INDIA

തിരുപ്പതി ലഡു വിവാദം; ആന്ധ്ര സര്‍ക്കാരിനോട് വിശദ റിപ്പോർട്ട് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ

വെബ് ഡെസ്ക്

തിരുപ്പതി ലഡു വിവാദം കനത്ത സാഹചര്യത്തിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിനോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ. പ്രസിദ്ധമായ തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തില്‍ പ്രസാദമായി വിളമ്പുന്ന തിരുപ്പതി ലഡു ഉണ്ടാക്കുന്നതില്‍ മൃഗക്കൊഴുപ്പും ഗുണനിലവാരമില്ലാത്ത ചേരുവകളും ഉപയോഗിച്ചെന്ന ആരോപണവുമായി ചന്ദ്രബാബു നായിഡു രംഗത്തെത്തിയ സാഹചര്യത്തിലാണ് നടപടി. വിഷയത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ഭക്ഷ്യമന്ത്രി പ്രല്‍ഹാദ് ജോഷി ആവശ്യപ്പെട്ടു.

"മുഖ്യമന്ത്രി എന്ത് പറഞ്ഞാലും അത് ഗൗരവമുള്ള വിഷയമാണ്. വിശദമായ അന്വേഷണം വേണം, കുറ്റവാളിയെ ശിക്ഷിക്കണം." പ്രല്‍ഹാദ് ജോഷി പറഞ്ഞു. വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡി മുഖ്യമന്ത്രിയായിരുന്നു കാലയളവിലാണ് ഇത്തരത്തില്‍ നെയ്യിന് പകരം മൃഗക്കൊഴുപ്പ് ഉപയോഗിച്ചതെന്നായിരുന്നു നായിഡുവിന്റെ ആരോപണം.

ഗുജറാത്തിലെ സർക്കാർ നിയന്ത്രണത്തിലുള്ള ഒരു ലാബിൽ നിന്നുള്ള കഴിഞ്ഞ ജൂലൈയിലെ റിപ്പോർട്ട് ഉദ്ധരിച്ചായിരുന്നു ആരോപണം. റിപ്പോർട്ട് പ്രകാരം ടെസ്റ്റ് ചെയ്തിട്ടുള്ള ലഡുവിൽ ബീഫ് ടാലോ, മത്സ്യ എണ്ണ, പന്നിക്കൊഴുപ്പ് എന്നിവ അടങ്ങിയിട്ടുണ്ടെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു. വൈഎസ്ആര്‍ കോണ്‍ഗ്രസ് അധികാരത്തിലിരുന്ന കാലത്ത് ശേഖരിച്ച ലഡു ആണിതെന്നും അദ്ദേഹം പറഞ്ഞു.

''തിരുപ്പതി തിരുമല ലഡു പോലും ഗുണനിലവാരമില്ലാത്ത ചേരുവകള്‍ ഉപയോഗിച്ചാണ് നിര്‍മിച്ചത്. അവര്‍ നെയ്ക്കുപകരം മൃഗക്കൊഴുപ്പ് ഉപയോഗിച്ചു,'' അമരാവതിയില്‍ നടന്ന എന്‍ഡിഎ നിയമസഭാ കക്ഷി യോഗത്തില്‍ സംസാരിക്കവെ നായിഡു പറഞ്ഞു. ശുദ്ധമായ നെയ്യാണ് ഇപ്പോള്‍ ഉപയോഗിക്കുന്നതെന്നും ക്ഷേത്രത്തില്‍ എല്ലാം അണുവിമുക്തമാക്കിയെന്നും ഗുണനിലവാരം മെച്ചപ്പെടുത്തിയെന്നും നായിഡു കൂട്ടിച്ചേര്‍ത്തിരുന്നു.

