INDIA

പ്രണോയ്, രാധികാ റോയിമാരുടെ എന്‍ഡിടിവി ഓഹരികള്‍ അദാനി ഗ്രൂപ്പിലെത്തിയത് എങ്ങനെ?

എന്‍ഡിടിവി അദാനി ഏറ്റെടുക്കുമെന്ന അഭ്യൂഹങ്ങള്‍ ഒരു വര്‍ഷത്തോളമായി പ്രചരിക്കുന്നുണ്ടായിരുന്നെങ്കിലും രാധികയും പ്രണോയും അവയെയെല്ലാം നിഷേധിച്ചിരുന്നു

വെബ് ഡെസ്ക്

എന്‍ഡിടിവിയുടെ 30 ശതമാനത്തോളം ഓഹരികള്‍ ലോകത്തിലെ നാലാമത്തെ സമ്പന്നനായ ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള മീഡിയ വിഭാഗം അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ സ്വന്തമാക്കും. രാജ്യത്തെ ആദ്യ മുഴുവന്‍ സമയ വാര്‍ത്താ ചാനലായ എന്‍ഡിടിവിയുടെ സ്ഥാപക-പ്രൊമോട്ടര്‍മാരായ രാധിക റോയിയുടെയും പ്രണോയ് റോയിയുടെയും കൈവശമുണ്ടായിരുന്ന ഓഹരികളാണ് എഎംജി മീഡിയാ നെറ്റ്വര്‍ക്ക്‌സ് സ്വന്തമാക്കുന്നത്. ഓപ്പണ്‍ ഓഫറില്‍ ഡീലിലൂടെ 26 ശതമാനം ഓഹരികള്‍ കൂടി ഏറ്റെടുക്കാനും ഗ്രൂപ്പ് സന്നദ്ധത അറിയിച്ചിട്ടുണ്ട്.

എന്‍ഡിടിവി അദാനി ഏറ്റെടുക്കുമെന്ന അഭ്യൂഹങ്ങള്‍ ഒരു വര്‍ഷത്തോളമായി പ്രചരിക്കുന്നുണ്ടായിരുന്നെങ്കിലും രാധികയും പ്രണോയും അവയെയെല്ലാം നിഷേധിച്ചിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ദശാബ്ദങ്ങള്‍ നീണ്ട ബന്ധം അദാനിക്കുണ്ട്. കഴിഞ്ഞ എട്ട് വര്‍ഷത്തെ ബിജെപി ഭരണം അദാനി ഗ്രൂപ്പിന് ഏറെ അനുകൂലമാകുകയും, ഇക്കാലയളവില്‍ സമ്പത്തില്‍ വന്‍ വര്‍ധനവുണ്ടാകുകയും ചെയ്തിട്ടുണ്ട്. എന്‍ഡിടിവി അദാനി ഏറ്റെടുക്കുമെന്ന അഭ്യൂഹങ്ങള്‍ ഒരു വര്‍ഷത്തോളമായി പ്രചരിക്കുന്നുണ്ടായിരുന്നെങ്കിലും രാധികയും പ്രണോയും അവയെയെല്ലാം നിഷേധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍, എന്‍ഡിടിവിയുടെ സ്ഥാപക-പ്രൊമോട്ടര്‍മാര്‍ ആര്‍ആര്‍പിആര്‍ ഹോള്‍ഡിംഗ് പ്രൈവറ്റ് ലിമിറ്റഡ് വഴിയുള്ള തങ്ങളുടെ ഓഹരി വില്‍ക്കുകയാണോ എന്ന ചോദ്യത്തിന്, ''ഇപ്പോള്‍ ഉടമസ്ഥാവകാശം മാറ്റുന്നതിനെക്കുറിച്ചോ, സ്ഥാപനം വില്‍ക്കുന്നതിനെക്കുറിച്ചോ ആരുമായും ചര്‍ച്ചകള്‍ നടത്തുന്നില്ല'' എന്നായിരുന്നു അവരുടെ മറുപടി. കമ്പനിയുടെ 61.45 ശതമാനത്തിന്റെ ഉടമസ്ഥതയും നിയന്ത്രണവുമാണ് ഇരുവര്‍ക്കും ഉണ്ടായിരുന്നത്.

