ആദ്യം ജഡ്ജിമാരെ മാറ്റുന്നു, പിന്നാലെ സമയമാറ്റം, കോടതി മുറി മാറ്റം അങ്ങനെ എന്തെല്ലാം തീരുമാനിച്ചിരുന്നോ അതിലെല്ലാം മാറ്റം വരുത്തി നാടകീയമായിരുന്നു വിക്ടോറിയ ഗൗരിയുടെ നിയമനത്തിനെതിരെ സുപ്രീംകോടതിയിൽ നടന്ന വാദം. മദ്രാസ് ഹൈക്കോടതി അഡീഷണൽ ജഡ്ജിയായി വിക്ടോറിയ ഗൗരിയെ നിയമിക്കുന്നതിന് എതിരെയായിരുന്നു ഹർജി. വിദ്വേഷ പരാമർശങ്ങൾ നടത്തിയിട്ടുള്ള ഒരാളെ ഹൈക്കോടതിയിലേക്ക് പരിഗണിക്കാനാകില്ല എന്നതായിരുന്നു ഹർജിക്കാരുടെ വാദം. എന്നാൽ കോടതി അതെല്ലാം തള്ളി. നിയമനം ശരി വെച്ചു. കഴിഞ്ഞ ദിവസം മുതൽ തന്നെ നാടകീയത കൊണ്ട് സമൃദ്ധമായിരുന്നു ഈ ഹർജി.
വാദം ആരംഭിച്ചപ്പോഴേക്കും മദ്രാസ് ഹൈക്കോടതിയിൽ വിക്ടോറിയ ഗൗരിയുടെ സത്യപ്രതിഞ്ജയും ആരംഭിച്ചിരുന്നു.
വിക്ടോറിയ ഗൗരിക്കെതിരായ ഹർജി, വെള്ളിയാഴ്ച പരിഗണിക്കാനായിരുന്നു സുപ്രീംകോടതി തീരുമാനിച്ചിരുന്നത്. ഇതിനിടെയാണ് കേന്ദ്രം വിക്ടോറിയ ഗൗരിയെ ജഡ്ജിയായി നിയമിച്ചു എന്ന വാർത്തകൾ പുറത്തു വരുന്നത്. അതോടെ അടിയന്തരമായി വാദം കേൾക്കണ്ട വിഷയമാണെന്നും കേന്ദ്രം നിയമന ഉത്തരവ് ഇറക്കിയെന്നുമുള്ള വിവരം അഭിഭാഷകർ സുപ്രീംകോടതിയെ അറിയിച്ചു. ഇതേതുടർന്നാണ് വിഷയം ചൊവ്വാഴ്ച തന്നെ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അടങ്ങിയ ബെഞ്ച് വ്യക്തമാക്കിയത്.
മദ്രാസ് ഹൈക്കോടതിയിൽ വിക്ടോറിയ ഗൗരിയുടെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച രാവിലെ 10.35ന് നിശ്ചയിച്ചിരുന്നതിനാൽ അതിന് മുൻപെ ഹർജി പരിഗണിക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എം എം സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ചിന് മുൻപാകെയായിരുന്നു ഹർജികൾ ആദ്യം ലിസ്റ്റ് ചെയ്തിരുന്നത്. പിന്നീട് രാവിലെ 9.15ന് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ബെഞ്ച് പരിഗണിക്കുമെന്ന് അഭിഭാഷകരെ ഉൾപ്പെടെ അറിയിച്ചു. അതനുസരിച്ച് കോടതി മുറിയിലെത്തിയപ്പോഴാണ് അഭിഭാഷകർക്ക് കേസ് മൂന്നംഗ ബെഞ്ചാണ് പരിഗണിക്കുന്നതെന്ന സൂചനകൾ ലഭിച്ചത്. ജസ്റ്റിസുമാർക്ക് വേണ്ടി മൂന്ന് കസേരകൾ ക്രമീകരിച്ചതിൽ നിന്നാണ് അഭിഭാഷകർ പ്രവചനം നടത്തിയത്. എന്നാൽ അരമണിക്കൂർ കാത്തുനിന്നെങ്കിലും യാതൊരു അറിയിപ്പുകളും ലഭിച്ചില്ല. അതിന് ശേഷമാണ് കേസ് ഏഴാം നമ്പർ കോടതിയിലാണ് പരിഗണിക്കുന്നതെന്ന അറിയിപ്പുണ്ടാകുന്നത്.
ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി ആർ ഗവായ്, സുന്ദ്രേഷ് എന്നിവരുടെ പ്രത്യേക ബെഞ്ചിന് മുൻപാകെയായിരുന്നു കേസ്. അവിടെയുമുണ്ടായി ഒരു ട്വിസ്റ്റ്. തമിഴ്നാട്ടിൽ നിന്നുള്ള ജസ്റ്റിസ് സുന്ദ്രേഷ്, വിക്ടോറിയ ഗൗരിയുടെ നിയമനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിൽ നിന്ന് സ്വമേധയാ വിട്ടുനിന്നു. അപ്പോഴും വാദം എപ്പോഴാണ് പരിഗണിക്കുക എന്നതിനെ പറ്റി യാതൊരു ധാരണയും ആർക്കുമുണ്ടായിരുന്നില്ല. ഒടുവിൽ കേസിലെ വാദം 10.30ന് ആരംഭിക്കുമെന്നു അറിയിപ്പ് വന്നു.
വാദം ആരംഭിച്ചപ്പോഴേക്കും മദ്രാസ് ഹൈക്കോടതിയിൽ വിക്ടോറിയ ഗൗരിയുടെ സത്യപ്രതിഞ്ജയും ആരംഭിച്ചിരുന്നു. ഏകദേശം 10.45 ആയപ്പോഴേക്കും സുപ്രീംകോടതി ഹർജിക്കാരുടെ ആവശ്യം തള്ളി ഉത്തരവ് പുറപ്പെടുവിച്ചു. അപ്പോഴേക്കും വിക്ടോറിയ ഗൗരി, മദ്രാസ് ഹൈക്കോടതി അഡീഷണൽ ജഡ്ജിയായി ചുമതലയേറ്റിരുന്നു.
മൂന്ന് പോയിന്റുകളായിരുന്നു പ്രധാനമായി സുപ്രീംകോടതി ചൂണ്ടിക്കാട്ടിയത്.
1) വിക്ടോറിയ ഗൗരിയുടെ രാഷ്ട്രീയ പശ്ചാത്തലത്തെക്കുറിച്ചോ വിവാദ പ്രസ്താവനകളെ പറ്റിയോ കോളീജിയത്തിന് അറിയിവില്ലായിരുന്നു എന്ന് അനുമാനിക്കാൻ കഴിയില്ല.
2) യോഗ്യതയുടെ കാര്യത്തിൽ തർക്കമില്ല. പദവിക്ക് 'അനുയോജ്യ'യാണോ എന്ന ചോദ്യം നിലവിലെ അവസ്ഥയിൽ പരിഗണിക്കാൻ ആകില്ല
3) വിക്ടോറിയ ഗൗരിയെ അഡീഷണൽ ജഡ്ജിയായിട്ടാണ് നിയമിച്ചിരിക്കുന്നത്. അനുയോജ്യതയെക്കുറിച്ചുള്ള ചോദ്യം ജഡ്ജിയായിട്ടുള്ള സ്ഥിരീകരണ ഘട്ടത്തിൽ കൊളീജിയത്തിന് പരിഗണിക്കാം. അങ്ങനെ സ്ഥിരീകരിക്കാത്ത സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ടെന്നും കോടതി സൂചിപ്പിച്ചു.
ഹർജി തള്ളിയതിന്റെ കൂടുതൽ കാരണങ്ങൾ പിന്നാലെ വരുമെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന അറിയിച്ചു.