ബിഹാറില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് വീട് പൊളിച്ചുമാറ്റിയ സംഭത്തില്‍ വിമര്‍ശനവുമായി ഹൈക്കോടതി. പോലീസിനേയും ഭൂമാഫിയയേയും രൂക്ഷമായ ഭാഷയില്‍ കോടതി വിമർശിച്ചു.വീടുകള്‍ പൊളിച്ചു നീക്കുകയെന്നത് തമാശയായി മാറിയിരിക്കുകയാണെന്ന് കോടതി പറഞ്ഞു. അനധികൃത നിർമാണം നടത്തിയെന്നാരോപിച്ച് സജോഗ ദേവിയെന്ന സ്ത്രീയുടെ വീട് പൊളിച്ചുമാറ്റിയെന്ന ഹർജിയില്‍ വാദം കേള്‍ക്കുമ്പോഴാണ് കോടതി പരാമർശം. ഒക്ടോബര്‍ 15 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. നവംബർ 24നാണ് കേസ് കോടതി പരിഗണിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ജസ്റ്റിസിന്റെ നിരീക്ഷണങ്ങള്‍ ശ്രദ്ധ നേടിയത്.
ബുള്‍ഡോസര്‍ ഇവിടെയും ഓടിക്കാന്‍ തുടങ്ങിയോ? നിങ്ങള്‍ ആരെയാണ് പ്രതിനിധീകരിക്കുന്നത്? സർക്കാരിനെയോ അതോ സ്വകാര്യ വ്യക്തികളെയോ? ആരുടെ വീടും പൊളിച്ചുനീക്കാമെന്നാണോ വിചാരം ? ജസ്റ്റിസ് സന്ദീപ് കുമാര്‍ ബിഹാർ പോലീസിനോട് ചോദിച്ചു. വീടുകള്‍ പൊളിക്കുക എന്നത് സ്ഥിരം കാഴ്ചയായി മാറിയിരിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു.
വീട് അന്യായമായി തകര്‍ത്തതാണെന്ന് കണ്ടെത്തിയാല്‍ അതിന് കാരണക്കാരായ ഓരോ ഉദ്യോഗസ്ഥരില്‍ നിന്നും അഞ്ച് ലക്ഷം രൂപ വീതം ഈടാക്കി പരാതിക്കാരിക്ക് നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ഇക്കാര്യം ഉറപ്പുവരുത്താന്‍ കോടതി നടപടി സ്വീകരിക്കുമെന്നും ജസ്റ്റിസ് സന്ദീപ് കുമാര്‍ വ്യക്തമാക്കി. വ്യാഴാഴ്ച നടക്കുന്ന അടുത്ത വാദത്തിന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെല്ലാം ഹാജരാകണമെന്നും കോടതി നിർദേശിച്ചു.
ഭൂമാഫിയയ്ക്ക് വേണ്ടിയാണ് വീട് അനധികൃതമായി പൊളിച്ചുമാറ്റിയതെന്നാണ് പരാതി. വീടും സ്ഥലവും ഒഴിപ്പിക്കാന്‍ ഹർജിക്കാരിക്കും കുടുംബത്തിനുമെതിരെ വ്യാജക്കേസ് നല്‍കിയ വിവരം യുവതിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.ഈ കേസിലെ എഫ്ഐആർ കോടതി തടഞ്ഞു. യുവതിയ്ക്കും കുടുംബത്തിനും അറസ്റ്റില്‍ നിന്ന് സംരക്ഷണവും നല്‍കിയിട്ടുണ്ട്.
കുറ്റാരോപിതരായ വ്യക്തികള്‍കളുടെ അനധികൃത നിർമാണമെന്ന് കാട്ടി ബുള്‍ഡോസര്‍ ഉപയോഗിച്ച് നടപടി സ്വീകരിക്കുന്നതിന് തുടക്കമിട്ടത് ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാരാണ്. നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കിയത്.വ്യാപക വിമർശനമുയർന്നിട്ടും ബിജെപിയുടെ നിയന്ത്രണത്തിലുള്ള മറ്റ് സംസ്ഥാനങ്ങളിലേക്കും ബുള്‍ഡോസർ നടപടി വ്യാപിച്ചിരുന്നു. ന്യൂനപക്ഷ ആധിപത്യമുള്ള പ്രദേശങ്ങളിലാണ് ബുള്‍ഡോസര്‍ രാജ് കൂടുതലായും നടപ്പിലാക്കിയിരുന്നത്. ഡല്‍ഹിയിലെ ബിജെപി ഭരിക്കുന്ന മുന്‍സിപ്പാലിറ്റിയുടെ പരിധിയില്‍ വരുന്ന ജഹാംഗീർപുരിയില്‍ മുസ്ലീം മതവിഭാഗത്തില്‍പ്പെട്ടവരുടെ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിയത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
കുറ്റാരോപിതരായ വ്യക്തികള്‍ക്കെതിരെ ബുള്‍ഡോസര്‍ ഉപയോഗിച്ച് നടപടി സ്വീകരിക്കുന്ന സംഭവങ്ങള്‍ ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശിലെ പലയിടങ്ങളിലും ഉണ്ടായിരുന്നു. വിവിധ നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഇവര്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കിയത്. നിയമവിരുദ്ധമായ ഇത്തരം പ്രവണതകള്‍ക്കെതിരെ നിരവധി വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവന്നത്. എന്നാല്‍ പിന്നീട് ഇത് ബിജെപിയുടെ നിയന്ത്രണത്തിലുള്ള മറ്റ് സംസ്ഥാനങ്ങളിലും നടപ്പിലായി. ന്യൂനപക്ഷ ആധിപത്യമുള്ള പ്രദേശങ്ങളിലാണ് ബുള്‍ഡോസര്‍ രാജ് കൂടുതലായും നടപ്പിലാക്കിയിരുന്നത്.