2009ല്‍ രാധികയും പ്രണോയിയും ആര്‍ആര്‍പിആറിന്റെ 99.99 ശതമാനം ഓഹരികള്‍ ഈട് നല്‍കിക്കൊണ്ട് 14 വര്‍ഷത്തെ കരാറില്‍ 403.85 കോടി രൂപ കോര്‍പ്പറേറ്റ് വായ്പ എടുത്തിരുന്നു

വിശ്വപ്രധാന്‍ കൊമേഴ്സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് (വിസിപിഎല്‍) എന്ന ഷെല്‍ കമ്പനിയില്‍ നിന്നും 2009ല്‍ രാധികയും പ്രണോയിയും ആര്‍ആര്‍പിആറിന്റെ 99.99 ശതമാനം ഓഹരികള്‍ ഈട് നല്‍കിക്കൊണ്ട് 14 വര്‍ഷത്തെ കരാറില്‍ 403.85 കോടി രൂപ കോര്‍പ്പറേറ്റ് വായ്പ എടുത്തിരുന്നു. മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ അനുബന്ധ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രിയല്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സ് ആന്‍ഡ് ഹോള്‍ഡിംഗ്‌സ് ലിമിറ്റഡിന്റെ (ആര്‍ഐഐഎച്ച്എല്‍) കീഴിലുള്ള ഷിനാനോ റീട്ടെയ്ല്‍ പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നാണ് വിസിപിഎല്‍ ആര്‍ആര്‍പിആറിന് ലോണ്‍ ലഭ്യമാക്കിയത്. ഇതിലൂടെയാണ് അംബാനി ഗ്രൂപ്പ് ആര്‍ആര്‍പിആറിനുമേല്‍ സ്വാധീനം ചെലുത്തുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്‍ഡിടിവിയില്‍ രാധിക റോയിക്ക് 16.32 ശതമാനവും പ്രണോയ്ക്ക് 15.94 ശതമാനവും വ്യക്തിഗത ഓഹരിയുണ്ട്. ആര്‍ആര്‍പിആര്‍ കൂടിയാകുമ്പോള്‍, കമ്പനിയുടെ 61.45 ശതമാനം ഓഹരികള്‍ സുരക്ഷിതമായിരുന്നു. ഓഹരികളിന്മേല്‍ അവര്‍ക്ക് സമ്പൂര്‍ണ്ണ നിയന്ത്രണവും ഉണ്ടായിരുന്നു.

2009-10 മുതലുള്ള വായ്പാ കരാറിന്മേല്‍ ഇരുവരുടെയും സമ്മതമോ യാതൊരു തരത്തിലുള്ള അറിയിപ്പോ ഇല്ലാതെയാണ് ഈ ഏറ്റെടുക്കല്‍ നടത്തിയത്

എന്നാല്‍ വിസിപിഎല്ലിനെ അദാനി ഗ്രൂപ്പ് ഏറ്റെടുത്തതോടെ ചിത്രം മാറുകയായിരുന്നു. രാധികയുടെയും പ്രണോയിയുടെയും ഉടമസ്ഥതയിലുള്ള ആര്‍ആര്‍പിആര്‍ വിസിപിഎല്ലിലൂടെ അദാനി ഗ്രൂപ്പിലെത്തി. ഇതില്‍ എന്‍ഡിടിവിയുടെ 29.18 ശതമാനം ഓഹരി ഉള്‍പ്പെട്ടിട്ടുണ്ട്. 2009-10 മുതലുള്ള വായ്പാ കരാറിന്മേല്‍ ഇരുവരുടെയും സമ്മതമോ യാതൊരു തരത്തിലുള്ള അറിയിപ്പോ ഇല്ലാതെയാണ് ഈ ഏറ്റെടുക്കല്‍ നടത്തിയത്. അതോടെ, രാധികയുടെയും പ്രണോയിയുടെയും കൈവശമുള്ള എന്‍ഡിടിവിയുടെ ഓഹരി 32.26 ശതമാനമായി കുറഞ്ഞു. 113,74,61,990 രൂപയുടെ ഓള്‍-ക്യാഷ് ഡീലില്‍ എമിനന്റ് നെറ്റ്വര്‍ക്ക് പ്രൈവറ്റ് ലിമിറ്റഡില്‍ നിന്ന് വിസിപിഎല്‍ വാങ്ങിയതായി അദാനി എന്റര്‍പ്രൈസസ് പ്രഖ്യാപിച്ചു, വിസിപിഎല്ലിനെ അദാനി എന്റര്‍പ്രൈസസിന്റെ ഉടമസ്ഥതയിലുള്ള എഎംജി മീഡിയ നെറ്റ്വര്‍ക്ക്‌സ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാക്കി മാറ്റുകയും ചെയ്തു.

