INDIA

മോദിയുടെ മുസ്ലിം വിദ്വേഷവും തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിധേയത്വവും

രാജ്യത്തെ 15 ശതമാനത്തോളം വരുന്ന ഒരു മതവിഭാഗത്തെ നുഴഞ്ഞുകയറ്റക്കാരെന്നും 'ഒരുപാട് കുട്ടികളെ പെറ്റുകൂട്ടുന്നവര്‍' എന്നുമാണ് ഇന്ത്യയെന്ന ജനാധിപത്യ രാജ്യത്തിന്റെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്

മുഹമ്മദ് റിസ്‌വാൻ

പ്രധാനമന്ത്രിമാരുടെ കാര്യം പോകട്ടെ, ഒരു പ്രധാന രാഷ്ട്രീയ നേതാവും ഇത്രയും വെറുപ്പും വിദ്വേഷവും വളര്‍ത്തുന്ന പ്രസ്താവന പരസ്യമായി നടത്തിയിട്ടുണ്ടാവില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം രാജസ്ഥാനില്‍ നടത്തിയത് ഇതാണ്. തിരഞ്ഞെടുപ്പ് കാലത്ത് തിരഞ്ഞെടുപ്പ് കമ്മീഷനാണ് അധികാരി. മാന്യമായി, പെരുമാറ്റ ചട്ടം അനുസരിച്ച് പ്രവര്‍ത്തിക്കാത്തവരെ കമ്മീഷന് ശിക്ഷിക്കാം. ഇനി പ്രചാരണം നടത്തരുതെന്ന് പറയാം. ഈ ശിക്ഷയെങ്കിലും സ്വാഭാവികമായി അര്‍ഹിക്കുന്നുണ്ട് ബന്‍സാരയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ പ്രധാനമന്ത്രി. എന്നാല്‍ അതൊന്നും ഉണ്ടാവില്ലെന്ന് എല്ലാവര്‍ക്കും അറിയാം. കാരണം തന്റെ പാര്‍ട്ടിയുടെ വിഭാഗീയമായ താല്‍പര്യങ്ങള്‍ക്ക് കീഴ്‌പെട്ട് നില്‍ക്കുന്നവരെയാണ് ഈ സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങളായി നിയമിച്ചതെന്ന ആരോപണം നേരത്തെയുണ്ട്. അവരെയൊക്കെ നിയമിച്ച രീതിയും ഈ ആരോപണത്തെ സാധൂകരിക്കുന്നു.

രാജ്യത്തെ 15 ശതമാനത്തോളം വരുന്ന ഒരു മതവിഭാഗത്തെ നുഴഞ്ഞുകയറ്റക്കാരെന്നും 'ഒരുപാട് കുട്ടികളെ പെറ്റുകൂട്ടുന്നവര്‍' എന്നുമാണ് ഇന്ത്യയെന്ന ജനാധിപത്യ രാജ്യത്തിന്റെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ഈ രാജ്യത്തെ സമ്പത്ത് മുഴുവന്‍ അവര്‍ക്ക് നല്‍കുമെന്ന് കോണ്‍ഗ്രസ് നേരത്തെ പറഞ്ഞിട്ടുണ്ടെന്നും നിലവിലെ പ്രകടനപത്രികയിലും ഇക്കാര്യം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും വസ്തുതകള്‍ക്ക് നിരക്കാത്ത രീതിയില്‍ മോദി പ്രസംഗിച്ചു.

