ഹിമാചല്‍ പ്രദേശില്‍ രാജ്യസഭ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ വിജയിച്ചെന്ന് അവകാശപ്പെട്ട് ബിജെപി. 34 വോട്ട് നേടി ബിജെപി ജയിച്ചെന്ന് മുന്‍ മുഖ്യമന്ത്രി ജയറാം താക്കൂര്‍ അവകാശപ്പെട്ടു. കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് വോട്ടെണ്ണല്‍ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് വിജയം അവകാശപ്പെട്ട് ബിജെപി രംഗത്തെത്തിയത്. പാര്‍ട്ടി വിജയാഘോഷവും ആരംഭിച്ചിട്ടുണ്ട്. അഭിഷേക് സിങ്‌വി ആയിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. തങ്ങളുടെ സ്ഥാനാര്‍ഥി ഹര്‍ഷ് മഹാജന്‍ വിജയിച്ചു എന്നാണ് ബിജെപി അവകാശപ്പെടുന്നത്. സിങ്വി തോൽവി സമ്മതിച്ച് രംഗത്തെത്തി.
സംസ്ഥാന സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടെന്നും ബജറ്റ് അവതരണത്തിന് ശേഷം എന്താണ് വേണ്ടതെന്ന് തീരുമാനിക്കും എന്നും ജയ്‌റാം താക്കൂര്‍ പറഞ്ഞു. നാളെയാണ് ഹിമാചല്‍ പ്രദേശില്‍ സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നത്. 68 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 40 എംഎല്‍മാരാണുള്ളത്. ബിജെപിക്ക് 25 സീറ്റുണ്ട്. രാജ്യസഭയിലേക്കുള്ള ഒരു സീറ്റിലാണ് തിരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസ് വിജയിക്കേണ്ട സീറ്റായിരുന്നു ഇത്. എന്നാല്‍ ബിജെപിയും സ്ഥാനാര്‍ഥിയെ നിര്‍ത്തി. ഇതോടെ, അട്ടിമറി നടക്കുമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു.
സ്വതന്ത്രര്‍ ഉള്‍പ്പെടെ 9 എംഎല്‍എമാര്‍ തങ്ങളുടെ ബാലറ്റ് പേപ്പര്‍ കാണിച്ചില്ലെന്നും ഇവര്‍ ബിജെപിക്ക് ക്രോസ് വോട്ട് ചെയ്തതായി സംശയിക്കുന്നു എന്നും കോണ്‍ഗ്രസ് ആരോപിച്ചു. തങ്ങളുടെ ആറ് എംഎല്‍എമാരെ കാണാനില്ലെന്ന് മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിങ് സുഖു പറഞ്ഞു. കോണ്‍ഗ്രസ് എംഎല്‍എമാരെ സിആര്‍പിഎഫും ഹരിയാന പോലീസും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി എന്നാണ് മുഖ്യമന്ത്രി ആരോപിച്ചത്. പോളിങ് ഓഫീസറെ പ്രതിപക്ഷ എംഎല്‍എമാര്‍ ഭീഷണിപ്പെടുത്തിയെന്നും മുഖ്യമന്ത്രി ആരോപിച്ചു. ചാക്കിട്ടുപിടിത്തം ഭയന്ന് തങ്ങള്‍ക്കൊപ്പമുള്ള എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റാനുള്ള നീക്കം കോണ്‍ഗ്രസ് ആരംഭിച്ചിട്ടുണ്ട്.