മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ പഴയ എന്‍സിപിയിലേക്ക് തിരിച്ചെത്തിയേക്കുമെന്ന് സൂചന. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ തന്നെയാണ് ഇത്തരത്തിലൊരു സൂചന നല്‍കിയിരിക്കുന്നത്. അജിത് പവാര്‍ പക്ഷത്തുനിന്ന് നാല് എംഎല്‍എമാര്‍ ശരദ് പവാര്‍ ക്യാമ്പിലെത്തിയതിനു പിന്നാലെയാണ് ശരദ് പവാറിന്റെ പ്രതികരണം.
''കുടുംബത്തിലേക്ക് എപ്പോള്‍ വേണമെങ്കിലും അജിത് പവാറിന് തിരിച്ചെത്താം. പക്ഷേ പാര്‍ട്ടിയിലേക്കുള്ള തിരിച്ചുവരവ് പാര്‍ട്ടി നേതാക്കളുമായി കൂടിയാലോചിച്ചശേഷം മാത്രമേ തീരുമാനിക്കാന്‍ സാധിക്കുകയുള്ളൂ,'' ശരദ് പവാര്‍ പറഞ്ഞു.
''അജിത്തിന് പവാര്‍ കുടുംബത്തില്‍ എപ്പോഴും സ്ഥാനമുണ്ട്. എന്നാല്‍, പാര്‍ട്ടിയിലെ കാര്യം ഞാന്‍ മാത്രമല്ല തീരുമാനിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകരാണ് ഇതില്‍ തീരുമാനമെടുക്കേണ്ടത്. അതൊരു വ്യക്തിഗത തീരുമാനമല്ല. പാര്‍ട്ടിയുടെ മോശം സമയങ്ങളില്‍ കൂടെനിന്ന പാര്‍ട്ടി നേതാക്കളുമായി കൂടിയാലോചനകള്‍ നടത്തും,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടി വിട്ടവരെ ഒരു കാരണവശാലും തിരിച്ചെടുക്കില്ലെന്നായിരുന്നു നേരത്തെ ശരദ് പവാറിന്റെ നിലപാട്. എന്നാല്‍, ഇരു പവാര്‍ പക്ഷങ്ങളും തമ്മിലുള്ള മഞ്ഞുരുകലിന്റെ കൂടുതല്‍ സൂചനകള്‍ പുറത്തുവരുന്നുണ്ട്. കഴിഞ്ഞ ദിവസം എന്‍സിപി (ശരദ് പവാര്‍ വിഭാഗം) എംപിയും ശരദ് പവാറിന്റെ മകളുമായ സുപ്രിയ സുലെ അജിത് പവാറിന്റെ അമ്മയെ കണ്ടിരുന്നു. പിന്നാലെ, അജിത് പവാറിന്റെ ഭാര്യയും എന്‍സിപി (അജിത് പവാർ വിഭാഗം) രാജ്യസഭ എംപിയുമായ സുനേത്ര പവാര്‍ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി. ഈ കൂടിക്കാഴ്ചകളെല്ലാം കുടുംബപരമായ കാര്യങ്ങളായാണ് ഇരുപക്ഷങ്ങളും വ്യാഖ്യാനിക്കുന്നത്. എന്നാല്‍, അണിയറയില്‍ രാഷ്ട്രീയനീക്കങ്ങള്‍ സജീവമാണെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ ബിജെപി സഖ്യത്തിനു കനത്ത തിരിച്ചടി നേരിട്ടതിനു പിന്നാലെ, എന്‍സിപി അജിത് പവാര്‍ പക്ഷവുമായി ബിജെപി നല്ല ബന്ധത്തിലല്ല. എന്‍സിപിയെ കൂടെക്കൂട്ടിയതിനെതിരെ ആര്‍എഎസ്എസ് തന്നെ വിമര്‍ശനമുന്നയിച്ചിരുന്നു. അഴിമതിക്കാരായ നേതാക്കളെ കൂടെക്കൂട്ടിയത് ജനവികാരം എതിരാകുന്നതിന് കാരണമായി എന്നായിരുന്നു ആര്‍എസ്എസ് വിമര്‍ശനം. തുടര്‍ന്ന്, ബിജെപി-എന്‍സിപി നേതാക്കള്‍ തമ്മില്‍ വലിയ വാക്‌തര്‍ക്കങ്ങള്‍ ഉടലെടുത്തിരുന്നു. ആര്‍എസ്എസിന്റെ മറാത്ത മുഖവാരിക വിവേകില്‍ കഴിഞ്ഞദിവസം അജിത് പവാർ വിഭാഗം എന്‍സിപിക്കെതിരെ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. 2023-ല്‍ എന്‍സിപി പിളര്‍ത്തി അജിത് പവാറിന് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കിയശേഷം, സര്‍ക്കാരിനെതിരെ ജനവികാരമുണര്‍ന്നുവെന്നാണ് വിവേകിലെ ലേഖനം പറയുന്നത്.
അജിത് പവാറിനെ മുന്നണിയില്‍നിന്ന് പുറത്താക്കാന്‍ ബിജെപിക്കുമേല്‍ ആര്‍എസ്എസ് സമ്മര്‍ദം ചെലുത്തുന്നുണ്ടെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 13 സീറ്റും ശിവസേന ഉദ്ധവ് താക്കറെ പക്ഷത്തിന് ഒന്‍പത് സീറ്റും ലഭിച്ചിരുന്നു. എന്‍സിപി ശരദ് പവാര്‍ പക്ഷത്തിന് എട്ട് സീറ്റും ലഭിച്ചു. ബിജെപിക്ക് ഒൻപത് സീറ്റും ശിവസേന ഷിന്‍ഡെ പക്ഷത്തിന് ഏഴ് സീറ്റും എന്‍സിപി അജിത് പവാര്‍ പക്ഷത്തിന് ഒരു സീറ്റുമാണ് ലഭിച്ചത്.
വരാന്‍ പോകുന്ന നിയമസഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി മുഖം മിനുക്കല്‍ നടപടികള്‍ ആരംഭിച്ചിരിക്കുകയാണ് ബിജെപി. തിരഞ്ഞെടുപ്പ് തോല്‍വിയുടെ മുഴുവന്‍ ഉത്തരാവാദിത്തവും തങ്ങളുടെ മുകളില്‍ കെട്ടിവെയ്ക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെഎന്നാണ് എന്‍സിപി ആരോപിക്കുന്നത്. ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാരിന്റെ ഭരണ പരാജയത്തില്‍നിന്ന് ശ്രദ്ധമാറ്റാനാണ് എന്‍സിപിയെ കടന്നാക്രമിക്കുന്നതെന്നും പാര്‍ട്ടി നേതാക്കള്‍ കുറ്റപ്പെടുത്തുന്നു.