-
INDIA

'ബംഗ്ലാദേശിലെ സംഭവങ്ങള്‍ പാഠം, ഹിന്ദുക്കള്‍ ജാതിക്കതീതമായി ഒന്നിക്കണം'; സാംസ്കാരികമൂല്യങ്ങളെ തകർക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്ന് മോഹൻ ഭാഗവത്

ബംഗ്ലാദേശില്‍ ഉയർന്നുവരുന്ന ഇന്ത്യ വിരുദ്ധ കാഴ്ചപ്പാടുകള്‍ക്ക് പിന്നില്‍ കൃത്യമായ ഗൂഢാലോചനകള്‍ നടക്കുന്നുണ്ടെന്നും ഭാഗവത് പറഞ്ഞു

വെബ് ഡെസ്ക്

ജാതിയുടെയും സമുദായത്തിന്റെയും അടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കാൻ നിഴല്‍ ഭരണകൂടങ്ങള്‍ ശ്രമിക്കുകയാണെന്നും അതിനു രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയുണ്ടെന്നും ആർഎസ്എസ് തലവൻ മോഹൻ ഭാഗവത്. ഹിന്ദുസമൂഹങ്ങള്‍ ജാതിവ്യത്യാസങ്ങള്‍ക്ക് അതീതമായി ഒന്നിച്ചുനില്‍ക്കണമെന്നും ദളിതരിലേക്കും ദുർബലവിഭാഗങ്ങളിലേക്കും എത്തണമെന്നും ഭാഗവത് ആഹ്വാനം ചെയ്തു.

"നമ്മുടെ വൈവിധ്യങ്ങള്‍ ദൈവങ്ങളെയും സന്യാസിമാരെയും പോലും വിഭജിക്കുന്ന തലത്തിലേക്ക് എത്തിയിരിക്കുന്നു. വാല്‍മികി ജയന്തി എന്തുകൊണ്ട് വാല്‍മീകി കോളനികളില്‍ മാത്രം ഒതുങ്ങുന്നു. വാല്‍മീകി രാമായണം എഴുതിയത് മുഴുവൻ ഹിന്ദുസമൂഹത്തിനും വേണ്ടിയാണ്. വാല്‍മീകി ജയന്തിയും രവിദാസ് ജയന്തിയും എല്ലാവരും ഒരുമിച്ച് ആഘോഷിക്കണം. എല്ലാ ആഘോഷങ്ങളും ഹിന്ദുസമൂഹം ഒരുമിച്ചുകൊണ്ടാടണം. ഈ സന്ദേശമായിരിക്കണം നമ്മള്‍ സമൂഹത്തിന് നല്‍കേണ്ടത്," ആർഎസ്എസ് ആസ്ഥാനത്തു നടത്തിയ വിജയദശമി പ്രസംഗത്തില്‍ ഭാഗവത് വ്യക്തമാക്കി.

സാമൂഹിക ഐക്യവും പരസ്പര ബഹുമാനവുമായിരിക്കണം ആരോഗ്യകരമായ സമൂഹത്തിന്റെ അടിസ്ഥാന വ്യവസ്ഥകൾ. പ്രതീകാത്മകമായ ചില പരിപാടികള്‍ സംഘടിപ്പിച്ചതുകൊണ്ട് ഈ ലക്ഷ്യം കൈവരിക്കാനായില്ല. സമൂഹത്തിലെ എല്ലാ വ്യക്തികളും കുടുംബങ്ങളും തമ്മില്‍ സൗഹൃദമുണ്ടായിരിക്കണം. തൊഴിലിടങ്ങളിലും ഇതു പ്രാവർത്തികമാക്കണം. സംസ്കാരം, ഭാഷ, ഭക്ഷണം എന്നിവയില്‍ വ്യത്യാസങ്ങളുണ്ടായേക്കാം. പക്ഷേ, ഇത്തരം സൗഹൃദങ്ങളാണ് സമൂഹത്തെ ഒന്നിച്ചുനിർത്തുന്നത്.

പൊതുവായുള്ള എല്ലാ സംവിധാനങ്ങളിലും എല്ലാ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തണം. സമൂഹത്തിലെ ദുർബല വിഭാഗങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് എല്ലാവർക്കും ധാരണയുണ്ടാകണമെന്നും ഭാഗവത് പറഞ്ഞു.

ജാതിവിഭജനങ്ങള്‍ ഇല്ലാതാക്കുന്നതിനെക്കുറിച്ച് ഇതിന് മുൻപ് പലതവണ ഭാഗവത് സംസാരിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഹിന്ദുക്കള്‍ ഐക്യപ്പെടുന്നതിനായി ഹിന്ദുസമൂഹം എന്തുചെയ്യണമെന്ന കാര്യത്തില്‍ ഭാഗവത് സംസാരിക്കുന്നത്.

നിഴല്‍ ഭരണകൂടങ്ങള്‍ (ഡീപ് സ്റ്റേറ്റ്), സാമൂഹിക- രാഷ്ട്രീയ അനീതികളോട് പ്രതികരിക്കുന്നവർ (Wokeism), സാംസ്കാരിക മാർക്‌‍സിസം എന്നീ വാക്കുകളാണ് ഈ കാലത്ത് ചർച്ചയാകുന്നതെന്നു ഭാഗവത് പറഞ്ഞു. ഇത്തരം ആശയങ്ങളുമായി മുന്നോട്ടുപോകുന്നവർ സാംസ്കാരിക പാരമ്പര്യങ്ങള്‍ക്കു തുരങ്കംവെക്കുന്നവരാണ്. മൂല്യങ്ങളും പാരമ്പര്യങ്ങളും നല്ലതെന്ന് കരുതുന്നവയെല്ലാം നശിപ്പിക്കുകയാണ് ഇക്കൂട്ടരുടെ ലക്ഷ്യം. രാജ്യത്തെ നിലവിലെ രാഷ്ട്രീയ അന്തരീക്ഷം ഇതാണെന്നും ഭാഗവത് പറയുന്നു.

ബംഗ്ലാദേശിലെ സംഭവങ്ങള്‍ ചൂണ്ടിക്കാണിച്ചായിരുന്നു ഭാഗവതിന്റെ വാക്കുകള്‍. നമ്മുടെ അയല്‍രാജ്യമായ ബംഗ്ലാദേശിലെന്താണ് സംഭവിച്ചത്? അവിടെയുണ്ടായ അടിസ്ഥാന പ്രശ്നം ഹിന്ദുക്കള്‍ക്കെതിരായ അതിക്രമങ്ങളാണ്. ആദ്യമായി സ്വയം സംരക്ഷിക്കാൻ ഹിന്ദുക്കള്‍ ഒരുമിച്ചുനിന്നു. ഇത്തരം അതിക്രമങ്ങള്‍ നിലനില്‍ക്കുന്നിടത്തോളം, ഹിന്ദുക്കള്‍ മാത്രമല്ല എല്ലാ ന്യൂനപക്ഷങ്ങളും അപകടത്തിലാണ്. സർക്കാർ കൃത്യമായ നടപടികള്‍ സ്വീകരിക്കണം. ബംഗ്ലാദേശില്‍ ഉയർന്നുവരുന്ന ഇന്ത്യാവിരുദ്ധ കാഴ്ചപ്പാടുകള്‍ക്കു പിന്നില്‍ കൃത്യമായ ഗൂഢാലോചനകളുണ്ടെന്നും ഭാഗവത് പറഞ്ഞു.

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