുന്നു.
സ്നേഹത്തിന്റെ കടയുമായി രാഹുലും കോണ്‍ഗ്രസിനോട് വർഗീയത ചേർത്ത് മോദിയും
ബിജെപിക്കും ആർഎസിസിനും എതിരെ ഹരിയാനയുടെ മുക്കിലും മൂലയിലും സ്നേഹത്തിന്റെ കട തുറക്കുമെന്നാണ് രാഹുല്‍ ഗാന്ധി ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം. ബിജെപി സർക്കാരിന്റെ ഭരണം മൂലം തൊഴിലില്ലായ്മ രൂക്ഷമായി സംസ്ഥാനത്തുനിന്ന് യുവാക്കള്‍ വിദേശത്തേക്ക് ചേക്കേറുകയാണെന്ന് രാഹുല്‍ ആക്ഷേപിച്ചു. യുഎസ് സന്ദർശനത്തില്‍ നേരില്‍ കണ്ട യുവാക്കളേയും തിരിച്ചെത്തി ഹരിയാനയിലെ അവരുടെ കുടുംബാംഗങ്ങളേയും കണ്ട സന്ദർഭങ്ങള്‍ ഉദാഹരിച്ചായിരുന്നു രാഹുലിന്റെ പരാമർശങ്ങളുണ്ടായത്.
സാധാരണക്കാരുടെ പ്രശ്നങ്ങളെ അവഗണിച്ചുകൊണ്ടുള്ള നീക്കമാണ് ബിജെപി സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും രാഹുല്‍ പറഞ്ഞു. മോദി സമ്പന്നരായ ഇരുപതോളം പേരുടെ 16 ലക്ഷം കോടി രൂപയുടെ കടങ്ങള്‍ വീട്ടി. എത്ര കർഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാൻ മോദിക്ക് സാധിച്ചെന്നും രാഹുല്‍ ചോദിച്ചു. എന്നാല്‍, കർഷകരെ ചൂഷണം ചെയ്യാനുള്ള പദ്ധതികളാണ് മോദി സർക്കാർ ആവിഷ്കരിച്ചതെന്നും രാഹുല്‍ ഹരിയാനയില്‍ പറഞ്ഞു. ഭാഷയുടേയും മതത്തിന്റേയും ജാതിയുടേയും പേരില്‍ എല്ലായിടത്തും ഭിന്നിപ്പുണ്ടാക്കുന്ന ബിജെപി-ആർഎസ്എസ് നീക്കങ്ങളെ തടയണമെന്നും രാഹുല്‍ ആഹ്വാനം ചെയ്തു.
എന്നാല്‍, കോണ്‍ഗ്രസ് അഴിമതയുടേയും ജാതീയതയുടേയും വർഗീയതയുടേയും സ്വജനപക്ഷപാതത്തിന്റേയും പര്യായമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിരോധത്തിനിറങ്ങിയത്. ഹിമാചലിലും കർണാടകയിലും തിരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് സർക്കാരുകളുടെ പരാജയമാണ് കാണുന്നതെന്നും അവരുടെ നയങ്ങള്‍ ജനങ്ങളുടെ ജീവിതം നശിപ്പിക്കുകയാണെന്നും അത് ഹരിയാനയില്‍ ആവർത്തിക്കാൻ അനുവദിക്കരുതെന്നും മോദി പറഞ്ഞു. കോണ്‍ഗ്രസിനൊരിക്കലും രാജ്യത്തെ ശക്തിപ്പെടുത്താനാകില്ലെന്നും ലോകം ഇന്ത്യയെ ഉറ്റുനോക്കുകയാണെന്നും അത് കൂടുതല്‍ മെച്ചപ്പെടുത്താനായി ബിജെപിയെ തിരഞ്ഞെടുക്കണമെന്നുമാണ് മോദിയുടെ വാദം.