അതിനിടെ, നായിഡുവിന്റെ ആരോപണം ദുരുദ്ദേശ്യപരമാണെന്നും രാഷ്ട്രീയനേട്ടത്തിനായി മുഖ്യമന്ത്രി ഏത് തലത്തിലേക്കും തരംതാഴുമെന്നും വൈഎസ്ആര്‍സിപി നേതാവ് സുബ്ബ റെഡ്ഡി പറഞ്ഞു.

വിശുദ്ധ തിരുമലയുടെ പവിത്രതയെയും കോടിക്കണക്കിന് ഹിന്ദുക്കളുടെ വിശ്വാസത്തെയും നായിഡു തന്റെ പരാമര്‍ശങ്ങളിലൂടെ ഹനിച്ചിരിക്കുകയാണെന്നും രാജ്യസഭാംഗം കൂടിയായി സുബ്ബ റെഡ്ഡി ആരോപിച്ചു. തിരുമല പ്രസാദത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ അങ്ങേയറ്റം ദുരുദ്ദേശ്യപരമാണ്. ഒരു വ്യക്തിയും അത്തരം വാക്കുകള്‍ സംസാരിക്കുകയോ അത്തരം ആരോപണങ്ങള്‍ ഉന്നയിക്കുകയോ ചെയ്യില്ലെന്നും സുബ്ബ റെഡ്ഡി എക്സ് പോസ്റ്റില്‍ പറഞ്ഞിരുന്നു.

തിരുപ്പതിയിൽ പ്രതിദിനം മൂന്ന് ലക്ഷത്തിലധികം ലഡു തയ്യാറാക്കുകയും വിൽക്കുകയും ചെയ്യുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പ്രതിവർഷം 500 കോടിരൂപയുടെ വരുമാനം ഇതിൽനിന്ന് ലഭ്യമാകുന്നുണ്ട്. തിരുപ്പതി ലഡു വഴിപാട് എന്ന ആചാരത്തിന് 300 വർഷത്തിലേറെ പഴക്കമുണ്ട്. 1715-ൽ ആണ് ഇത് ആരംഭിച്ചത്. 2014-ൽ തിരുപ്പതി ലഡുവിന് ജിഐ പദവി ലഭിച്ചതോടെ ഇതേ പേരിൽ മറ്റാരെങ്കിലും ലഡു വിൽക്കുന്നത് തടഞ്ഞിരുന്നു.

175 ഗ്രാം ഭാരമുള്ള തിരുപ്പതി ലഡുവിൽ കൃത്യമായ അളവിൽ കശുവണ്ടി, പഞ്ചസാര, ഏലം എന്നിവ അടങ്ങിയിരിക്കണം. ഒരു അത്യാധുനിക ഭക്ഷ്യ പരിശോധനാ ലബോറട്ടറി ഓരോ ബാച്ച് ലഡ്ഡുവിൻ്റെയും ഗുണനിലവാരം ഉറപ്പാക്കുന്നുണ്ട്.

മലയാള സിനിമയുടെ അമ്മ മുഖം; കവിയൂർ പൊന്നമ്മ അന്തരിച്ചു

പത്തൊമ്പതാം വയസുമുതല്‍ 'നക്ഷത്രങ്ങളുടെ അമ്മ'; മക്കളായി സത്യന്‍ മുതല്‍ യുവതാരങ്ങള്‍ വരെ...

ശ്രീലങ്കയ്ക്ക് ഒരു 'മാർക്സിസ്റ്റ് ' പ്രസിഡന്റുണ്ടാവുമോ? നിർണായക തിരഞ്ഞെടുപ്പ് നാളെ

ചെപ്പോക്കില്‍ ഡ്രൈവിങ് സീറ്റില്‍ ഇന്ത്യ; ബംഗ്ലാദേശിനെതിരെ ലീഡ് 300 കടന്നു

സ്റ്റാർ ഇന്‍ഷുറന്‍സ് ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നു; ടെലഗ്രാം ചാറ്റ് ബോട്ടുകളിൽ വിവരങ്ങൾ വില്‍പനയ്ക്കെന്ന് റിപ്പോർട്ട്