INDIA

പരസ്യത്തില്‍ ദളിത് അധിക്ഷേപം: ട്വിറ്ററില്‍ സൊമാറ്റോയ്ക്കെതിരെ ബോയ്‌കോട്ട് ഹാഷ്ടാഗ്

പരിസ്ഥിതി ദിനത്തില്‍ പ്ലാസ്റ്റിക് പുനരുപയോഗം ചെയ്യണമെന്ന സന്ദേശം നല്‍കുന്ന പരസ്യത്തില്‍ ദളിതരെ അധിക്ഷേപിച്ചെന്നാണ് സോഷ്യല്‍ മീഡിയയിലെ വ്യാപക വിമർശനം

വെബ് ഡെസ്ക്

ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോയ്‌ക്കെതിരെ ട്വിറ്ററില്‍ നിരോധന ആഹ്വാനം. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ പരസ്യത്തില്‍ ദളിതരെ അധിക്ഷേപിച്ചെന്ന വിമർശനമുന്നയിച്ചാണ് പ്രതിഷേധം.

പരിസ്ഥിതി ദിനത്തില്‍ പ്ലാസ്റ്റിക് പുനരുപയോഗം ചെയ്യണമെന്ന സന്ദേശം നല്‍കുന്ന പരസ്യത്തില്‍ ദളിതരെ അപമാനിച്ചുവെന്നാണ് സോഷ്യല്‍ മീഡിയയിലെ വ്യാപക വിമർശനം. വിവാദത്തെ തുടര്‍ന്ന് പരസ്യം സൊമാറ്റോ പിന്‍വലിച്ചെങ്കിലും ഇപ്പോഴും ട്വിറ്ററില്‍ ബോയ്‌കോട്ട് സൊമാറ്റോ എന്ന ഹാഷ്ടാഗ് തരംഗമാകുകയാണ്.

2001ല്‍ പുറത്തിറങ്ങിയ ലഗാന്‍ എന്ന ആമിർ ഖാൻ ചിത്രത്തില്‍ കച്ച എന്ന ദളിത് കഥാപാത്രത്തെ അവതരിപ്പിച്ച നടനെ മാലിന്യങ്ങള്‍ കൊണ്ട് നിര്‍മിച്ച വസ്തുവായി സൊമാറ്റോ ചിത്രീകരിക്കുകയായിരുന്നു. അടിച്ചമര്‍ത്തപ്പെട്ട ദളിതരുടെ ശബ്ദദമായി അവതരിപ്പിക്കപ്പെട്ട കഥാപാത്രമായിരുന്നു കച്ച. കച്ച എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ ആദിത്യ ലഖിയയെ പ്ലാസ്റ്റിക് മാലിന്യത്തോടാണ് താരതമ്യപ്പെടുത്തിയിരിക്കുന്നത്. പ്ലാസ്റ്റിക് കൊണ്ട് പുനരുപയോഗം ചെയ്ത ബള്‍ബ്, കടലാസ്, ടവല്‍, വെള്ളമൊഴിക്കുന്ന ഗ്ലാസ്സ്, ജാക്കറ്റുകള്‍ എന്നിവയായാണ് ചിത്രീകരിച്ചിരിക്കുന്നത്.

യൂട്യൂബില്‍ നിന്നും മറ്റ് സമൂഹ മാധ്യങ്ങളില്‍ നിന്നും പരസ്യം നീക്കം ചെയ്തിരുന്നു. വെറുപ്പുളവാക്കുന്ന പരസ്യം എന്നാണ് പലരും ഇതിനെ വിശേഷിപ്പിച്ചത്. ബോളിവുഡ് സംവിധായകന്‍ നീരജ് ഗയ്‌വാന്‍, നിര്‍മാതാവ് മധുരിത ആനന്ദ്, ദളിത് ചരിത്രകാരന്‍ കാരുണ്യകരെ ലെല്ല എന്നിവരും പരസ്യത്തിനെതിരെ രംഗത്തെത്തിയിരുന്നു.

അടിച്ചമര്‍ത്തപ്പെട്ടവരുടെ ശബ്ദമായി സ്ക്രീനിലെത്തിയ കഥാപാത്രത്തെ ഇത്തരത്തില്‍ ജാതിതിരിച്ച് പരസ്യത്തിനായി ഉപയോഗിച്ചിരിക്കുകയാണ്. ഇത് ഗൗരവമുള്ള വിഷയമാണെന്നാണ് മസാന്‍ ചിത്രത്തിന്റെ സംവിധായകനായ നീരജ് ഗയ് വാന്‍ ട്വിറ്ററില്‍ കുറിച്ചു.

