INDIA

'കേന്ദ്ര നിലപാടുകളോട് യോജിക്കാനാകില്ല'; ബിജെപി ഹരിയാന എംപി ബ്രിജേന്ദ്ര സിങ് കോൺഗ്രസിൽ

വെബ് ഡെസ്ക്

ബിജെപി പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെച്ച് ഹരിയാന എംപി ബ്രിജേന്ദ്ര സിംങ്. നിർബന്ധിത രാഷ്ട്രീയ കാരണങ്ങളാൽ രാജി വെക്കുകയാണെന്നാണ് വിശദീകരണം. ബിജെപി വിട്ട ബ്രിജേന്ദ്ര സിങ് കോൺഗ്രസിൽ ചേർന്നു. എക്‌സിൽ രാജി പ്രഖ്യാപനം നടത്തിയതിന് തൊട്ടു പിന്നാലെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിലെത്തിയായിരുന്നു കോൺഗ്രസ് പ്രവേശനം.

"ആശയപരവും രാഷ്ട്രീയപരവുമായ വ്യത്യാസങ്ങള്‍ കാരണമാണ് ബിജെപി വിട്ടതും കോണ്‍ഗ്രസില്‍ ചേർന്നതും. കർഷക സമരം മുതല്‍ ഗുസ്തി താരങ്ങളുടെ പ്രതിഷേധം വരെ നിരവധി വിഷയങ്ങളില്‍ അഭിപ്രായവ്യത്യാസമുണ്ട്. കോണ്‍ഗ്രസ് കുടുംബത്തില്‍ ചേരാന്‍ കഴിഞ്ഞതില്‍ സന്തുഷ്ടനാണ്," ബ്രിജേന്ദ്ര സിംങ് പറഞ്ഞു.

"നിർബന്ധിത രാഷ്ട്രീയ കാരണങ്ങളാൽ ഞാൻ ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവച്ചു. എനിക്ക് ഹിസാറിലെ പാർലമെൻ്റ് അംഗമായി പ്രവർത്തിക്കാൻ അവസരം നൽകിയതിന് പാർട്ടിയോടും, ദേശീയ അധ്യക്ഷൻ ശ്രീ. ജെ.പി. നദ്ദ, പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി, അമിത് ഷാ എന്നിവരോടും നന്ദി പറയുന്നു," എന്നായിരുന്നു ഹരിയാന എംപി എക്സില്‍ കുറിച്ചത്.

"ഒക്‌ടോബർ രണ്ടിന് ജിന്ദിൽ നടന്ന റാലിയിൽ ഉന്നയിക്കപ്പെട്ട ഒരു വിഷയം ഹരിയാനയിലെ ബിജെപി-ജെജെപി സംഖ്യത്തെക്കുറിച്ചാണ്. അത് സംബന്ധിച്ച് തീരുമാനമെടുത്തിരുന്നു. അതും ബിജെപി വിടാനുള്ള കാരണമാണ്,"ബ്രിജേന്ദ്ര സിങ് എഎൻഐയോട് പറഞ്ഞു.

മുതിർന്ന കോൺഗ്രസ് നേതാക്കളായ അജയ് മാക്കൻ, മുകുൾ വാസ്‌നിക്, ദീപക് ബാബരിയ എന്നിവരുടെ സാന്നിധ്യത്തിലാണ് ബ്രിജേന്ദ്ര സിങ് കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. വരാനിരിക്കുന്ന ലോക്സഭാ തിരെഞ്ഞെടുപ്പിൽ ബ്രിജേന്ദ്ര സിങ് ഹിസാറിൽ നിന്നുള്ള കോൺഗ്രസ് സ്ഥാനാർഥിയാകാൻ സാധ്യതയുണ്ടെന്ന് കോൺഗ്രസ് വൃത്തങ്ങൾ സൂചന നൽകിയിട്ടുണ്ട്.

മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ചൗധരി ബീരേന്ദർ സിങ്ങിൻ്റെ മകനായ ബ്രിജേന്ദ്ര സിങ് ഹരിയാനയിലെ ഹിസാറിൽ നിന്നുള്ള പാർലമെൻ്റ് അംഗമാണ്. നിരവധി പാർലമെൻ്ററി പാനലുകളിലും അദ്ദേഹം അംഗമാണ്. ഒരു മുൻ ഐഎഎസ് ഉദ്യോഗസ്ഥനും കൂടിയാണ് അദ്ദേഹം. 1998ൽ സിവിൽ സർവീസ് പരീക്ഷയിൽ ഒമ്പതാം റാങ്ക് നേടിയ ബ്രിജേന്ദ്ര സിങ് 21 വർഷത്തെ സർവീസിന് ശേഷം സ്വമേധയാ വിരമിക്കുകയായിരുന്നു. പ്രമുഖ ജാട്ട് നേതാവ് ഛോട്ടു റാമിൻ്റെ കൊച്ചുമകനാണ് അദ്ദേഹം.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും