അദാനി ഗ്രൂപ്പിനെതിരെ പുറത്തുവിട്ട റിപ്പോർട്ടിൽ ഉറച്ച് നിൽക്കുന്നുവെന്ന് യുഎസ് ആസ്ഥാനമായ ധനകാര്യ ഗവേഷണ സ്ഥാപനം ഹിൻഡൻബർഗ്. റിപ്പോർട്ട് പുറത്തുവന്ന് 36 മണിക്കൂറിന് ശേഷവും ഉന്നയിച്ച ഒരു ചോദ്യത്തിന് പോലും മറുപടി തരാൻ അദാനി ഗ്രൂപ്പ് തയ്യാറായിട്ടില്ലെന്ന് ഹിൻഡൻബർഗ് ട്വീറ്റ് ചെയ്തു. ''റിപ്പോർട്ടിന്റെ അവസാന ഭാഗത്ത് ഗ്രൂപ്പിന്റെ സുതാര്യത തെളിയിക്കാൻ 88 ചോദ്യങ്ങള്‍ ചോദിച്ചു. ഒന്നിന് പോലും അദാനി ഗ്രൂപ്പ് മറുപടി നല്‍കിയില്ല. റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ നിലനിൽക്കുന്നതാണെന്ന് തെളിയിക്കുന്നതാണിത്'' - ഹിൻഡൻബർഗ് വ്യക്തമാക്കുന്നു.
ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പ് നടത്തിയ തിരിമറി സാധൂകരിക്കുന്ന തെളിവുകൾ കൈവശമുണ്ടെന്ന് അവകാശപ്പെട്ട ഹിൻഡൻബർഗ് നിയമ നടപടി നേരിടാൻ തയ്യാറാണെന്നും വ്യക്തമാക്കി. നിയമ നടപടികളിലേക്ക് കടക്കുകയാണെങ്കിൽ സ്ഥാപനത്തിന്റെ ആസ്ഥാനമായ അമേരിക്കയിൽ തന്നെ അതിന് ശ്രമിക്കണമെന്നും ഹിൻഡൻബർഗ് വ്യക്തമാക്കി. നേരത്തെ റിപ്പോർട്ടിനെതിരെ നിയമ നടപടി സ്വീകരിക്കുന്ന കാര്യം പരിശോധിച്ച് വരികയാണെന്ന് അദാനി ഗ്രൂപ്പ് പ്രതികരിച്ചിരുന്നു. ഇതിന് മറുപടിയായാണ് ഹിൻഡൻബർഗ് രംഗത്തെത്തിയത്.
ബുധനാഴ്ച റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ റിപ്പോർട്ടിലെ വിശദാംശങ്ങള്‍ കള്ളമാണെന്ന് ചൂണ്ടിക്കാട്ടി അദാനി ഗ്രൂപ്പ് വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു. ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പിന്റെ ഷെയറുകള്‍ വന്‍ തിരിച്ചടി നേരിട്ട സാഹചര്യത്തിലായിരുന്നു ഇത്. കമ്പനിയുമായി ബന്ധപ്പെടാനോ വസ്തുതകൾ പരിശോധിക്കാനോ ശ്രമിക്കാതെയാണ് ജനുവരി 24 ന് ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് പുറത്തുവിട്ടതെന്നാണ് അദാനി ഗ്രൂപ്പ് ആരോപിച്ചത്.
വ്യാഴാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് നിയമനടപടിയിലേക്ക് കടക്കുമെന്ന സൂചന അദാനി ഗ്രൂപ്പ് നല്‍കിയത്. നിക്ഷേപകരെയും പൊതുജനത്തെയും തെറ്റിദ്ധരിപ്പിക്കുന്ന വിദേശ സ്ഥാപനത്തിന്റെ പ്രവർത്തി ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണെന്നും വാർത്താക്കുറിപ്പിൽ അവർ വ്യക്തമാക്കിയിരുന്നു.
ദശാബ്ദങ്ങളായി അദാനി ഗ്രൂപ്പ് സ്റ്റോക്കിൽ കൃത്രിമം കാണിച്ചെന്നും അക്കൗണ്ട് തിരിമറികള്‍ നടത്തിയെന്നും ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസമാണ് ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവിട്ടത്. പിന്നാലെ അദാനി ഗ്രൂപ്പ് ഓഹരികൾക്ക് വിപണിയിൽ കനത്ത ഇടിവ് നേരിട്ടു. 46,000 കോടി രൂപയുടെ ഇടിവാണ് കമ്പനി നേരിട്ടത്. അദാനി ഗ്രൂപ്പിന് കീഴിലുള്ള എല്ലാ കമ്പനികളും ബുധനാഴ്ച നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
അതേസമയം, റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ തള്ളിക്കളഞ്ഞാല്‍ പോലും അദാനി ഗ്രൂപ്പിന്റെ സാമ്പത്തിക നില പരിശോധിച്ചാല്‍ ഓഹരി വില ഉയര്‍ന്നതാണെന്ന് മനസിലാക്കാന്‍ സാധിക്കുമെന്ന് ഹിന്‍ഡന്‍ബര്‍ഗ് ചൂണ്ടിക്കാട്ടുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണവും ഹിന്‍ഡന്‍ബര്‍ഗ് അദാനി ഗ്രൂപ്പിനെതിരെ ഉന്നയിക്കുന്നുണ്ട്.