വാര്‍ത്താ ചാനലുകള്‍ വിദ്വേഷം പടര്‍ത്തുന്ന അവതാരകരെ പിന്‍വലിക്കണമെന്ന് സുപ്രീംകോടതി. റേറ്റിങ് മാത്രം ലക്ഷ്യമിട്ട് വാര്‍ത്താ ചാനലുകള്‍ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ''അജണ്ടകളോടെയാണ് പല ചാനലുകളും പ്രവര്‍ത്തിക്കുന്നത്. പത്രങ്ങളേക്കാള്‍ സമൂഹത്തെ സ്വാധീനിക്കാന്‍ ദൃശ്യമാധ്യമങ്ങള്‍ക്ക് കഴിയും. അവര്‍ റേറ്റിങ് മാത്രം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നു. പല ചാനല്‍ അവതാരകരും ഒരു വശത്തിന് വേണ്ടി മാത്രം സംസാരിക്കുന്നു. എതിര്‍പക്ഷത്തെ മാത്രം ചോദ്യം ചെയ്യുന്നു. എന്ത് വേണമെങ്കിലും പറയാനുള്ള അവകാശം ചാനല്‍ അവതാരകര്‍ക്കില്ല '' - സുപ്രീംകോടതി കുറ്റപ്പെടുത്തി.
വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരായ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ജസ്റ്റിസ് കെ എം ജോസഫിന്റെ നിരീക്ഷണം.
രാജ്യത്തെ മുഴുവന്‍ സ്വാധീനിക്കുന്ന കാര്യങ്ങളെ കുറിച്ചാണ് സംസാരിക്കുന്നതെന്ന് അവതാരകര്‍ ഉള്‍ക്കൊള്ളണം
''പക്ഷപാതപരമായി പെരുമാറിയ എത്ര അവതാരകരെ നിങ്ങള്‍ പുറത്താക്കി?'' - ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് ആന്‍ഡ് ഡിജിറ്റല്‍ അസോസിയേഷനോട് കോടതി ചോദിച്ചു. '' ആഗ്രഹിക്കുന്ന രീതിയില്‍ അഭിപ്രായം പറയാന്‍ അവകാശമില്ലെന്ന് അവതാരകര്‍ മനസിലാക്കണം. രാജ്യത്തെ മുഴുവന്‍ സ്വാധീനിക്കുന്ന കാര്യങ്ങളാണ് സംസാരിക്കുന്നതെന്ന കാര്യം ഉള്‍ക്കൊള്ളണം. ഇത്തരത്തിലുള്ള മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന അവതാരകരെ പുറത്താക്കണം. ചാനലുകള്‍ക്ക് പിഴ ചുമത്തണം'' - കോടതി ചൂണ്ടിക്കാട്ടി.
ചാനല്‍ അവതാരകര്‍ തന്നെ പ്രശ്‌നക്കാരാകുമ്പോള്‍ എന്ത് ചെയ്യാനാണെന്ന് കോടതി ചോദിച്ചു. എയര്‍ ഇന്ത്യ വിമാനത്തില്‍ മൂത്രമൊഴിച്ചെന്ന് ആരോപിക്കപ്പെടുന്ന വ്യക്തിക്കെതിരെ ചില ചാനലുകള്‍ നടത്തിയ പരാമര്‍ശത്തെയും കോടതി വിമര്‍ശിച്ചു. ''എല്ലാവര്‍ക്കും അന്തസിനുള്ള ആവകാശമുണ്ട്. ആരെയും നിന്ദിക്കരുത്. അഭിപ്രായ സ്വാതന്ത്ര്യം അവകാശപ്പെടുമ്പോള്‍ പക്ഷപാതപരമല്ലാതെ ചര്‍ച്ചകള്‍ നയിക്കണം. അല്ലാത്ത പക്ഷം എന്ത് മാന്യതമാണ് അവശേഷിക്കുന്നത്? '' - ജസ്റ്റിസ് കെ എം ജോസഫ് ചോദിച്ചു.
അഭിപ്രായ സ്വാതന്ത്ര്യം അവകാശപ്പെടുമ്പോള്‍ പക്ഷപാതപരമല്ലാതെ ചര്‍ച്ചകള്‍ നയിക്കണം
ജസ്റ്റിസുമാരായ കെ എം ജോസഫും ബി വി നാഗരത്നയുമടങ്ങുന്ന ബെഞ്ചാണ് വിദ്വേഷപ്രസംഗങ്ങള്‍ക്കെതിരായ ഒരുകൂട്ടം ഹര്‍ജികള്‍ പരിഗണിക്കുന്നത്. സുദർശൻ ന്യൂസ് ടിവിയുടെ 'യുപിഎസ്‌സി ജിഹാദ്' ക്യാമ്പയിനിനെതിരായ ഹർജികൾ, തബ്‌ലീഗ് യോഗത്തിന്റെ പശ്ചാത്തലത്തിലുണ്ടായ 'കൊറോണ ജിഹാദ്' ക്യാമ്പെയ്നിനെതിരായ ഹർജികൾ, മുസ്‌ലിം വിരുദ്ധ പ്രചാരണം നടന്ന ധരം സൻസദ് യോഗങ്ങൾക്കെതിരായ ഹര്‍ജികള്‍ എന്നിവയെല്ലാം ബെഞ്ച് പരിഗണിക്കുന്നുണ്ട്. . വിദ്വേഷ പ്രസംഗം തടയാൻ വിശാലമായ മാർഗനിർദേശങ്ങൾ ആവശ്യപ്പെട്ടുള്ള ഹര്‍ജികളും സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്.