വാര്‍ത്താ വിതരണത്തില്‍ എന്‍ഡിടിവിയുടെ നേതൃത്വം ശക്തിപ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെന്നായിരുന്നു എഎംജി മീഡിയ നെറ്റ്വര്‍ക്ക് സിഇഒ സഞ്ജയ് പുഗാലിയ പ്രസ്താവനയില്‍ പറഞ്ഞത്. ആര്‍ആര്‍പിആറിന്റെ ഇക്വിറ്റി ഷെയര്‍ ക്യാപിറ്റലിന്റെ 99.99 ശതമാനം വരെയുള്ള വാറന്റുകളില്‍ ഇടപെടാനും രാധികയുടെയും പ്രണോയിയുടെയും കൈവശമുള്ള ആര്‍ആര്‍പിആറിന്റെ നിലവിലുള്ള ഇക്വിറ്റി ഷെയറുകളും വാങ്ങാനും ആര്‍ആര്‍പിആറിന്റെ ഇക്വിറ്റി ഷെയര്‍ ക്യാപിറ്റലിന്റെ 100 ശതമാനം സ്വന്തമാക്കാനുമുള്ള സ്വതന്ത്രാവകാശം വിസിപിഎല്ലിന് നല്‍കിയിരുന്നു. ആര്‍ആര്‍പിആറിന്റെ വാറന്റുകളും നേരത്തെ വിസിപിഎല്‍ സ്വന്തമാക്കിയിരുന്നു, ഈ അവകാശം മുതലെടുക്കാനായി ആര്‍ആര്‍പിആറിന്റെ 99.50 ശതമാനം വരുന്ന 1,990,000 വാറന്റുകള്‍ ആര്‍ആര്‍പിആറിന്റെ 1,990,000 ഇക്വിറ്റി ഷെയറുകളാക്കി മാറ്റിയിരിക്കുന്നു' എന്ന് അദാനി എന്റര്‍പ്രൈസസ് പ്രഖ്യാപിച്ചു.

പൊതു ഓഹരി ഉടമകളില്‍ നിന്ന് ഓപ്പണ്‍ ഓഫറില്‍ ഷെയറൊന്നിന് 294 രൂപ വാഗ്ദാനം നല്‍കി 26 ശതമാനം ഓഹരികള്‍ കൂടി ഏറ്റെടുക്കാനും ഗ്രൂപ്പ് സന്നദ്ധത അറിയിച്ചിട്ടുണ്ട്

ആര്‍ആര്‍പിആറിന്റെ 99.50 ശതമാനം ഓഹരികളും എഎംജിക്ക് വിസിപിഎല്‍ രണ്ട് പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ നല്‍കേണ്ടതുണ്ട്. അതിനുശേഷം എഎംജി മീഡിയ നെറ്റ്വര്‍ക്ക് എന്‍ഡിടിവിയുടെ 29.18 ശതമാനം ഓഹരികളുടെ ഉടമയാകും. കമ്പനി ഓഹരികളുടെ 25 ശതമാനത്തിലധികം അദാനി എന്റര്‍പ്രൈസസിന് നല്‍കുന്നതിനാല്‍, വിപണി ചട്ടങ്ങള്‍ അനുസരിച്ച്, എഎംജി മീഡിയ നെറ്റ്വര്‍ക്ക് ഒരു ഓപ്പണ്‍ ഓഫര്‍ പ്രഖ്യാപിച്ചു. പൊതു ഓഹരി ഉടമകളില്‍ നിന്ന് ഓപ്പണ്‍ ഓഫറില്‍ ഷെയറൊന്നിന് 294 രൂപ വാഗ്ദാനം നല്‍കി 26 ശതമാനം ഓഹരികള്‍ കൂടി ഏറ്റെടുക്കാനും ഗ്രൂപ്പ് സന്നദ്ധത അറിയിച്ചു. അദാനിയുടെ ഓപ്പണ്‍ ഓഫര്‍ വഴി പ്രൊമോട്ടര്‍ ഗ്രൂപ്പിന് പുറത്തുള്ള ഏതൊരു എന്‍ഡിടിവി ഷെയര്‍ഹോള്‍ഡര്‍ക്കും അവരുടെ ഓഹരികള്‍ അദ്ദേഹത്തിന് വില്‍ക്കാന്‍ കഴിയും. 26 ശതമാനം ഓഹരികള്‍ക്കായി ഏകദേശം 492.8 കോടി രൂപ അദാനി ഗ്രൂപ്പ് ചെലവഴിക്കേണ്ടി വരും.

ഓപ്പണ്‍ ഓഫറില്‍ കൂടുതല്‍ ഓഹരികള്‍ വാങ്ങാനായാല്‍ അദാനിക്ക് രാധിക, പ്രണോയിമാരേക്കാള്‍ കൂടുതല്‍ അധികാരം ലഭിക്കും

എങ്കിലും എന്‍ഡിടിവിയുടെ ഏകദേശം 32 ശതമാനം ഓഹരികള്‍ ഇപ്പോഴും രാധികയുടെയും പ്രണോയിയുടെയും പക്കലാണ്. നിലവില്‍ വിസിപിഎല്‍ വഴി അദാനി ഗ്രൂപ്പ് സ്വന്തമാക്കുന്നതിനേക്കാള്‍ കൂടുതലാണ്. എന്നാല്‍ ഓപ്പണ്‍ ഓഫറില്‍ കൂടുതല്‍ ഓഹരികള്‍ വാങ്ങാനായാല്‍ അദാനിക്ക് രാധിക, പ്രണോയിമാരേക്കാള്‍ കൂടുതല്‍ അധികാരം ലഭിക്കും. അതേസമയം, 29.18 ശതമാനം ഓഹരികള്‍ നഷ്ടമായ ആര്‍ആര്‍പിആറിന് പൊതു ഓഹരി ഉടമകളില്‍ നിന്ന് അദാനിയെക്കാള്‍ കൂടുതല്‍ ഓഹരികള്‍ വാങ്ങാമെന്ന സാധ്യതയും അവശേഷിക്കുന്നു. അങ്ങനെ സംഭവിച്ചാല്‍ അദാനിയുടെ നിയന്ത്രണങ്ങള്‍ക്ക് തടയിടാനാകും.

നിലവിലെ സാഹചര്യം അദാനിക്ക് അനുകൂലമാണ്. എന്‍ഡിടിവിയുടെ 23.85 ശതമാനമുള്ള ഓഹരിയുടമകളില്‍ 29,691 വ്യക്തികളും 2ലക്ഷം രൂപയില്‍ താഴെ നിക്ഷേപം നടത്തിയവരും 947 സ്ഥാപനങ്ങളും ഉള്‍പ്പെടുന്നു. ഈ ഷെയര്‍ഹോള്‍ഡര്‍മാരില്‍ എന്‍ഡിടിവിയിലെ രണ്ട് പ്രധാന വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ ഉള്‍പ്പെടുന്നുണ്ട്; 9.75 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയ മൗറീഷ്യസ് ആസ്ഥാനമായുള്ള എല്‍ടിഎസ് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടും 4.42 ശതമാനമുള്ള വികാസ ഇന്ത്യ ഇഐഎഫ് ഐ ഫണ്ടും. 13 ഇന്ത്യന്‍ കമ്പനികളിലായി എല്‍ടിഎസ് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന്റെ മൊത്തം നിക്ഷേപമായ 19,328 കോടി രൂപയില്‍ ഏതാണ്ട് 98 ശതമാനവും അഥവാ 18,916.7 കോടി രൂപയും അദാനി ഗ്രൂപ്പിന്റെ നാല് കമ്പനികളിലാണ് നിക്ഷേപിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. അതുകൊണ്ട് തന്നെ കാര്യങ്ങള്‍ ഇപ്പോള്‍ അദാനിയുടെ നിയന്ത്രണത്തിലാണ്.

കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ, എഎംജി മീഡിയ നെറ്റ്വര്‍ക്ക് മാധ്യമ മേഖലയില്‍ നടത്തുന്ന രണ്ടാമത്തെ പ്രധാന നിക്ഷേപമാണിത്

കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ, എഎംജി മീഡിയ നെറ്റ്വര്‍ക്ക് മാധ്യമ മേഖലയില്‍ നടത്തുന്ന രണ്ടാമത്തെ പ്രധാന നിക്ഷേപമാണിത്. മേയില്‍ രാഘവ് ബാലിന്റെ ക്വിന്റില്യണ്‍ ബിസിനസ് മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ 49 ശതമാനം ഓഹരികള്‍ വെളിപ്പെടുത്താത്ത തുകയ്ക്ക് എഎംജി സ്വന്തമാക്കിയിരുന്നു. എന്നാല്‍ എന്‍ഡിടിവി അദാനിയുടെ ഉടമസ്ഥതയിലെത്തുന്നത് ടിവി വാര്‍ത്താ രംഗത്ത് മാറ്റത്തിന് കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. റിപ്പബ്ലിക് ടിവി, ടൈംസ് നൗ, ഇന്ത്യാ ടുഡേ എന്നിവയെല്ലാം സര്‍ക്കാരിനെതിരെ കണ്ണടയ്ക്കുമ്പോള്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ഏതാനും സ്വതന്ത്ര മാധ്യമ പ്ലാറ്റ്ഫോമുകളിലൊന്നാണ് എന്‍ഡിടിവി. അദാനിയുടെ ഉടമസ്ഥതയിലെത്തുന്നതോടെ ആ വിമര്‍ശന സ്വാതന്ത്ര്യം കൈമോശം വന്നേക്കാമെന്ന ആശങ്കയാണ് പലരും മുന്നോട്ടുവെക്കുന്നത്.

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം