ഹരിയാനയിലെ നൂഹ് ജില്ലയില്‍ മൊബൈല്‍ ഇന്റര്‍നെറ്റ്, എസ്എംഎസ് സേവനങ്ങള്‍ മൂന്ന് ദിവസത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ ഹരിയാന സര്‍ക്കാരിന്റെ നിര്‍ദേശം. പശുക്കടത്ത് ആരോപിച്ച് മുസ്ലിം യുവാക്കളെ തട്ടിക്കൊണ്ടുപോയി ചുട്ടുകൊന്ന സംഭവത്തില്‍ പ്രതിഷേധം, വര്‍ഗീയ സംഘര്‍ഷത്തിലേയ്ക്കടക്കം എത്തുമെന്ന ആശങ്കയിലാണ് ഹരിയാന സര്‍ക്കാര്‍ നടപടി
ഇന്ന് മുതല്‍ ഫെബ്രുവരി 28 വരേയാണ് മൊബൈല്‍ ഇന്റര്‍നെറ്റ്, എസ്എംഎസ് സേവനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഹരിയാനയില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് ആളുകള്‍ വെള്ളിയാഴ്ച ഫിറോസ്പൂര്‍ ജിര്‍ക്കയിലെ നുഹ്-അല്‍വാര്‍ ഹൈവേ ഉപരോധിച്ചിരുന്നു. അതിന് ശേഷമാണ് നൂഹില്‍ സുരക്ഷ ശക്തമാക്കിയത്.
ഇന്ന് മുതല്‍ ഫെബ്രുവരി 28 വരേയാണ് മൊബൈല്‍ ഇന്റര്‍നെറ്റ്, എസ്എംഎസ് സേവനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്
ഹരിയാന സര്‍ക്കാര്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍, ബള്‍ക്ക് എസ്എംഎസ് ഉള്‍പ്പെടെയുള്ള എല്ലാ എസ്എംഎസ് സേവനങ്ങളും ബാങ്കിംഗ്, മൊബൈല്‍ റീചാര്‍ജ് എന്നിവ ഒഴികെയുള്ള മൊബൈല്‍ നെറ്റ്വര്‍ക്കുകളില്‍ നല്‍കുന്ന സേവനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. സാമുദായിക സംഘര്‍ഷത്തിനും സമാധാനം തകരുന്നതിനുമുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം. മൊബൈല്‍ ഫോണുകളിലും എസ്എംഎസുകളിലും വാട്ട്സ്ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ വിവിധ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളിലൂടെ തെറ്റായ വിവരങ്ങളും കിംവദന്തികളും പ്രചരിപ്പിക്കുന്നത് തടയുന്നതിനാണ് താല്‍ക്കാലിക സസ്പെന്‍ഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നു.
വെള്ളിയാഴ്ച നടന്ന പ്രതിഷേധത്തില്‍ ഒരു മണിക്കൂറോളം ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു, ഒടുവില്‍ പോലീസ് ഇടപെട്ടാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. ഹൈവേ ഉപരോധിച്ചതിന് 500ലധികം പേര്‍ക്കെതിരെ ശനിയാഴ്ച പോലീസ് കേസെടുത്തിരുന്നു.
ഫെബ്രുവരി 15 ന് രാജസ്ഥാനിലെ ഭരത്പൂര്‍ ജില്ലയിലെ ഗ്രാമത്തില്‍ താമസിക്കുന്ന നസീര്‍, ജുനൈദ് എന്നിവരെ പശു സംരക്ഷകര്‍ തട്ടിക്കൊണ്ടുപോയെന്നായിരുന്നു റിപ്പോർട്ടുകള്‍, അടുത്ത ദിവസം ഹരിയാനയില്‍ മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ കാറില്‍ കണ്ടെത്തി
ഫെബ്രുവരി 15 ന് രാജസ്ഥാനിലെ ഭരത്പൂര്‍ ജില്ലയിലെ ഗ്രാമത്തില്‍ താമസിക്കുന്ന നസീര്‍, ജുനൈദ് എന്നിവരെ പശു സംരക്ഷകര്‍ തട്ടിക്കൊണ്ടുപോയതായി ആരോപിക്കപ്പെട്ടിരുന്നു, അടുത്ത ദിവസം ഹരിയാനയില്‍ മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ കാറില്‍ കണ്ടെത്തി. കേസില്‍ എട്ട് പ്രതികള്‍ക്കെതിരെ വ്യക്തമായ തെളിവുകള്‍ ലഭിച്ചതായി രാജസ്ഥാന്‍ പോലീസ് അറിയിച്ചു. നൂഹില്‍ നിന്നുള്ള അനില്‍, ശ്രീകാന്ത്, കൈതലില്‍ നിന്നുള്ള കാലു, കര്‍ണാലില്‍ നിന്നുള്ള കിഷോര്‍, ശശികാന്ത്, ഭിവാനിയില്‍ നിന്നുള്ള മോനു, ഗോഗി, ജിന്ദിലെ വികാസ് എന്നിവരാണ് ഇവരെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം, കേസില്‍ ബജ്റംഗ്ദള്‍ അംഗമായ മോനു മനേസറിന്റെ പങ്ക് ഇപ്പോഴും അന്വേഷിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ബുധനാഴ്ച അറസ്റ്റിലായ പ്രതി റിങ്കു സൈനിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം പോലീസ് കസ്റ്റഡിയില്‍ വിട്ടു.