INDIA

അദാനിയെ പിന്തുണച്ച് വ്യാജന്മാർ; ട്വിറ്ററിൽ ട്രെൻഡിങ്ങായി #EconomyWillNeverDie

'അദാനി ഗ്രൂപ്പ് വിപണിയിലെ അധികാരം വീണ്ടും പിടിച്ചടക്കിയതില്‍ സന്തോഷം' എന്നിങ്ങനെ അദാനിയേയും കമ്പനിയെയും പുകഴ്ത്തി ട്വീറ്റുകള്‍

വെബ് ഡെസ്ക്

അദാനി ഗ്രൂപ്പിനെ പിന്തുണച്ചും ഹിൻഡൻബർഗ് റിപ്പോർട്ടിനെ തള്ളിയുമുള്ള ട്വീറ്റുകൾ ട്വിറ്ററിൽ ട്രെൻഡിങ്ങാക്കി വ്യാജ പ്രൊഫൈലുകൾ. #EconomyWillNeverDie എന്ന ഹാഷ്‌ടാഗോടെയാണ് ട്വീറ്റുകൾ പ്രചരിക്കുന്നത്. കൂടുതലും വ്യാജ പ്രൊഫൈലുകളാണ് ഇതിന് പിന്നിലെന്ന് ചൂണ്ടിക്കാട്ടിയത് ഫാക്ട് ചെക്ക് സ്ഥാപനമായ ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറാണ്. "ഹിൻഡൻബർഗിന്റെ വിശ്വാസയോഗ്യമല്ലാത്ത റിപ്പോർട്ടുകളെയല്ല, അദാനി ഗ്രൂപ്പിനെ വിശ്വസിക്കൂ" എന്നതാണ് മിക്ക ട്വീറ്റുകളുടെയും ഉള്ളടക്കം.

ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് ഊർജം പകരുന്നതിന് മുഖ്യ പങ്ക് വഹിക്കുന്നത് അദാനി ഗ്രൂപ്പാണെന്ന് വരെ ട്വീറ്റുകളിൽ 'അദാനി ആരാധകർ' പറയുന്നു

'ആദ്യമായല്ല മാർക്കറ്റിൽ ഉയർച്ച താഴ്ചകൾ ഉണ്ടാകുന്നത്, അത് സ്വാഭാവികമാണ്. എന്നാൽ അദാനി ഗ്രൂപ്പ് കരുത്തോടെ വീണ്ടും തിരിച്ചു വന്നു', 'അദാനി ഗ്രൂപ്പ് വിപണിയിലെ അധികാരം വീണ്ടും പിടിച്ചടക്കിയതില്‍ സന്തോഷം' എന്നിങ്ങനെ അദാനിയേയും അദ്ദേഹത്തിന്റെ കമ്പനിയെയും പുകഴ്ത്തിയാണ് മുഴുവൻ ട്വീറ്റുകളും. ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് ഊർജം പകരുന്നതിന് മുഖ്യ പങ്ക് വഹിക്കുന്നത് അദാനി ഗ്രൂപ്പാണെന്ന് വരെ ട്വീറ്റുകളിൽ 'അദാനി ആരാധകർ' പറയുന്നു. മിനിറ്റുകൾക്കുള്ളിലാണ് ഒരേ ഹാഷ്ടാഗിൽ നിരവധി ട്വീറ്റുകൾ ട്വീറ്റ് ചെയ്യപ്പെടുന്നത്. വ്യാജ പ്രൊഫൈലുകൾക്ക് പുറമെ ചില വെരിഫൈഡ് അക്കൗണ്ടുകളും പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

അദാനി ഗ്രൂപ്പിന്റെ ഓഹരികളിലെ വിദേശ നിക്ഷേപം, കമ്പനിയുടെ ഭാവിയിൽ ആഗോള സമൂഹത്തിനുള്ള ആത്മവിശ്വാസത്തിന്റെ അളവ് വ്യക്തമാക്കുന്നുവെന്നും പല പ്രൊഫൈലുകളും ട്വീറ്റ് ചെയ്തു. അദാനി ഗ്രൂപ്പിനെതിരെയുള്ള റിപ്പോർട്ടുകൾ കെട്ടിച്ചമച്ചതാണെന്നും അടിസ്ഥാനരഹിതമാണെന്നും ആരോപിച്ച് കമ്പനി രംഗത്ത് വന്നിരുന്നു. ഇന്ത്യയ്‌ക്കെതിരെയുള്ള ആസൂത്രിത നീക്കമാണ് ഹിൻഡൻബർഗ് റിപ്പോർട്ടെന്നും കമ്പനി അവകാശപ്പെട്ടിരുന്നു.

അതേസമയം അദാനി ഗ്രൂപ്പിന്റെ അവകാശ വാദങ്ങളോട് ഹിൻഡൻബർഗും പ്രതികരിച്ചു. തട്ടിപ്പ് ആര് കാണിച്ചാലും തട്ടിപ്പ് തന്നെയാണെന്നും ദേശീയതയുടെ മറവിൽ ക്രമക്കേടുകൾ കാണിക്കാനാകില്ല എന്നുമായിരുന്നു യു എസ് കമ്പനിയുടെ പ്രതികരണം. നിക്ഷേപകരെ ഓഹരിവില പെരുപ്പിച്ചുകാട്ടി വഞ്ചിച്ചെന്ന ഹിൻഡൻബർഗ് റിപ്പോർട്ട് ജനുവരി 24ന് പുറത്തുവന്നതിനു പിന്നാലെ ഓഹരിവിപണിയിൽ അദാനി ഗ്രൂപ്പ് കൂപ്പുകുത്തിയിരുന്നു. ലോകത്തെ അതിസമ്പന്നരുടെ ഫോർബ്‌സ് പട്ടികയിൽ ഗൗതം അദാനി മൂന്നാം സ്ഥാനത്ത് നിന്ന് എട്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.

അദാനി ഗ്രൂപ്പിൽ നിക്ഷേപിച്ചതിലൂടെ സ്ഥാപനത്തിന് നഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്ന വിശദീകരണവുമായി കേന്ദ്രപൊതുമേഖലാ സ്ഥാപനമായ എൽഐസി കഴിഞ്ഞ ദിവസം രംഗത്തുവന്നു. കൂടാതെ കടമെടുപ്പിന് ഭീഷണിയില്ലെന്ന് വായ്പ നൽകിയ ബാങ്കുകളും അറിയിച്ചിരുന്നു. എന്നാൽ റിപ്പോർട്ടിൽ ഹിൻഡൻബർഗ് ഉന്നയിച്ച ചോദ്യങ്ങൾക്ക് ഇതുവരെയും കൃത്യമായ മറുപടി അദാനി ഗ്രൂപ്പ് നൽകിയിട്ടില്ല.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