ന്യൂഡല്‍ഹിയില്‍ 2006 ഡിസമ്പര്‍ ഒന്‍പതിന് നടന്ന ദേശീയ വികസന കൗണ്‍സിലിന്റെ 52-ാമത് യോഗത്തില്‍ അന്നത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് നടത്തിയ പ്രസംഗത്തെ ദുര്‍വ്യാഖ്യാനം ചെയ്തായിരുന്നു മോദിയുടെ ആദ്യ നുണപ്രചാരണം. എസ് സി /എസ് ടി, മറ്റു പിന്നാക്ക വിഭാഗങ്ങള്‍, ന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നീ വിഭാഗങ്ങളെ കൈപിടിച്ചുയര്‍ത്തുന്നതിനെ കുറിച്ചുള്ള മന്‍മോഹന്‍ സിംങ്ങിന്റെ പ്രസംഗത്തെ മുസ്ലിങ്ങള്‍ക്ക് വേണ്ടി എന്നുമാത്രം എന്ന രീതിയിലാണ് മോദി പ്രചരിപ്പിച്ചത്. ന്യൂനപക്ഷങ്ങളുടെ സാമ്പത്തിക ശാക്തീകരണം എന്ന കോണ്‍ഗ്രസ് പ്രകടന പത്രികയിലെ വാഗ്ദാനത്തെയും അത്തരത്തിലായിരുന്നു മോദി വളച്ചൊടിച്ചത്.

സകല തിരഞ്ഞെടുപ്പ് ചട്ടങ്ങളെയും കാറ്റില്‍ പറത്തുന്ന മോദിക്കെതിരെ ചെറുവിരലനക്കാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ തയാറാകുന്നില്ല എന്നിടത്താണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രസക്തി ചോദ്യം ചെയ്യപ്പെടുന്നത്. 1951ലെ ജനപ്രാതിനിധ്യനിയമത്തിന്റെ 123-ാം വകുപ്പിന്റെ മൂന്നാം ഉപവകുപ്പനുസരിച്ച് മതം, വംശം, ജാതി എന്നിവയുടെ അടിസ്ഥാനത്തില്‍ ഏതെങ്കിലും വ്യക്തിക്ക് വോട്ടുചെയ്യാനോ വോട്ടുചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാനോ ഒരു സ്ഥാനാര്‍ഥിയോ അയാളുടെ ഏജന്റോ ആവശ്യപ്പെടുകയാണെങ്കില്‍ അത് നിയമവിരുദ്ധമാണ്. 123-ാം വകുപ്പിന്റെ 3എ ഉപവകുപ്പ് മതം, വംശം, ജാതി, സമുദായം അല്ലെങ്കില്‍ ഭാഷ എന്നിവയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുതയോ വിദ്വേഷമോ പ്രോത്സാഹിപ്പിക്കുന്നതിനെ വിലക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം നിയമങ്ങള്‍ പ്രാബല്യത്തിലുണ്ടായിരിക്കെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിസംഗമായി നോക്കിനില്‍ക്കുന്നത്. ഇന്നലെ പ്രധാനമന്ത്രിയുടെ കുപ്രസിദ്ധ പ്രസംഗത്തിന് ശേഷം പലരും തിരഞ്ഞെടുപ്പ് കമ്മിഷന് ആദരാജ്ഞലി അര്‍പ്പിച്ച് പോസ്റ്റുകള്‍ ഇട്ടത് ബിജെപിയ്‌ക്കെതിരെ ഒന്നും ചെയ്യാന്‍ കഴിയാത്തവിധം, അപഹാസ്യമായ സംവിധാനമായി കമ്മിഷന്‍ മാറ്റപ്പെട്ടതുകൊണ്ടാണ്.

2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇതാദ്യമായല്ല മോദി വര്‍ഗീയ-വിഭാഗീയ ചുവയുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നത്. ജമ്മു കശ്മീരിലെ ഉധംപുരില്‍ നടത്തിയ പ്രസംഗത്തിനിടെ, ജനങ്ങളെ പരിഹസിക്കാനും അവരുടെ വോട്ട് ബാങ്ക് ശക്തിപ്പെടുത്താനും നോണ്‍-വെജിറ്റേറിയന്‍ ഭക്ഷണം കഴിച്ചതിന് പ്രതിപക്ഷ നേതാക്കളെ മുഗളന്മാരുമായി മോദി താരതമ്യം ചെയ്തിരുന്നു. നവരാത്രി ദിനങ്ങളില്‍ നോണ്‍ വെജ് കഴിച്ച് ഒരുവിഭാത്തിന്റെ വികാരം വ്രണപ്പെടുത്തുന്നുവെന്നായിരുന്നു ആരോപണം...

തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉടനീളം അയോധ്യയിലെ രാമക്ഷേത്രം ഉയര്‍ത്തിക്കാട്ടിയാണ് മോദി വോട്ട് തേടുന്നത്. അതിനുപുറമെ കോണ്‍ഗ്രസ് രാം ലല്ലയെ അധിക്ഷേപിച്ചതായും ഏപ്രില്‍ ഒന്‍പതിന് ഉത്തര്‍പ്രദേശിലെ പിലിഭിത്തില്‍ നടന്ന ഒരു റാലിയില്‍, കോണ്‍ഗ്രസ് രാം ലല്ലയെ 'അധിക്ഷേപിച്ചു' എന്ന് മോദി ആരോപിചിരുന്നു. അയോധ്യയിലെ രാമക്ഷേത്രമൊരു തിരഞ്ഞെടുപ് വിഷയമല്ലെന്ന മോദിയുടെ പ്രസ്താവന ഇതിന് പിന്നാലെ വന്നുവെന്നത് വേറെ കാര്യം.

കഴിഞ്ഞ വര്‍ഷം കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനിടെ, വോട്ടര്‍മാരോട് 'ജയ് ബജ്റംഗ് ബലി' എന്ന് മോദി വിളിക്കാന്‍ ആവശ്യപ്പെട്ടിട്ടും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിച്ചിരുന്നില്ല. അങ്ങനെ എത്രയെത്ര പരാതികള്‍ ഉയര്‍ന്നാലും മോദിക്ക് താക്കീത് നല്‍കാന്‍ പോലും കമ്മീഷന്‍ തയാറാകാറില്ല.

ഇതാദ്യമായല്ല മുസ്ലിങ്ങളെ 'കുട്ടികളെ പെറ്റുകൂട്ടുന്നവര്‍' എന്ന് മോദി അധിക്ഷേപിക്കുന്നത്. ഗുജറാത്തില്‍ മോദി അധികാരത്തിലിരിക്കെ നടന്ന വംശഹത്യയില്‍നിന്ന് രക്ഷപ്പെട്ട ന്യൂനപക്ഷ വിഭാഗങ്ങളെ പാര്‍പ്പിച്ച അഭയാര്‍ത്ഥി ക്യാമ്പുകളെ 'കുട്ടികളെ ഉത്പാദിപ്പിക്കുന്ന ഫാക്ടറി' എന്നായിരുന്നു മോദി അധിക്ഷേപിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് സൈന്യത്തെ ഉപയോഗപ്പെടുത്തി വോട്ടു പിടിക്കാനും മോദി തയ്യാറായി. അതിനെതിരെയും നടപടിയുണ്ടായില്ല. പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് വേണ്ടി വോട്ടുകള്‍ ഉപയോഗപ്പെടുത്തണമെന്നായിരുന്നു മോദിയുടെ അന്നത്തെ പ്രസംഗം. കമ്മിഷനിലെ മൂന്നില്‍ രണ്ട് പേരും ഇതില്‍ ചട്ടലംഘനം കണ്ടില്ല. ചട്ടലംഘനം ഉണ്ടെന്ന് പറഞ്ഞ അശോക് ലവേസയ്ക്ക് പിന്നിട് പല നടപടികളും നേരിടേണ്ടിയും വന്നു. അതുകൊണ്ട് തന്നെ ക്രിമിനില്‍ കേസ് എടുക്കേണ്ട വിദേഷ പ്രസംഗമാണെങ്കിലും മോദിയ്‌ക്തെതിരെ ഇത്തവണയും നടപടിയെടുക്കാനുള്ള ആര്‍ജ്ജവം കമ്മിഷനുണ്ടാവാനിടയില്ല

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം