ഡിസംബറിൽ പാർലമെന്റ് പാസാക്കിയ മൂന്ന് ക്രിമിനൽ കോഡുകൾ നടപ്പാക്കുന്നതിനുള്ള തീയതി ഉടൻ അറിയിക്കുമെന്ന് റിപ്പോർട്ടുകൾ. ജനുവരി 26 ന് മുൻപ് ഇക്കാര്യം സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. മൂന്ന് ക്രിമിനൽ നിയമങ്ങൾ രാജ്യത്തുടനീളം നടപ്പാക്കാൻ ഒൻപത് മാസം മുതൽ ഒരു വർഷം വരെ സമയം എടുക്കും. അടുത്ത രണ്ട് മാസത്തിനുള്ളിൽ അഹമ്മദാബാദിൽ പൈലറ്റ് പ്രൊജക്റ്റ് ആരംഭിക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
“കണക്‌ടിവിറ്റി പ്രശ്‌നമുള്ള ചില മേഖലകൾ ഒഴികെ, അടുത്ത ഒരു വർഷത്തിനുള്ളിൽ, 90 ശതമാനം പ്രദേശങ്ങളിലും പുതിയ നിയമം പ്രാബല്യത്തില്‍ വരും,” മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു. എല്ലാ പ്രധാന ഉദ്യോഗസ്ഥരും വിഷയത്തിൽ പരിശീലനം നേടിയവരാണെന്ന് ഉറപ്പാക്കാൻ ബ്യൂറോ ഓഫ് പോലീസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റിന് (ബിപിആർ ആൻഡ് ഡി) കീഴിൽ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിട്ടുണ്ട്. ഈ ടാസ്ക് ഫോഴ്‌സിന്റെ കീഴിൽ പരിവർത്തനം സുഗമമായി നടക്കുന്നുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു.
പരിശീലനത്തിന്റെ മൂന്ന് മൊഡ്യൂളുകൾ ഉണ്ടായിരിക്കും. ട്രെയിനിങ്-ഓഫ്-ട്രെയിനേഴ്സ് (ടിഒടി) പ്രോഗ്രാമിന്റെ ഭാഗമായി പോലീസ് ഉദ്യോഗസ്ഥരെയും അഭിഭാഷകരെയും പരിശീലിപ്പിക്കാൻ വിവിധ മേഖലകളിൽ നിന്നുള്ള 3,000 ഉദ്യോഗസ്ഥരെ നിയമിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. "ഓരോ ജില്ലയിലും അഞ്ച് പരിശീലകരുണ്ടാകും. വിഷയത്തിൽ ആശയക്കുഴപ്പമില്ലെന്ന് ഇത് ഉറപ്പാക്കും. അടുത്ത ഒരു വർഷത്തിനുള്ളിൽ പരിശീലനം ലഭിക്കേണ്ട 90 ശതമാനം ആളുകളെയും പരിശീലന പരിപാടിയിൽ ഉൾക്കൊള്ളിക്കും. പുതിയ ക്രിമിനൽ കോഡ് പുസ്തകങ്ങൾ അച്ചടിച്ചു കഴിഞ്ഞിട്ടുണ്ട്. ഇത് എല്ലാ പുസ്തകശാലകളിലും ലഭ്യമാണ്," ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പുതിയ നിയമത്തിൽ ജുഡീഷ്യറിയെ പരിശീലിപ്പിക്കാൻ ബിപിആർ ആൻഡ് ഡിയുടെ ഭോപ്പാൽ ആസ്ഥാനമായുള്ള സെൻട്രൽ അക്കാദമി ഫോർ പോലീസ് ട്രെയിനിങ്ങിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
പുതിയ നിയമങ്ങൾ ഫോറൻസിക്-അധിഷ്ഠിത അന്വേഷണങ്ങൾക്ക് പ്രാധാന്യം നൽകാനും ലക്ഷ്യമിടുന്നുണ്ട്. അതിന്റെ ഭാഗമായി റ് മാസത്തിനുള്ളിൽ 885 പോലീസ് ജില്ലകളിലായി 900 ഫോറൻസിക് സയൻസ് ലബോറട്ടറി വാനുകൾ പുറത്തിറക്കും. 75 പോലീസ് ജില്ലകളിൽ ഇതിനോടകം ഇതിന്റെ പണി പൂർത്തിയാക്കിയിട്ടുണ്ട്. ഭാരതീയ നാഗരിക് സുരക്ഷാ (രണ്ടാം) സൻഹിത, 2023 പ്രകാരം ഏഴ് വർഷമോ അതിൽ കൂടുതലോ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളുള്ള കേസുകളിൽ ഫോറൻസിക് പരിശോധന നിർബന്ധമാണ്.
2023 ഓഗസ്റ്റിലായിരുന്നു ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം എന്നീ ബില്ലുകൾ കേന്ദ്ര സർക്കാർ സഭയിൽ അവതരിപ്പിച്ചത്. അവിടെനിന്നും പല ഭേദഗതികളും മാറ്റങ്ങളും ഉൾപ്പെടുത്തിയ രണ്ടാമത്തെ രൂപമാണ് നിലവിൽ ഉള്ളത്.