കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രനെതിരെ, ചാന്‍സലര്‍ കൂടിയായ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയ ക്രിമിനല്‍ പരാമര്‍ശത്തിനെതിരെ ചരിത്രകാരന്മാര്‍. ഗവര്‍ണറുടെ പ്രസ്താവന ഞെട്ടിപ്പിക്കുന്നതാണെന്ന് ചരിത്രകാരന്മാരും അക്കാദമിക് വിദഗ്ധരും അഭിപ്രായപ്പെട്ടു. വി സിയെ അപമാനിക്കുന്നത് ഗവര്‍ണര്‍ അവസാനിപ്പിക്കണമെന്നും അമ്പതിലധികം പേര്‍ ഒപ്പുവെച്ച പ്രസ്താവനയില്‍ ആവശ്യപ്പെടുന്നു. പ്രശസ്ത ചരിത്രകാരി റൊമില ഥാപ്പര്‍, ഡല്‍ഹി സര്‍വകലാശാലയിലെ ചരിത്ര വിഭാഗം പ്രൊഫ. പ്രഭു പ്രസാദ് മഹാപാത്ര ഉള്‍പ്പെടെയുള്ളവരാണ് പ്രസ്താവനയില്‍ ഒപ്പുവെച്ചിരിക്കുന്നത്.
വി സിക്കെതിരായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പരാമര്‍ശം അടിസ്ഥാന രഹിതമാണെന്ന് പ്രസ്താവന പറയുന്നു. കേരളത്തിന്റെ കാര്‍ഷിക ചരിത്രത്തിലും ജനസംഖ്യാ ചരിത്രത്തിലും വൈദഗ്ധ്യമുള്ള പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍ രാജ്യത്തെ അറിയപ്പെടുന്ന ചരിത്രകാരനാണ്. ഡല്‍ഹി ജാമിയ മിലിയ ഇസ്ലാമി സര്‍വകലാശാലയിലെ ചരിത്ര-സാംസ്‌കാരിക വിഭാഗം തലവനായിരുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചില്‍ മെമ്പര്‍ സെക്രട്ടറിയായിരുന്നു. മാത്രമല്ല, ജാമിയ മിലിയ ഇസ്ലാമിയയിലെ നെല്‍സണ്‍ മണ്ടേല സെന്റര്‍ ഫോര്‍ പീസ് ആന്‍ഡ് കോണ്‍ഫ്‌ളിക്ട് റെസലൂഷന്‍ ഡയറക്ടര്‍ കൂടിയായിരുന്നു. വി സി എന്ന നിലയില്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍ കണ്ണൂര്‍ സര്‍വകലാശാലയെ ഉന്നതിയിലേക്ക് നയിക്കുകയായിരുന്നുവെന്ന് പ്രസ്താവന പറയുന്നു.
പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്റെ വൈസ് ചാന്‍സലര്‍ നിയമനത്തെ ഗവര്‍ണര്‍ നേരത്തെയും ചോദ്യം ചെയ്തിരുന്നു. എന്നാല്‍, ഗോപിനാഥിനെ പദവിയില്‍നിന്ന് നീക്കണമെന്ന ഗവര്‍ണറുടെ റിട്ട് ഹര്‍ജി കേരള ഹൈക്കോടതി തള്ളുകയായിരുന്നു. വി സിക്കെതിരെ ഗവര്‍ണറും ചാന്‍സലറുമായ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തുന്ന തെറ്റായതും അപകീര്‍ത്തിപ്പെടുത്തുന്നതും രാഷ്ട്രീയ പ്രേരിതവുമായ പ്രചാരണം അംഗീകരിക്കാനാവില്ല. ഇത്തരത്തിലുള്ള അവഹേളനം ഗവര്‍ണര്‍ എത്രയും വേഗം അവസാനിപ്പിക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെടുന്നു. ഡല്‍ഹി സര്‍വകലാശാലയിലെ ചരിത്ര വിഭാഗം പ്രൊഫസര്‍ അമര്‍ ഫാറൂഖിയുടെ നേതൃത്വത്തിലാണ് പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്.
2019 ഡിസംബര്‍ 28ന്, കണ്ണൂര്‍ സര്‍വകലാശാലയിലെ ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ നടന്ന പ്രതിഷേധത്തെ പരാമര്‍ശിച്ചായിരുന്നു ഗവര്‍ണറുടെ വിവാദ പ്രസ്താവന. പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍ ക്രിമിനലാണെന്നും തന്നെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയ ആളാണെന്നുമായിരുന്നു ഗവര്‍ണറുടെ വാക്കുകള്‍. അതിനെതിരെയാണ് കേരളത്തിനകത്തും പുറത്തുമുള്ള ചരിത്രകാരന്മാരും അക്കാദമിക് വിദഗ്ധരും രംഗത്തെത്തിയിരിക്കുന്നത്.