INDIA

എക്‌സിറ്റ് പോളുകള്‍ വീണ്ടും പാളി? ഹരിയാനയില്‍ കോണ്‍ഗ്രസിനെ ഞെട്ടിച്ച് ബിജെപി മുന്നേറ്റം; ജമ്മുവില്‍ ഇന്ത്യ സഖ്യം

വെബ് ഡെസ്ക്

ഹരിയാന-ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രണ്ടാം ഘട്ടം പിന്നിടുമ്പോള്‍ എക്‌സിറ്റ് പോള്‍ ഫലങ്ങളെ അപ്പാടെ തിരുത്തുന്നതാണ് ജനവിധി. ഹരിയാനയില്‍ കോണ്‍ഗ്രസിന്റെ കുതിപ്പും ജമ്മു കശ്മീരില്‍ ഇഞ്ചോടിഞ്ച് പോരാട്ടവുമായിരുന്നു എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചിരുന്നത്. ഇത് ശരിവെക്കുന്നതുമായിരുന്നു ആദ്യ മണിക്കൂറുകളിലെ ഫലസൂചനകള്‍.

ഹരിയാനയില്‍ കോണ്‍ഗ്രസ് തരംഗം കാറ്റായാണോ കൊടുങ്കാറ്റായാണോ അതോ സുനാമിയായാണോ വരുന്നതെന്നായിരുന്നു ചോദ്യം. ആദ്യ ഘട്ടത്തില്‍ 90 മണ്ഡലങ്ങളില്‍ എഴുപതിടത്തും കോണ്‍ഗ്രസിനായിരുന്നു മുന്നേറ്റം. കോണ്‍ഗ്രസ് ആസ്ഥാനത്തുള്‍പ്പെടെ ആഘോഷങ്ങളും ആരംഭിച്ചിരുന്നു. ഏറെക്കാലമായി കോണ്‍ഗ്രസ് ആസ്ഥാനങ്ങളില്‍ നിന്ന് അകന്നുനിന്ന ആഘോഷങ്ങള്‍ തിരിച്ചുവരുന്നുവെന്നായിരുന്നു എല്ലാവരും കരുതിയത്.

എന്നാല്‍, രണ്ടാം ഘട്ട വോട്ടെണ്ണലില്‍ ആരംഭിച്ചതോടെ കോണ്‍ഗ്രസിന്റെ ലീഡ് ക്രമേണ കുറയുന്നതും ബിജെപി സ്ഥിരതയോടെ മുന്നേറ്റം കാഴ്ചവെക്കുന്നതുമായിരുന്നു കണ്ടത്. വൈകാതെ തന്നെ കേവല ഭൂരിപക്ഷ മോഹങ്ങള്‍ കോണ്‍ഗ്രസ് ക്യാമ്പില്‍ നിന്നുമകന്നു. നിലവില്‍ തിരഞ്ഞെടുപ്പ് കമ്മിഷൻ നല്‍കുന്ന വിവരങ്ങള്‍ പ്രകാരം ഹരിയാനയില്‍ 43 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് 38 ഇടത്തും. കഴിഞ്ഞ തവണ 40 സീറ്റുകളിലായിരുന്നു ബിജെപി വിജയിച്ചത്.

ഹരിയാന കോണ്‍ഗ്രസ് തലവൻ ഭൂപീന്ദർ ഹൂഡ സർക്കാർ രൂപീകരിക്കാനാകുമെന്ന ആത്മവിശ്വാസം പങ്കുവെച്ചു. മുഴുവൻ വോട്ടും എണ്ണിക്കഴിയുമ്പോള്‍ കോണ്‍ഗ്രസ് മുന്നേറ്റമുണ്ടാകുമെന്നാണ് ഹൂഡയുടെ അവകാശവാദം.

അതേസമയം, 2019ല്‍ സർക്കാർ രൂപീകരണത്തില്‍ നിർണായകമായ ജെജെപി ഇത്തവണ തകർന്നിടിയുകയാണ്. പത്ത് സീറ്റുകളില്‍ നിന്ന് പൂജ്യത്തിലേക്കാണ് ജെജെപി വീണിരിക്കുന്നത്. ചന്ദ്രശേഖർ ആസാദിന്റെ ആസാദ് സമാജ് പാർട്ടിയുമായി ചേർന്നായിരുന്നു ജെജെപി മത്സരിച്ചത്.

ഹരിയാനയില്‍ സിപിഎം മത്സരിക്കുന്ന ഏക സീറ്റായ ഭിവാനിയിലും ബിജെപി മുന്നേറ്റമാണ്. നിലവില്‍ ബിജെപി സ്ഥാനാർഥി ഘൻശ്യാം സാറഫിന് ഓം പ്രകാശിനേക്കാള്‍ 5,000 വോട്ടിന്റെ ലീഡാണ് നിലവിലുള്ളത്.

ജമ്മു കശ്മീരില്‍ തൂക്കുസഭയുണ്ടാകുമെന്ന് പ്രഖ്യാപിച്ച എക്‌സിറ്റ് പോളുകളെ അപ്പാടെ തള്ളുന്നതാണ് ജനവിധി. 90 സീറ്റുകളുള്ള നിയമസഭയില്‍ നാഷണല്‍ കോണ്‍ഫറൻസ് (എൻസി) - കോണ്‍ഗ്രസ് സഖ്യം കേവലഭൂരിപക്ഷം കടന്നു. എൻ സി 39 സീറ്റുകളിലും കോണ്‍ഗ്രസ് എട്ട് മണ്ഡലങ്ങളിലുമാണ് ലീഡ് ചെയ്യുന്നത്. ഗവർണർ നാമനിർദേശം ചെയ്യുന്ന അഞ്ച് എംഎല്‍എമാരെയും ഉള്‍പ്പെടുത്തിയാലും സഖ്യത്തിന് സർക്കാർ രൂപീകരണത്തിനുള്ള സാധ്യതയുണ്ട്.

ബിജെപി 28 മണ്ഡലങ്ങളിലാണ് നിലവില്‍ ലീഡ് ചെയ്യുന്നത്. 2014ല്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപിയോടൊപ്പം സർക്കാർ രൂപീകരിച്ച പിഡിപി നാല് മണ്ഡലങ്ങളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. 2014ല്‍ 28 സീറ്റുകളിലായിരുന്നു പിഡിപി വിജയിച്ചത്.

'നടപടിക്രമങ്ങള്‍ സ്ഥാപനങ്ങളെയും വ്യക്തികളെയും അപകീർത്തിപ്പെടുത്താൻ കഴിയില്ല'; ഇഷ ഫൗണ്ടേഷനെതിരായ കേസുകള്‍ അവസാനിപ്പിച്ച് സുപ്രീംകോടതി

പി സരിന്‍ പാലക്കാട് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും; തീരുമാനം അറിയിച്ച് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്, ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട്

ഗുര്‍പത്വന്ത് പന്നൂന്റെ കൊലപാതക ഗൂഢാലോചന: മുന്‍ റോ ഉദ്യോഗസ്ഥനെതിരെ കുറ്റം ചുമത്തി യുഎസ് നീതിന്യായ വകുപ്പ്

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി