INDIA

ത്രിപുര ഹിജാബ് വിവാദം : ലക്ഷ്യം ഉപതിരഞ്ഞെടുപ്പ്, ധ്രുവീകരണത്തിലൂടെ ബിജെപി നേട്ടം കൊയ്യാൻ ശ്രമിക്കുന്നെന്ന് പ്രതിപക്ഷം

വെബ് ഡെസ്ക്

ത്രിപുരയിലെ ഹിജാബ് വിവാദത്തിന് പിന്നില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് അജണ്ടെയെന്ന് പ്രതിപക്ഷ പാർട്ടികൾ. ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനികളെ സ്കൂളില്‍ പ്രവേശിക്കുന്നത് വിലക്കിയ സംഭവം വ്യാപക ചര്‍ച്ചയായതിന് പിന്നാലെയാണ് വിഷയത്തിലെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ചൂണ്ടിക്കാട്ടി ഭരണകക്ഷിയായ ബിജെപിയെ വിമര്‍ശിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയത്. രണ്ട് നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പും 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പും അടുത്തിരിക്കെ സമുദായങ്ങൾക്കിടയിലെ സമാധാനം തകർക്കുകയും ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. ടിപ്ര മോതയും സിപിഎമ്മും കോൺഗ്രസും ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളാണ് ആരോപണവുമായി രം​ഗത്തെത്തിയത്.

വെളളിയാഴ്ചയാണ് സെപാഹിജല ജില്ലയിലെ കരൈമുറ ഹയർ സെക്കൻഡറി സ്കൂളിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനികളെ ഒരു സംഘം ആളുകൾ തടയുകയും ഇത് ചോദ്യം ചെയ്ത പത്താം ക്ലാസ് വിദ്യാർഥിയായ മുസ്ലിം ആൺകുട്ടിയെ മർദിക്കുകയും ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ബിഷാൽഗഡ് പോലീസ് സ്റ്റേഷനിൽ ഏഴ് പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 325 (ഗുരുതരമായ പരിക്കേൽപ്പിക്കുക), 34 (പൊതു ഉദ്ദേശ്യം) എന്നിവ പ്രകാരം കേസെടുത്തെങ്കിലും ഇതുവരെയും ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

തൊഴിലില്ലായ്മ, പണപ്പെരുപ്പം, ആരോഗ്യം, ക്രമസമാധാനം, ഭക്ഷണം, വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ, കുടിവെള്ളം, വൈദ്യുതി സൗകര്യങ്ങൾ, ജലസേചനം, ശോച്യാവസ്ഥയിലായ റോഡിന്റെ അവസ്ഥ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ അടക്കമുളള പ്രശ്നങ്ങളിൽ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ ബിജെപി ബോധപൂർവം ഇത്തരം സംഭവങ്ങൾ പ്രോത്സാഹിപ്പിക്കുകയാണെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആരോപണം. ഇത്തരം സംഭവങ്ങൾ മുതലെടുത്ത് വ്യത്യസ്ത സമുദായങ്ങൾക്കിടയിൽ വിള്ളൽ വീഴ്ത്താനും വർഗീയ ധ്രുവീകരണത്തിലൂടെ നേട്ടം കൊയ്യാനാണ് ബിജെപി ശ്രമിക്കുന്നതെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

സംഭവം നടക്കുന്നതിന് ഒരാഴ്ച മുൻപ് വിശ്വഹിന്ദു പരിഷത്തും എബിവിപിയും പ്രദേശത്തെ സ്കൂളുകളിലെത്തുകയും സർക്കാർ നിർദേശിച്ചിട്ടുള്ള യൂണിഫോം സ്‌കൂളിൽ പാലിക്കുന്നില്ലെന്നും അതിനാൽ ഹിജാബ് നിരോധിക്കണമെന്നും ആവശ്യപ്പെട്ടിരുന്നുവെന്നും സിപിഎം പുറത്തിറക്കിയ പത്രക്കുറിപ്പിൽ ആരോപിച്ചു. ന്യൂനപക്ഷ സമുദായത്തിനെതിരെ വിദ്വേഷ സന്ദേശങ്ങൾ പ്രചരിപ്പിച്ച് സാമുദായിക സമാധാനവും സൗഹാർദ്ദവും തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിലുളള പ്രവർത്തനങ്ങൾ നടത്തുന്നതെന്നും സിപിഎം പത്രക്കുറിപ്പിൽ പറയുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പും രണ്ട് നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പും മുന്നിൽ കണ്ട് വിദ്വേഷത്തിന്റെയും സാമുദായിക ഭിന്നതയുടെയും അന്തരീക്ഷം സൃഷ്ടിച്ച് നേട്ടം കൊയ്യാനാണ് ബിജെപി ശ്രമിക്കുന്നത്.