വിനേഷ് ഫോഗട്ടെന്ന തുറുപ്പുചീട്ടുമായി കോണ്‍ഗ്രസ്
ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാരിന്റേയും ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്റേയും വേട്ടയാടലിന്റെ ഇരയായി ചിത്രീകരിക്കപ്പെടുന്ന വിനേഷ് ഫോഗട്ട് കോണ്‍ഗ്രസില്‍ ചേർന്നതും മത്സരിക്കുന്നതും ചെറുതല്ലാത്ത ഊർജമാണ് കോണ്‍ഗ്രസ് ക്യാമ്പിന് നല്‍കിയത്. ഒളിമ്പിക്‌സ് സ്വർണമെഡല്‍ നഷ്ടമായതും, ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനും ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷനുമെതിരെ ഉയർന്ന ആരോപണവും വിനേഷിനുള്ള പിന്തുണ വർധിപ്പിച്ചിട്ടുണ്ട്. അതിന്റെ തെളിവായിരുന്നു പ്രചാരണവേദികള്‍ക്ക് മുന്നില്‍ തടിച്ചുകൂടിയ ജനക്കൂട്ടം.
പൊതുവെ പുരുഷമേധാവിത്വത്താല്‍ മുന്നോട്ടുപോകുന്നതാണ് ഹരിയാനയിലെ തിരഞ്ഞെടുപ്പ് വേദികള്‍. ജുലാനയിലെ ജാട്ട് ആധിപത്യമേഖലകളില്‍ എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള വ്യക്തികളുടെ സാന്നിധ്യമുണ്ടായിരുന്നു. വനിത താരങ്ങളുടെ നീതിക്കായുള്ള പോരാട്ടം ഹരിയാനയിലെ ഓരോ സ്ത്രീവോട്ടർമാരെയും സ്വാധീനിച്ചിട്ടുള്ളതായാണ് ദേശീയ മാധ്യമ റിപ്പോർട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. അത്തരമൊരു മുഖം കോണ്‍ഗ്രസിന്റെ ഭാഗമാകുമ്പോള്‍ അതിന് അതിന്റേതായ പ്രാധാന്യമുണ്ടെന്നും കണക്കാക്കപ്പെടുന്നു. ബിജെപിയുടെ അനീതിക്കെതിരായ പോരാട്ടമുഖമെന്നാണ് കോണ്‍ഗ്രസ് വിനേഷിനെ വിശേഷിപ്പിച്ചത്.
ജെജെപി-എഎസ്‌പി സഖ്യം
2019ലെ കിങ് മേക്കറായിരുന്നു ജന നായക് ജനതാ പാർട്ടി (ജെജെപി). ബിജെപി സഖ്യം വിട്ട് ചന്ദ്രശേഖർ ആസാദിന്റെ അസാദ് സമാജ് പാർട്ടിക്ക് (എഎസ്‌പി) ജെജെപിയും ദുഷ്യന്ത് ചൗട്ടാല കൈകൊടുക്കുമ്പോള്‍ കഴിഞ്ഞ തവണത്തേക്കാള്‍ മുന്നേറ്റമാണ് പാർട്ടി പ്രതീക്ഷിക്കുന്നത്. 2019ല്‍ 10 സീറ്റുകളായിരുന്നു ജെജെപി നേടിയത്. ജെജെപിയെ കൂട്ടുപിടിച്ചായിരുന്നു ബിജെപി സർക്കാർ രൂപീകരിച്ചതും.
യുവ വോട്ടർമാരെയും കർഷകരേയും ലക്ഷ്യമിട്ടായിരുന്നു സഖ്യത്തിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക പോലും. അഗ്നീർ പദ്ധതിയിലുള്‍പ്പെട്ടവർക്ക് ഉന്നതവിദ്യാഭ്യാസം, പ്ലസ് ടു പാസാകുന്ന വിദ്യാർഥികള്‍ക്ക് സ്കൂട്ടർ, ഗർഭിണിയായ സ്ത്രീകള്‍ക്ക് പ്രതിമാസം 5,000 രൂപ ഇങ്ങനെ നീങ്ങുന്നു വാഗ്ദാനങ്ങള്‍. ഹരിയാനയെ നയിക്കാൻ ദുഷ്യന്ത് ചൗട്ടാലയെപോലെ ഉചിതമായൊരാളില്ലെന്നാണ് ആസാദ് പറഞ്ഞത്. കോണ്‍ഗ്രസിനേയും ബിജെപിയേയും കടന്നാക്രമിച്ചായിരുന്നു ദുഷ്യന്ത് ചൗത്താലയുടെ തിരഞ്ഞെടുപ്പ് റാലികളും.
