''ഇന്ത്യ മുന്നണിക്ക് നിരവധി എതിരാളികളുണ്ട്. പക്ഷേ,ബിജെപിയും അധിര്‍ രഞ്ജന്‍ ചൗധരിയും മാത്രമാണ് മുന്നണിക്ക് എതിരെ നിരന്തരം സംസാരിച്ച രണ്ടുപേര്‍'', കോണ്‍ഗ്രസുമായി സീറ്റ് ധാരണയില്ലെന്നും ബംഗാളില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നുമുള്ള മമത ബാനര്‍ജിയുടെ പ്രഖ്യാപനത്തിന് ശേഷം മുന്നണിയിലെ പ്രശ്‌നങ്ങളെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് തൃണമൂൽ എം പി ഡെറിക് ഒബ്രയാന്‍ പറഞ്ഞ വാക്കുകളാണിത്. മമതയെ പ്രകോപിപ്പിച്ചതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് അധിര്‍ രഞ്ജന്‍ ചൗധരിയെന്ന കോണ്‍ഗ്രസിന്റെ ലോക്‌സഭ കക്ഷി നേതാവാണ്. ഇന്നും ഇന്നലെയും തുടങ്ങിയതല്ല മമതയും അധീര്‍ രഞ്ജന്‍ ചൗധരിയുമായുള്ള ഏറ്റുമുട്ടല്‍. അതിന് തൃണമൂല്‍ കോണ്‍ഗ്രസ് രൂപീകരണത്തോളം പഴക്കമുണ്ട്.
1998 ജനുവരി 1, 26 വര്‍ഷം നീണ്ടുനിന്ന കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് മമത ബാനര്‍ജി തൃണമൂല്‍ കോണ്‍ഗ്രസ് രൂപീകരിച്ചു. കേന്ദ്രനേതൃത്വവുമായുള്ള ഉരസലിനേക്കാള്‍ ബന്ധം ഉപേക്ഷിക്കാന്‍ മമതയെ പ്രേരിപ്പിച്ചത് അന്നത്തെ പിസിസി അധ്യക്ഷനായിരുന്ന സോമെന്‍ മിത്രയുമായുള്ള നിരന്തര ഏറ്റുമുട്ടലുകളായിരുന്നു. ഈ സമയത്ത് സോമെന്‍ മിത്ര പക്ഷത്തിന്റെ തേരാളികളില്‍ പ്രധാനിയായിരുന്നു അധിര്‍ രഞ്ജന്‍ ചൗധരി. ഇതേ സോമെന്‍ മിത്ര പിന്നീട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോഴും അധിര്‍ രഞ്ജന്‍ ചൗധരി മമതയുടെ എതിര്‍പക്ഷത്ത് ശക്തമായി ഉറച്ചുനിന്നു.
മമതയുടെ ഇറങ്ങിപ്പോക്കോടെ ശോഷിച്ചു തുടങ്ങിയ കോണ്‍ഗ്രസ് 2001-ല്‍ സിപിഎമ്മിനെ തോല്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെ തൃണമൂല്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കാന്‍ തയ്യാറായപ്പോഴും അധിര്‍ രഞ്ജന്‍ ചൗധരി അടക്കമുള്ള ഒരുവിഭാഗം നേതാക്കള്‍ മമത ബാനര്‍ജിയുമായി സഖ്യമുണ്ടാക്കുന്നതിനെ എതിര്‍ത്തുനിന്നു. 2011-ല്‍ 34 വര്‍ഷം നീണ്ടുനിന്ന ഇടത് ഭരണം അവസാനിപ്പിച്ച് മമത ബാനര്‍ജി ബംഗാളില്‍ അധികാരം പിടിച്ചെടുക്കുമ്പോള്‍ കോണ്‍ഗ്രസും സഖ്യകക്ഷിയായിരുന്നു. 2012-ല്‍ അധിര്‍ രഞ്ജന്‍ ചൗധരി കേന്ദ്രമന്ത്രിയായി. ഇതേവര്‍ഷം തന്നെ അധിര്‍ ക്യാമ്പിലെ പ്രമുഖന്‍ മനോജ് ചക്രബര്‍ത്തി മമത മന്ത്രിസഭയില്‍ നിന്ന് രാജിവച്ചു. ഇതോടെ സഖ്യം തകര്‍ന്നു. മനോജിന്റെ രാജിയെ ആവേശത്തോടെ ന്യായീകരിക്കുന്ന അധിര്‍ രഞ്ജന്‍ ചൗധരിയേയാണ് പിന്നീട് കണ്ടത്. ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം തൃണമൂലിന് ഉണ്ടായിരുന്നതിനാല്‍ സര്‍ക്കാര്‍ വീണില്ല.
2014ല്‍ പിസിസി അധ്യക്ഷനായ അധിര്‍ രഞ്ജന്‍ ചൗധരി ആദ്യം ചെയ്തത് തൃണമൂല്‍ കോണ്‍ഗ്രസുമായി അടുത്തുനിന്ന കോണ്‍ഗ്രസിനെ സിപിഎം പാളയത്തില്‍ എത്തിക്കുന്നതിനുള്ള നീക്കങ്ങള്‍ ആരംഭിക്കുകയായിരുന്നു. മുന്‍ തിരഞ്ഞെടുപ്പുകളില്‍ തന്നെ കായികമായി ആക്രമിച്ച സിപിഎമ്മുമായുള്ള വിരോധം, മമതയെ താഴെയിറക്കാനായി അധിര്‍ മറന്നു. 2016-ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ സഖ്യമുണ്ടാക്കുന്നതിലേക്ക് നയിച്ചത് അധിര്‍ രഞ്ജന്‍ ചൗധരിയുടെ ഇടപെടലുകള്‍ ആയിരുന്നു. മമത ബാനര്‍ജിയെ എതിര്‍ക്കുന്നവരില്‍ പ്രധാന മുഖമായി ചൗധരി മാറി.
ഇന്ത്യ മുന്നണി സീറ്റ് പങ്കിടല്‍ ചര്‍ച്ചകളില്‍ ഒരു സമയത്തും മമതയും അധിര്‍ രഞ്ജന്‍ ചൗധരിയും തമ്മില്‍ യോജിപ്പിലെത്തിയില്ല. എട്ട് സീറ്റ് വേണമെന്ന നിലപാടില്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ഉറച്ചുനിന്നു. എന്നാല്‍ രണ്ട് സീറ്റില്‍ കൂടുതല്‍ നല്‍കാന്‍ കഴിയില്ലെന്നും വേണമെങ്കില്‍ ഒരു സീറ്റ് കൂടി നല്‍കാമെന്നും മമത ബാനര്‍ജി കടുത്ത നിലപാടെടുത്തത് അധിര്‍ രഞ്ജന്‍ ചൗധരിയെ പ്രകോപിപ്പിച്ചു. രണ്ട് സീറ്റിലാണ് കഴിഞ്ഞതവണ കോണ്‍ഗ്രസ് വിജയിച്ചത്.
മാള്‍ഡ ദക്ഷിണ്‍, ബഹാറാംപുര്‍ സീറ്റുകള്‍ കോണ്‍ഗ്രസിന് നല്‍കാമെന്നായിരുന്നു ടിഎംസി നിലപാട്. ഇതില്‍ ബഹറാംപൂര്‍ മണ്ഡലത്തില്‍ നിന്നാണ് അധിര്‍ രഞ്ജന്‍ ചൗധരി പാര്‍ലമന്റിലെത്തിയത്. എന്നാല്‍ 2019-ല്‍ കോണ്‍ഗ്രസിനോടും ബിജെപിയോടും പടവെട്ടി തങ്ങള്‍ ജയിച്ച ഈ മണ്ഡലങ്ങളില്‍ തൃണമൂലിന്റെ ഔദാര്യം ആവശ്യമില്ലന്നാണ് അധിര്‍ രഞ്ജന്‍ ചൗധരി പറയുന്നത്. 'എനിക്ക് ബിജെപിയോടും ടിഎംസിയോടും ഒറ്റയ്ക്ക് പോരാടാന്‍ കഴിയും. മമത ബാനര്‍ജിയുടെ എന്തെങ്കിലും ഔദാര്യം ആവശ്യമില്ല,'' എന്ന അദ്ദേഹത്തിന്റെ തുറന്നടിക്കല്‍ ദീദിയെ പ്രകോപിപ്പിച്ചു. പിന്നാലെ, കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് മമത ബാനര്‍ജി പ്രഖ്യാപിക്കുകയും ചെയ്തു. ഒരുമിച്ച് നിന്നു പോരാടുകായണെങ്കില്‍ ബഹറാംപുരില്‍ അധിര്‍ രഞ്ജന്‍ ചൗധരിയെ തോല്‍പ്പിക്കാനും തൃണമൂലിന് സാധിക്കും എന്നാണ് മമത ബാനര്‍ജി പാര്‍ട്ടി നേതൃയോഗത്തില്‍ പറഞ്ഞത്.
മമത ബാനര്‍ജി അവസരവാദിയാണെന്നും മസില്‍ പവര്‍ ഉപയോഗിച്ച് ടി എം സി നടത്തുന്ന ഭരണത്തോട് ജനങ്ങള്‍ക്ക് താത്പര്യമില്ലെന്നും തുടങ്ങി നിരവധി പകോപന പ്രസ്താവനകളാണ് നിരന്തരമായി ചൗധരി തൃണമൂല്‍ കോണ്‍ഗ്രസിന് എതിരെ തൊടുത്തുവിട്ടത്. എന്നാല്‍, അധിര്‍ രഞ്ജന്‍ ചൗധരിയെ തുറന്നുവിടാന്‍ കോണ്‍ഗ്രസ് ദേശീയനേൃത്വം തയ്യാറല്ല. ഇനിയും ചര്‍ച്ചയ്ക്ക് അവസരമുണ്ടെന്ന പ്രതീക്ഷയിലാണ് എഐസിസി.