INDIA

'മണ്ഡി ലോക്സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കണം'; ഹർജിയിൽ കങ്കണയ്ക്ക് നോട്ടിസ് അയച്ച് ഹിമാചൽ ഹൈക്കോടതി

ഓഗസ്റ്റ് 21-നകം മറുപടി നൽകണമെന്നു കോടതി നിർദേശം

വെബ് ഡെസ്ക്

മണ്ഡി ലോക്‌സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ബിജെപി എംപി കങ്കണ റണാവത്തിന് നോട്ടിസ് അയച്ച് ഹിമാചൽ പ്രദേശ് ഹൈക്കോടതി. മണ്ഡി മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി നാമനിർദേശ പത്രിക നൽകിയിരുന്ന കിന്നൗർ സ്വദേശി ലായക് റാം നേഗിയുടെ ഹർജിയിലാണ് ജസ്റ്റിസ് ജ്യോത്‌സ്‌ന റേവൽ ദുവ നോട്ടിസ് അയച്ചത്. ഓഗസ്റ്റ് 21-നകം മറുപടി നൽകണം.

മണ്ഡിയിൽനിന്ന് മത്സരിക്കുന്നതിനുള്ള തൻ്റെ നാമനിർദേശ പത്രിക റിട്ടേണിങ് ഓഫീസർ അന്യായമായി നിരസിച്ചതായി ഹർജിക്കാരനായ ലായക് റാം നേഗി ഹർജിയിൽ ആരോപിക്കുന്നു. നേരത്തെ വനംവകുപ്പിലെ സർക്കാർ ജീവനക്കാരനായിരുന്നു നേഗി. സർവിസിൽനിന്ന് സ്വമേധയാ വിരമിച്ച താൻ നാമനിർദേശത്തിനൊപ്പം 'കുടിശിക ഇല്ല' എന്ന വിവിധ വകുപ്പുകളുടെ സർട്ടിഫിക്കറ്റും ഹാജരാക്കിയിട്ടുണ്ടെന്ന് നേഗിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

വൈദ്യുതി, ജലം, ടെലിഫോൺ വകുപ്പുകളിൽനിന്ന് 'കുടിശിക ഇല്ല' എന്ന സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെട്ട് ഒരു ദിവസത്തിനുള്ളിൽ തൻ്റെ നാമനിർദ്ദേശം നിരസിച്ചതായി നേഗി ആരോപിച്ചു. റിട്ടേണിങ് ഓഫീസർ തൻ്റെ രേഖകൾ സ്വീകരിച്ചില്ലെന്നും അതിനാൽ നാമനിർദേശ പത്രിക നിരസിച്ചെന്നും അദ്ദേഹം പറയുന്നു.

മേയ് 14 ന് നേഗി, തിരഞ്ഞെടുപ്പ് പത്രിക സമർപ്പിക്കുകയും ആവശ്യമായ മറ്റ് എല്ലാ രേഖകളും മേയ് 15 ന് സമർപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ റിട്ടേണിങ് ഓഫീസർ അവ സ്വീകരിച്ചില്ലെന്ന് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു. പത്രികകൾ സ്വീകരിച്ചിരുന്നെങ്കിൽ തിരഞ്ഞെടുപ്പിൽ വിജയിക്കാമായിരുന്നുവെന്നും അതിനാൽ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

മണ്ഡി ലോക്‌സഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി കങ്കണ റണാവത്ത് കോൺഗ്രസ് സ്ഥാനാർഥി വിക്രമാദിത്യ സിങ്ങിനെതിരെ 74,755 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 4,62,267 വോട്ടുകൾ ആണ് കങ്കണ ആകെ നേടിയത്.

ഈ വർഷം മാർച്ച് 24 നാണ് ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽനിന്നുള്ള സ്ഥാനാർഥിയായി കങ്കണ റണാവത്തിനെ ബിജെപി പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പിന് മുൻപേ തന്നെ നിരവധി വിവാദങ്ങളിൽ അകപ്പെട്ടിട്ടുള്ളയാളാണ് കങ്കണ.

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം