ഹരിയാനയിലെ നൂഹിലുണ്ടായ വർഗീയ സംഘർഷത്തിന് പിന്നിൽ കൃത്യമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി അനില്‍ വിജ്. ആവശ്യമെങ്കിൽ ഇനിയും ബുൾഡോസർ പ്രയോഗിക്കാൻ മടിക്കില്ലെന്നും ഹരിയാന ആഭ്യന്തരമന്ത്രി വ്യക്തമാക്കി. വർഗീയ കലാപം പൊട്ടിപ്പുറപ്പെട്ട ഹരിയാനയില്‍ ഇതുവരെ 202 പേരെ അറസ്റ്റ് ചെയ്തു. 80 പേരെ തടങ്കലില്‍ പാര്‍പ്പിച്ചിട്ടുണ്ട്. 102 എഫ്‌ഐആറുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
''ക്ഷേത്രത്തിന് സമീപത്തുള്ള കുന്നിന് അക്രമികൾ കയറി നിന്നിരുന്നു. അവരുടെ കൈകളിൽ ആയുധങ്ങളും ഉണ്ടായിരുന്നു. പല സ്ഥലങ്ങളിലും അവര്‍ ഒത്തുകൂടിയിട്ടുണ്ട്. കൃത്യമായ പദ്ധതിയില്ലാതെ ഇതൊന്നും സാധ്യമല്ല. മുന്‍കൂട്ടി ക്രമീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് അക്രമം നടന്നിട്ടുള്ളതെന്ന് വ്യക്തമാണ്. ആയുധങ്ങള്‍ എവിടെ നിന്ന് വന്നു എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കേണ്ടതുണ്ട്''. അനില്‍ വിജ് പറഞ്ഞു.
സംസ്ഥാനത്തെ സ്ഥിതി മെച്ചപ്പെട്ടതിന് ശേഷം മാത്രമേ ഇന്റര്‍നെറ്റ് പുനഃസ്ഥാപിക്കൂവെന്നാണ് ഹരിയാന സർക്കാരിന്റെ തീരുമാനം. മാത്രമല്ല, കുറ്റാരോപിതര്‍ക്കെതിരെ ഇനിയും ബുള്‍ഡോസര്‍ നടപടിയുണ്ടാകുമെന്നും മന്ത്രി ഓർമിപ്പിച്ചു.
അതിനിടെ നൂഹ് ഡെപ്യൂട്ടി കമ്മീഷണര്‍ പ്രശാന്ത് പന്‍വാറിനെയും പോലീസ് സൂപ്രണ്ട് വരുണ്‍ സിംഗ്ലയെയും സ്ഥലം മാറ്റി. സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ അവധിയിലായിരുന്ന വരുണ്‍ സിംഗ്ലയ്ക്ക് പകരം നരേന്ദ്ര ബിജാര്‍നിയ്ക്കാണ് നിയമനം നൽകിയിരിക്കുന്നത്.
സ്ഥലം മാറ്റുന്നതിന് മണിക്കൂറുകള്‍ മുന്‍പ് നടത്തിയ വാര്‍ത്താസമ്മേളത്തില്‍ ഡപ്യൂട്ടി കമ്മീഷണര്‍ പ്രശാന്ത് പന്‍വാര്‍ നല്‍ഹാര്‍ ശിവക്ഷേത്രത്തിന് പിന്നിലെ അഞ്ച് ഏക്കറോളം സ്ഥലത്തെ ഭൂമി കൈയേറ്റങ്ങള്‍ അവസാനിപ്പിച്ചെന്ന് അറിയിച്ചിരുന്നു. ഈ ക്ഷേത്രത്തില്‍ നിന്നാണ് കലാപത്തിലേക്ക് നയിച്ച ഘോഷയാത്ര ആരംഭിച്ചത്. പുന്‍ഹാനയില്‍ വനം വകുപ്പിന്റെ 6 ഏക്കര്‍ ഭൂമിയും, നാഗിന മുനിസിപ്പാലിറ്റി പ്രദേശത്തെ ധോബി ഘട്ട് പ്രദേശത്തെ ഒരു ഏക്കറും ഒഴിപ്പിക്കുകയും നംഗല്‍ മുബാറക്പൂരില്‍ ചില കെട്ടിടങ്ങള്‍ തകര്‍ത്തെന്നും പ്രശാന്ത് പന്‍വാര്‍ അറിയിച്ചു. ഇവിടങ്ങളിലെല്ലാം കുടിൽകെട്ടി താമസിച്ചിരുന്നത് മുസ്ലീങ്ങളായിരുന്നു.
എന്നാല്‍ കൈയേറ്റം ഒഴിപ്പിക്കലിന് വര്‍ഗീയ കലാപവുമായി ബന്ധമില്ലെന്നാണ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ വിശദീകരണം. പൊളിച്ച വീടുകളിലെ അംഗങ്ങളാരും അക്രമ കേസുകളില്‍ പ്രതിയല്ലെന്നും പോലീസ് വിശദീകരിക്കുന്നു. വനം ഭൂമി കൈയേറിയെന്ന് ആരോപിച്ച് രണ്ട് ദിവസത്തിനുള്ളിൽ വീട് പൊളിക്കുമെന്ന് കാണിച്ചായിരുന്നു താമസക്കാർക്ക് നോട്ടീസ് നൽകിയിരുന്ന്. എന്നാൽ നോട്ടീസ് കൈപ്പറ്റി അരമണിക്കൂർ കഴിഞ്ഞപ്പോഴേക്കും ബുൾഡോസറുമായി അധികൃതർ എത്തുകയായിരുന്നെന്നാണ് വീട് നഷ്ടടപ്പെട്ടവർ പറയുന്നത്.
അതിനിടെ സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിനായി വിവിധ ഖാപ്പ് പഞ്ചായത്തുകളും സാമൂഹിക സംഘടനകളും ശനിയാഴ്ച സര്‍വമത സമ്മേളനം സംഘടിപ്പിച്ചിട്ടുണ്ട്. ഖാപ്പ് തലവന്‍മാരുടെയും സംയുക്ത് കിസാന്‍ മോര്‍ച്ചാ നേതാക്കളുടെയും വിവിധ സംഘടനകളുടേയും ഒരു പ്രതിനിധി സംഘം നൂഹ് ജില്ല സന്ദര്‍ശിക്കുകയും സമാധാനവും ഐക്യവും നിലനിര്‍ത്താന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്യും. ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിച്ച് വോട്ട് നേടാനുള്ള ഗൂഢാലോചന നടക്കുന്നുണ്ടെന്ന് ഇവർ ആരോപിക്കുന്നു. സര്‍ക്കാര്‍ അറിയാതെ ഇത്തരത്തില്‍ വര്‍ഗീയ സംഘർഷങ്ങൾ സംസ്ഥാനത്ത് നടക്കില്ലെന്നും സംഘം ചൂണ്ടിക്കാട്ടുന്നു.