INDIA

ഒരു കാറിൽ നിന്ന് മറ്റൊന്നിലേക്ക്, പിന്നെ ബൈക്കിലേക്ക്; പോലീസിൽ നിന്ന് രക്ഷപ്പെടാൻ പഞ്ചാബ് മുഴുവൻ കറങ്ങി അമൃത്പാൽ സിങ്

വെബ് ഡെസ്ക്

നാല് ദിവസമായി നാടകീയ മുഹൂർത്തങ്ങളാണ് പഞ്ചാബിൽ അരങ്ങേറുന്നത്. രക്ഷപ്പെട്ടോടുന്ന ഖലിസ്ഥാനി നേതാവും 'വാരിസ് പഞ്ചാബ് ദേ' തലവനുമായ അമൃത്പാല്‍ സിങ്; പിടികൂടാന്‍ ആയിരക്കണക്കിന് പോലീസുകാര്‍ . ഒരു വാഹനത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറി പഞ്ചാബിലുടനീളം ഒളിച്ച് സഞ്ചരിക്കുന്ന അമൃത്പാല്‍ സിങ്ങിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

മാർച്ച് 18നാണ് അമൃത്പാൽ സിങിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കവുമായി പോലീസ് രംഗത്തെത്തുന്നത്. അന്നേ ദിവസം രാവിലെ 11:27ന് നിർത്തിയിട്ടിരുന്ന മാരുതി ബ്രെസ്സ കാറിന്റെ മുൻ സീറ്റിൽ അമൃത്പാൽ സിങ് ഇരിക്കുന്നതായി ജലന്ധറിലെ ടോൾ ബൂത്തിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളിൽ കാണാം. ഇതിന് തൊട്ടുമുൻപ് ഷാകോട്ടിലെ റോഡരികിൽ ഉപേക്ഷിച്ചരുന്ന മെഴ്‌സിഡസ് എസ്‌യുവിയിൽ കണ്ടിരുന്നു. ഇവിടെ നിന്നാകണം മാരുതി ബ്രെസ്സയിലേക്ക് മാറിയതെന്നാണ് പോലീസ് കരുതുന്നത്.

കാറിൽ വച്ച് തന്നെ മതപരമായ വസ്ത്രങ്ങളും തലപ്പാവും മാറ്റിയതായാണ് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. തുടർന്ന് കാർ ഉപേക്ഷിച്ച് രണ്ട് ബൈക്കുകളിലായി മൂന്ന് സഹായികളോടൊപ്പം യാത്ര ചെയ്യുന്നതാണ് മറ്റൊരു ദൃശ്യം. ഗുരുദ്വാരയിൽ ഒളിച്ചിരുന്ന ഇയാൾ വീണ്ടും വസ്ത്രം മാറി രക്ഷപ്പെടുകയായിരുന്നു എന്നാണ് പോലീസിന്റെ കണക്കുകൂട്ടൽ. അമൃത്പാൽ സിങ്ങിനെ രക്ഷപ്പെടാൻ സഹായിച്ച നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബ്രെസ്സ കാറും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

രൂപം മാറി സഞ്ചരിക്കുന്നതിനാൽ അമൃത്പാൽ സിങ്ങിന്റെ ഒന്നിലധികം രൂപത്തിലുള്ള ഫോട്ടോകളും പോലീസ് പുറത്തുവിട്ടിരുന്നു. താടിയുള്ളതും ക്ലീൻ ഷേവ് ചെയ്തതുമായ ഏഴ് വ്യത്യസ്ത ലുക്കിലുള്ള ചിത്രങ്ങളാണ് പോലീസ് പുറത്തുവിട്ടത്.

അമൃത്പാൽ സിങ്ങിന്റെ ബന്ധുവും 'വാരിസ് പഞ്ചാബ് ദേ' സംഘടനയിലെ അംഗങ്ങളും ഉൾപ്പെടെ 120ലധികം പേരെയാണ് ദേശീയ സുരക്ഷാ നിയമത്തിന് (എൻഎസ്എ) കീഴിൽ കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ പോലീസ് അറസ്റ്റ് ചെയ്തത്. സുരക്ഷാ കാരണങ്ങളാല്‍ അസമിലെ ജയിലിലാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്. പഞ്ചാബ് മുഴുവനായി മൂന്ന് ദിവസത്തേക്ക് നിർത്തിവച്ചിരുന്ന ഇന്റർനെറ്റ് സേവനം ഭാഗികമായി പുനഃസ്ഥാപിച്ചിട്ടുണ്ട്. പോലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി പഞ്ചാബ് - ഹരിയാന ഹൈക്കോടതികളും രംഗത്തെത്തിയിരുന്നു. സംസ്ഥാനത്തിന് 80,000 പോലീസുകാരുണ്ടായിട്ടും അമൃത്പാലിനെ അറസ്റ്റ് ചെയ്യാന്‍ കഴിയാതിരുന്നത് ഇന്റലിജന്‍സ് പരാജയമാണെന്നായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം.

ഫെബ്രുവരി 23നാണ് അമൃത്പാൽ സിങ്ങിന്റെ അനുയായികളും പോലീസുകാരുമായി ഏറ്റുമുട്ടലുണ്ടായത്. തട്ടിക്കൊണ്ടുപോകല്‍, കയ്യേറ്റം ചെയ്യല്‍ തുടങ്ങിയ കേസുകളുടെ പേരില്‍ അറസ്റ്റ് ചെയ്ത അമൃത്പാല്‍ സിങ്ങിന്റെ സഹായി ലവ് പ്രീത് തുഫാന്‍ ഉള്‍പ്പെടെയുള്ളവരെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ടായിരുന്നു നൂറുകണക്കിന് പേർ തോക്കുകളും, വാളുകളും ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി അജ്നാല പോലീസ് സ്‌റ്റേഷനിലേക്ക് ഇരച്ചുകയറിയത്. മൂന്ന് ആഴ്ചയ്ക്ക് ശേഷമാണ് പോലീസ് നടപടി പോലും സ്വീകരിച്ചത്.

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