ഭക്ഷണത്തിനായി രാജ്യത്തുടനീളമുള്ള കുടുംബങ്ങളുടെ ശരാശരി ചെലവ് 50 ശതമാനത്തില്‍ താഴെയെത്തിയതായി റിപ്പോർട്ട്. ഗ്രാമീണമേഖലകളിലും നഗരപ്രദേശങ്ങളിലും ഉള്‍പ്പെടെയാണിത്. സ്വാതന്ത്ര്യാനന്തരം ഇതാദ്യമായാണ് കുടുബത്തിന്റെ മൊത്തച്ചെലവിന്റെ പകുതിയില്‍ താഴെ ഭക്ഷണത്തിന്റെ ശരാശരിച്ചെലവെത്തുന്നത്. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശ സമിതി (ഇഎസി-പിഎം) തയാറാക്കിയ പേപ്പറിലാണ് വെളിപ്പെടുത്തല്‍.
2011-12ലും 2022-23ലുമാണ് ഗാർഹിക ഉപഭോഗച്ചെലവ് സർവേകള്‍ സംഘടിപ്പിച്ചത്. ഇന്ത്യയിലെ ഭക്ഷ്യ ഉപഭോഗരീതിയില്‍ കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ഗ്രാമീണ-നഗരമേഖലകളില്‍ കുടുംബങ്ങളുടെ ശരാശരി ചെലവില്‍ ഗണ്യമായ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വർധനവിന്റെ വ്യാപ്തിയില്‍ ഏറ്റക്കുറച്ചിലുകളുണ്ടെന്നും പേപ്പറില്‍ വ്യക്തമാക്കുന്നു.
പശ്ചിമ ബംഗാളില്‍ 2011-12നും 2022-23നും ഇടയില്‍ ഉപഭോഗച്ചെലവ് 151 ശതമാനമായി ഉയർന്നിട്ടുണ്ട്. സമാനകാലയളവില്‍ തമിഴ്‌നാട്ടില്‍ ഇത് 214 ശതമാനം ആണ്. സിക്കിമില്‍ ഉപഭോഗച്ചെലവ് 394 ശതമാനം ആയി വർധിക്കുകയും ചെയ്തു.
ഗ്രാമീണ കുടുംബങ്ങളിലെ ഉപഭോഗച്ചെലവ് നഗരമേഖലയിലേതിനേക്കാള്‍ ഉയർന്നിട്ടുണ്ട്. 164 ശതമാനമാണ് ഗ്രാമീണ മേഖലകളിലെ ഉപഭോഗച്ചെലവ്, നഗരപ്രദേശങ്ങളില്‍ ഇത് 146 ശതമാനം മാത്രമാണ്.
ഭക്ഷണങ്ങളില്‍ ധാന്യങ്ങള്‍ക്കായി ചെലവാക്കുന്ന പണത്തിലും ഇടിവ് സംഭവിച്ചിട്ടുണ്ട്. ഇത് നഗര-ഗ്രാമീണ മേഖലകളില്‍ ഒരുപോലെ പ്രകടമാണ്. താഴേക്കിടയിലുള്ള 20 ശതമാനം കുടുംബങ്ങളിലാണ് ഇടിവ് കൂടുതല്‍ കണ്ടെത്തിയിരിക്കുന്നത്. സൗജന്യമായി ധാന്യങ്ങള്‍ നല്‍കുന്ന കേന്ദ്ര സർക്കാരിന്റെ ഭക്ഷ്യ സുരക്ഷ പദ്ധതികളുടെ കാര്യക്ഷമതയാണ് ഇതിന് കാരണമെന്നും പേപ്പർ അവകാശപ്പെടുന്നു.
ധാന്യങ്ങളുടെ ഉപഭോഗച്ചെലവിലുണ്ടായ കുറവ് ഭക്ഷ്യധാന്യങ്ങള്‍ക്കപ്പുറം കാർഷിക നയത്തെ രൂപീകരിക്കേണ്ടതിന്റെ പ്രധാന്യത്തെയാണ് ചൂണ്ടിക്കാണിക്കുന്നതെന്നും പേപ്പർ വ്യക്തമാക്കുന്നു.
പ്രോസസ്‌ഡ് ഭക്ഷണങ്ങള്‍ക്കായുള്ള ഗാർഹിക ചെലവില്‍ വർധനവുണ്ടായിട്ടുള്ളതായും പേപ്പർ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ വിഭാഗങ്ങളിലും ഈ മാറ്റം പ്രത്യക്ഷമാണെന്നും പേപ്പറില്‍ പറയുന്നുണ്ട്.
പ്രോസസ്‌ഡ് ഭക്ഷണങ്ങള്‍ വളർന്നുവരുന്ന വ്യവസായമാണെന്നും തൊഴില്‍ സ്രോതസാണെന്നും പറയുമ്പോഴും ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന ഘടകം കൂടിയാണെന്നും പേപ്പർ ഓർമപ്പെടുത്തുന്നു.