INDIA

ഹിമാചലിലെ രാഷ്ട്രീയ അനിശ്ചിതത്വം; അയോഗ്യരാക്കപ്പെട്ട കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡിലേക്ക് കടന്നു

വെബ് ഡെസ്ക്

ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസില്‍ പ്രതിസന്ധി വീണ്ടും രൂക്ഷമാകുന്നു. കൂറുമാറ്റത്തിന് അയോഗ്യരാക്കപ്പെട്ട ആറുപേര്‍ ഉള്‍പ്പടെ 11 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഇന്ന് ബിജെപി ഭരിക്കുന്ന ഉത്തരാണ്ഡിലേക്കു കടന്നു. ഇന്നു രാവിലെയാണ് ഇവര്‍ ഹരിയാന നമ്പര്‍ പ്ലേറ്റുള്ള ബസില്‍ ഉത്തരാണ്ഡിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ എത്തിയത്. ക്രോസ് വോട്ട് ചെയ്ത ആറ് കോൺഗ്രസ് എംഎൽഎമാരെയും രണ്ട് സ്വതന്ത്രരെയും ബിജെപി ഭരിക്കുന്ന ഹരിയാനയിലെ പഞ്ച്കുളയിലേക്ക് മാറ്റിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എംഎല്‍എമാരെ ഹരിയാനയിലേക്ക് മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ ഗൂഢാലോചന നടത്തുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചതിനു പിന്നാലെയാണ് ഇവര്‍ ഉത്തരാഖണ്ഡിലേക്ക് കടന്നത്.

അതേസമയം സംസ്ഥാന കോണ്‍ഗ്രസിലെ പ്രതിസന്ധി ഹൈക്കമാന്‍ഡിനെ നേരിട്ടു ബോധ്യപ്പെടുത്താന്‍ മുഖ്യമന്ത്രി സുഖ്‌വിന്ദര്‍ സിങ് സുഖു ഇന്നു ഡല്‍ഹിയിലെത്തിയിരുന്നു. കൂറുമാറിയ എംഎല്‍എമാരെ തെറ്റുതിരുത്തി തിരിച്ചെത്താന്‍ അനുവദിക്കണമെന്ന് സുഖു ഹൈക്കമാന്‍ഡിനോട് അഭ്യര്‍ഥിക്കാനിരിക്കെയാണ് കൂടുതല്‍ എംഎല്‍എമാര്‍ അവര്‍ക്കൊപ്പം ഉത്തരാണ്ഡിലേക്ക് കടന്നത്.

ഇതോടെ സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അട്ടിമറി ഭീഷണി നേരിടുകയാണ്. കൂറുമാറിയവരെ തിരിച്ചുകൊണ്ടുവരാന്‍ പരമാവധി ശ്രമിക്കുമെന്നാണ് ഡല്‍ഹിക്കു പുറപ്പെടും മുമ്പ് സുഖു മാധ്യമങ്ങളോടു പറഞ്ഞത്. തെറ്റ് തിരിച്ചറിഞ്ഞിട്ടുണ്ടങ്കിൽ ആ വ്യക്തി മറ്റൊരു അവസരത്തിന് അർഹനാണെന്നാണ് അയോഗ്യരാക്കിയ എംഎൽഎമാരെ തിരിച്ചെടുക്കുമോയെന്ന ചോദ്യത്തിന് സുഖ്‌വീന്ദർ സുഖു മറുപടി നൽകിയത്.

കഴിഞ്ഞ മാസം നടന്ന രാജ്യസഭ തിരഞ്ഞെടുപ്പില്‍ ആറ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിക്ക് ക്രോസ് വോട്ട് ചെയ്തതോടെയാണ് ഹിമാചലില്‍ രാഷ്ട്രീയ അനിശ്ചിതത്വം ഉടലെടുത്തത്. ഇരു സ്ഥാനാര്‍ഥികളും 34 വോട്ടു വീതം നേടിയപ്പോള്‍, ടോസിട്ട് വിജയിയെ തിരഞ്ഞെടുക്കുകയായിരുന്നു. ടോസിങില്‍ ബിജെപി സ്ഥാനാര്‍ഥി വിജയിക്കുകയും ചെയ്തു. എതിർ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്ത എംഎൽഎമാരെ പാർട്ടി അയോഗ്യരാക്കിയിരുന്നു. പിന്നാലെ, സ്പീക്കറുടെ നടപടിയിൽ പ്രതിഷേധിച്ച് ഇവർ സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തു.

ബിജെപിയുടെ നീക്കങ്ങള്‍ പ്രതിരോധിക്കാന്‍ കര്‍ണാടക ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി കെ ശിവകുമാറിനെയും മുതിര്‍ന്ന നേതാവ് ഭൂപിന്ദര്‍ സിങ് ഹൂഡയെയും ഹിമാചലിലേക്ക് ദേശിയ നേതൃത്വം നിയോഗിച്ചിരുന്നു. അതേസമയം, കഴിഞ്ഞയാഴ്ച്ച യുവ നേതാവ് വിക്രമാദിത്യ സിങ് വിമത എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടുതല്‍ എംഎല്‍എമാര്‍ പാര്‍ട്ടിവിട്ട് ബിജെപിയിലേക്ക് പോകുമെന്ന റിപ്പോര്‍ട്ടുകളുണ്ട്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും