ഐഎസ്ആര്‍ഒ ചാരക്കേസിലെ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കാന്‍ ഹൈക്കോടതി പ്രത്യേക സിറ്റിംഗ് നടത്തും ഗൂഢാലോചനാ കേസിലെ പ്രതികള്‍ സുപ്രീംകോടതി നിര്‍ദേശ പ്രകാരം ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. ഹര്‍ജിയില്‍ തീര്‍പുണ്ടാകുന്നത് വരെ പ്രതികള്‍ക്കെതിരെ മറ്റ് നപടികളുണ്ടാകരുതെന്ന് ജസ്റ്റിസ് വിജി എബ്രാഹം വ്യക്തമാക്കി. കേസ് തീര്‍പ്പാക്കാന്‍ ഒരു മാസത്തെ സമയമാണ് സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നത്. അതിനാല്‍ ശനിയാഴ്ച പ്രത്യേക സിറ്റിങ് നടത്താമെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് ജയിന്‍ കമ്മറ്റി റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയതെന്നും കേസിലെ ഗൂഢാലോചന പുറത്ത് കൊണ്ടുവരണമെന്നുമാണ് സിബിഐ വാദിക്കുന്നത്. എന്നാല്‍ ജയിന്‍ കമ്മറ്റി റിപോര്‍ട്ടിന്റെ വിശദാംശങ്ങള്‍ ലഭിച്ചിട്ടില്ലെന്നാണ് ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്.
പ്രതികള്‍ക്ക് ഹൈക്കോടതി നേരത്തെ അനുവദിച്ച മുന്‍കൂര്‍ ജാമ്യം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷകളില്‍ പുതുതായി വാദംകേട്ട് തീരുമാനമെടുക്കാന്‍ ഹൈക്കോടതിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികള്‍ ഹൈക്കോടതിയില്‍ വീണ്ടും ഹര്‍ജി നല്‍കിയത്. മുന്‍ ഡിജിപി സിബി മാത്യൂസ്, ഇന്റലിജന്‍സ് ബ്യൂറോ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍ ബി ശ്രീകുമാര്‍, എസ് വിജയന്‍, തമ്പി എസ്. ദുര്‍ഗ്ഗാദത്ത്, പി എസ് ജയപ്രകാശ് എന്നിവരുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ നല്‍കിയ ഹര്‍ജിയിലായിരുന്നു സുപ്രീംകോടതി ഉത്തരവ്. നേരത്തെ ഹൈക്കോടതി ഇവര്‍ക്ക് അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയെങ്കിലും പുതുതായി വാദം കേട്ട് തീരുമാനമെടുക്കുന്നത് വരെ ഇവരുടെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞിട്ടുണ്ട്.
മുന്‍കൂര്‍ ജാമ്യം അനുവദിക്കുമ്പോള്‍ ചില വസ്തുതകള്‍ കണക്കിലെടുക്കുന്നതില്‍ ഹൈക്കോടതിക്ക് വീഴ്ച പറ്റിയെന്ന് സുപ്രീംകോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. ഗൂഢാലോചന കേസിലെ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഉത്തരവില്‍ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ രണ്ട് പതിറ്റാണ്ട് മുമ്പ് നടന്നതാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ജസ്റ്റിസ് ഡി കെ ജയിന്‍ സമിതി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണം നടത്തിയത് എന്ന വസ്തുത ഹൈക്കോടതി കണക്കിലെടുക്കാത്തത് പിഴവാണെന്നായിരുന്നു ജസ്റ്റിസ് എം ആര്‍ ഷാ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് നിരീക്ഷിച്ചിരുന്നു. ഗൂഢാലോചനയ്ക്ക് പിന്നില്‍ വിദേശ ശക്തികള്‍ക്ക് പങ്കുണ്ടെന്ന സിബിഐയുടെ ആരോപണവും ഓരോ പ്രതികള്‍ക്ക് എതിരായ കേസിന്റെ വസ്തുതകളും ഹൈക്കോടതി കണക്കിലെടുത്തില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.