അശോക് തൻവാറിന്റെ അപ്രതീക്ഷിത തിരിച്ചുവരവ്?
വ്യാഴാഴ്ച ഉച്ചവരെ ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലികളില്‍ സജീവമായിരുന്നു അശോക് തൻവാർ. അധികം വൈകിയില്ല വൈകുന്നേരത്തോടെ രാഹുല്‍ ഗാന്ധിക്കൊപ്പം കോണ്‍ഗ്രസ് വേദിയില്‍. ഹരിയാന കോണ്‍ഗ്രസിന്റെ മുൻ പ്രസിഡന്റും ദളിത് മുഖവുമായിരുന്നു തൻവാർ. ഭൂപീന്ദർ സിങ്ങുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നായിരുന്നു തൻവാർ അഞ്ച് വർഷം മുൻപ് പാർട്ടി വിട്ടത്. വൈരം മറന്നായിരുന്നു ഹൂഡയും രാഹുലും തൻവാറിനെ സ്വീകരിച്ചത്. ഭരണവിരുദ്ധ വികാരം മറികടന്ന് മൂന്നാം വട്ടം അധികാരത്തിലേറാനൊരുങ്ങുന്ന ബിജെപിക്ക് കനത്ത തിരിച്ചടിയാവുകയായിരുന്നു തൻവാറിന്റെ ചുവടുമാറ്റം. മറുവശത്ത് കോണ്‍ഗ്രസിന് കൃത്യമായ മുൻതൂക്കവും നല്‍കുന്നതായിരുന്നു നീക്കം.
പാളിപ്പോയ കോണ്‍ഗ്രസ്-ആം ആദ്മി ബാന്ധവം
ബിജെപി ഇതര വോട്ടുകള്‍ ഏകോപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും തിരഞ്ഞെടുപ്പ് സഖ്യത്തിനായി ഒരുങ്ങിയത്. എന്നാല്‍ സീറ്റ് വിഭജനത്തെ ചൊല്ലിയുണ്ടായ തര്‍ക്കങ്ങളെത്തുടര്‍ന്ന് ആ ബാന്ധവം മുളയിലേ തകര്‍ന്നു. കര്‍ഷക സമരത്തിന് പരിപൂര്‍ണ പിന്തുണ നല്‍കിയ പഞ്ചാബിലെ ആം ആദ്മി സര്‍ക്കാരിന്റെ നയം ഹരിയാനയിലും പ്രതിഫലിക്കുമെന്നും അതിന്റെ ഗുണം പാര്‍ട്ടിക്ക് ലഭിക്കുമെന്നുമാണ് ആം ആദ്മി പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍.
അതുകൊണ്ടുതന്നെയാണ് സീറ്റ് വിഭജനത്തില്‍ വിട്ടുവീഴ്ചയ്ക്ക് അവര്‍ തയാറാകാഞ്ഞത്. അതിനു പുറമേ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്‌രിവാള്‍ ജാമ്യം നേടി പുറത്തു വന്നതും പ്രചാരണത്തിന് നേതൃത്വം നല്‍കാന്‍ എത്തിയതും വോട്ടായി മാറുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു. എന്നാല്‍ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും ഭിന്നിച്ചു നില്‍ക്കുന്നത് ബിജെപിക്ക് ഗുണം ചെയ്യുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ശക്തമായ മത്സരം നടക്കുന്ന ഇരുപതിലേറെ മണ്ഡലങ്ങളില്‍ ആം ആദ്മി പാര്‍ട്ടി പിടിക്കുന്ന വോട്ടുകള്‍ നിര്‍ണായകമാകുമെന്നാണ് കരുതുന്നത്.