സമൂഹമാധ്യമങ്ങളില്‍ സൊമാറ്റോക്കെതിരെ വിദ്വേഷം വളര്‍ന്നതോടെ കമ്പനി അതിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ ക്ഷമാപണം നടത്തി

ഗയ് വാന്റെ ട്വീറ്റിന് മറുപടിയായി ചലച്ചിത്ര നിര്‍മാതാവ് മധുരിത ആനന്ദും പരസ്യത്തെ വിമര്‍ശിച്ച് രംഗത്തെത്തി. ആരാണ് ഇത് ചിത്രീകരിച്ചതെന്നും ഇത്തരത്തില്‍ ജാതി അധിക്ഷേപം നടത്താന്‍ ആരാണ് ഇവര്‍ക്ക് അനുമതി നല്‍കിയെന്നതിനെപ്പറ്റി ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സമൂഹമാധ്യമങ്ങളില്‍ സൊമാറ്റോയ്ക്കെതിരെ വിദ്വേഷം വളര്‍ന്നതോടെ കമ്പനി അതിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് ക്ഷമാപണം നടത്തി. പ്ലാസ്റ്റിക് മാലിന്യം പുനരുപയോഗം ചെയ്യുന്നതിന്റെ ആവശ്യകതയെപ്പറ്റി ബോധവത്ക്കരണം ചെയ്യാനാണ് ഇത്തരത്തിലൊരു പരസ്യം ചെയ്തതെന്നായിരുന്നു സൊമാറ്റോയുടെ വാദം.

ടീമിലെ മറ്റ് അംഗങ്ങള്‍ ജാതിയുടെ പേരില്‍ 'തൊട്ടൂകൂടാത്തവന്‍' എന്ന് അധിക്ഷേപിച്ച് കച്ചയെ മാറ്റിനിര്‍ത്തുന്നതാണ് കഥാപാത്രത്തിന്റെ പശ്ചാത്തലം

ക്രിക്കറ്റ് മത്സരത്തെ അടിസ്ഥാനപ്പെടുത്തിയുള്ള 2001ലിറങ്ങിയ ലഗാന്‍ ബോളിവുഡ് ഹിറ്റ് ചിത്രങ്ങളിലൊന്നാണ്. കച്ച എന്ന് പേരുള്ള പോളിയോ ബാധിതനായ ഒരു ദളിത് യുവാവിന്റെ കഥാപാത്രമാണ് ആദിത്യ ലിഖിയ അവതരിപ്പിച്ചിരിക്കുന്നത്.

സിനിമയിലെ നായകനായ ആമിര്‍ ഖാന്റെ കഥാപാത്രം കച്ചയുടെ ക്രിക്കറ്റ് കളിയിലുള്ള വൈദഗ്ധ്യം കണ്ടെത്തി കച്ചയെ ടീമില്‍ ചേര്‍ക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്നു. എന്നാല്‍ ടീമിലെ മറ്റ് അംഗങ്ങള്‍ ജാതിയുടെ പേരില്‍ 'തൊട്ടൂകൂടാത്തവന്‍' എന്ന് അധിക്ഷേപിച്ച് കച്ചയെ മാറ്റിനിര്‍ത്തുന്നതാണ് കഥാപാത്രത്തിന്റെ പശ്ചാത്തലം.

പക്ഷേ ക്രിക്കറ്റ് മത്സരത്തില്‍ ജയിക്കുന്നതിന് കച്ച നിര്‍ണായകമായ സംഭാവനകള്‍ നല്‍കുന്നുണ്ട്. ഈ കഥാപാത്രത്തിലൂടെ അധഃസ്ഥിത വിഭാഗമായ ദളിതരെ പ്രതിനിധീകരിക്കുന്ന കഥാപാത്രമായി കച്ച മാറി.

എന്നാല്‍ ഇതിനെ നേരെ വിപരീതമായാണ് സൊമാറ്റോ ഈ കഥാപാത്രത്തെ പരസ്യത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഈ പരസ്യത്തിന് ശേഷം ഏകദേശം 20 ദശലക്ഷം പ്ലാസ്റ്റിക്കുകള്‍ പുനരുപയോഗം ചെയ്‌തെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്