അതേസമയം, ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനികളെ തടയുകയും വിദ്യാർത്ഥിയെ മർദിച്ച സംഭവത്തിലും കുറ്റക്കാരെ എത്രയും വേ​ഗത്തിൽ കണ്ടെത്തി എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് കോൺഗ്രസ് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. ഹിജാബ് വിഷയം കേന്ദ്രീകരിച്ച് കലാപം ഉണ്ടാക്കാനുള്ള ശ്രമത്തിലൂടെ വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ കാതലായ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബിജെപി സർക്കാർ ശ്രമിക്കുന്നതെന്ന് പാർട്ടി ആരോപിച്ചു.

സംഭവത്തിൽ കോൺഗ്രസ് എംഎൽഎ സുദീപ് റോയ് ബർമാൻ ബിജെപിയെ രൂക്ഷമായി വിമർശിച്ച് രം​ഗത്തെത്തി. വിദ്യാർത്ഥികളെ മർദിക്കാൻ ആരാണ് ഇവർക്ക് അവകാശം നൽകിയതെന്ന് ചോദിച്ച അദ്ദഹം ഇത്തരം സംഭവം രാജ്യത്തുടനീളം നടക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി. അവശ്യസാധനങ്ങളുടെ വിലക്കയറ്റവും തൊഴിലില്ലായ്മയും ഉൾപ്പെടെയുള്ള കാതലായ വിഷയങ്ങളിൽ സാധാരണക്കാരും യുവാക്കളും സംസ്ഥാന സർക്കാരിൽ അസ്വസ്ഥരാണെന്നും ഇതിൽ നിന്ന് രക്ഷപ്പെടാൻ 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നിലവിലുള്ള സർക്കാരിനെ അധികാരത്തിൽ നിന്ന് തുടച്ചുനീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

'പ്രാദേശിക രാഷ്ട്രീയത്തില്‍ ഇന്ത്യയും ചൈനയും ഇടപെടുന്നു'; ഗുരുതര ആരോപണങ്ങളുമായി കനേഡിയൻ ഇന്റലിജൻസ് റിപ്പോർട്ട്

അമ്മയുടെ വിയോഗത്തിന്റെ വേദനയെന്ന് മോഹന്‍ലാല്‍; കവിയൂര്‍ പൊന്നമ്മയ്ക്ക് മലയാളത്തിന്റെ ശ്രദ്ധാജ്ഞലി

'കലങ്ങിയ പൂരം തെളിയുന്നില്ല'; സര്‍ക്കാരിന്റെ അന്വേഷണത്തിന്റെ പേരിലും വിവാദം, വിവരാവകാശത്തിന് മറുപടി നല്‍കിയ ഡിവൈഎസ്പിക്ക് സസ്‌പെന്‍ഷന്‍

'പലസ്തീൻ ജനതക്ക് വേണ്ടി': പേജർ ആക്രമണത്തിൽ തിരിച്ചടിച്ച് ഹിസ്ബുള്ള, വടക്കൻ ഇസ്രയേലിലേക്ക് തൊടുത്തത്‌ 140 റോക്കറ്റുകൾ

സുബ്ബലക്ഷ്മിയാകാൻ കൊതിച്ചു, അഭിനേത്രിയാക്കിയത് തോപ്പില്‍ ഭാസി; വട്ടപ്പൊട്ടിലൊരു പൊന്നമ്മക്കാലം