INDIA

കെജ്‌രിവാളിന്റെ ഉത്തരവുകള്‍ പുറത്തുപോകുന്നത് എങ്ങനെ? ജയിലില്‍ നിന്നുള്ള ഭരണം എത്രനാള്‍?

പിഎംഎല്‍എ കേസ് ആയതുകൊണ്ട് കെജ്‌രിവാളിന് ഉടന്‍ ജാമ്യം കിട്ടുക അത്ര എളുപ്പമല്ല

പി ആർ സുനിൽ

രാജിവെക്കില്ലെന്ന് ഉറച്ചുതന്നെയാണ് അരവിന്ദ് കെജ്‌രിവാള്‍. ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്ററിന്റെ കസ്റ്റഡിയില്‍ തുടരുന്ന അരവിന്ദ് കെജ്‌രിവാള്‍ മുഖ്യമന്ത്രി എന്ന നിലയില്‍ ഡല്‍ഹി ഭരണത്തില്‍ ഇടപെടുന്നത് തുടരുകയാണ്.

ഇ ഡിയുടെ കസ്റ്റഡിയില്‍ ഇരുന്ന് അരവിന്ദ് കെജ്‌രിവാള്‍ എങ്ങനെയാണ് ഡല്‍ഹിയിലെ ഭരണം നിയന്ത്രിക്കുന്നത് എന്ന കൗതുകത്തിലാണ് പലരും. കടുത്ത നിയന്ത്രണങ്ങളോടെയാണ് ഇ ഡി കസ്റ്റഡിയില്‍ അരവിന്ദ് കെജ്‌രിവാള്‍ കഴിയുന്നത്. അപ്പോള്‍ എങ്ങനെയായിരുന്നു കെജ്‌രിവാള്‍ ഡല്‍ഹിയിലെ രണ്ട് പ്രധാന വിഷയങ്ങളില്‍ മന്ത്രിസഭക്ക് നിര്‍ദേശം നല്‍കിയത്.

ജയിലിലായതുകൊണ്ട് മുഖ്യമന്ത്രിയായി തുടരുന്നതിന് ഭരണഘടനാപരമായ തടസ്സമില്ലെന്നാണ് എഎപിയുടെ ഔദ്യോഗിക നിലപാട്

കെജ്‌രിവാളിന്റെ ആദ്യ ഉത്തരവ് ഡല്‍ഹി മന്ത്രി ആതിഷി മര്‍ലേനക്കായിരുന്നു. ഡല്‍ഹിയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ ആവശ്യമായ ഇടപെടല്‍ നടത്തണം. ജനങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകരുത് എന്നതായിരുന്നു കെജ്‌രിവാളിന്റെ ആദ്യ സന്ദേശം. അരവിന്ദ് കെജ്‌രിവാള്‍ കസ്റ്റഡിയില്‍ ആയതിന്റെ രണ്ടാം നാളായിരുന്നു ആ സന്ദേശം എത്തിയത്. മന്ത്രി ആതിഷി മര്‍ലേന വാര്‍ത്ത സമ്മേളനം നടത്തി കെജ്‌രിവാള്‍ അയച്ച സന്ദേശം വായിക്കുകയായിരുന്നു. ഇപ്പോള്‍ കെജ്‌രിവാളിന്റെ രണ്ടാമത്തെ നിര്‍ദ്ദേശവും പുറത്തുവന്നിരിക്കുകയാണ്.

ഡല്‍ഹിയിലെ മൊഹല്ല ക്ലിനിക്കുകളില്‍ സൗജന്യ മരുന്ന് വിതരണം മുടങ്ങരുത്. ആവശ്യത്തിന് മരുന്ന് ഉറപ്പാക്കണം. ജനങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകരുത്. ഡല്‍ഹി ആരോഗ്യ മന്ത്രി സൗരഭ് ഭരധ്വാജ് വാര്‍ത്താ സമ്മേളനം നടത്തിയാണ് കെജ്‌രിവാളിന്റെ രണ്ടാമത്തെ നിര്‍ദ്ദേശവും അറിയിച്ചത്.

ഇ ഡി കസ്റ്റഡിയില്‍ നിന്ന് തിഹാര്‍ ജയിലിലേക്ക് കെജ്‌രിവാളിനെ മാറ്റുകയാണെങ്കില്‍ ഡല്‍ഹിയിലെ ഭരണത്തില്‍ ദൈനംദിനം ഇടപെടാന്‍ കെജ്‌രിവാളിന് സാധിച്ചേക്കില്ല

ഇ ഡി കസ്റ്റഡിയില്‍ കനത്ത സുരക്ഷാ വലയത്തില്‍ കഴിയുന്ന കെജ്‌രിവാള്‍ എങ്ങനെയാണ് ഈ നിര്‍ദ്ദേശങ്ങള്‍ പുറത്തേക്ക് നല്‍കുന്നത് എന്നതാണ് പലരുടെയും കൗതുകം. എല്ലാ ദിവസവും വൈകുന്നേരം വൈകീട്ട് 6 മുതല്‍ 7 മണിക്കുള്ളില്‍ ഭാര്യ സുനിത കെജ്‌രിവാളിനും പേഴ്‌സണല്‍ അസിസ്റ്റന്റ് ഭിഭവ് കുമാറിനും കെജ്‌രിവാളിനെ കാണാന്‍ കോടതി അനുവദിച്ചിട്ടുണ്ട്. ഇതിന് പുറമെ അരമണിക്കൂര്‍ സമയം അഭിഭാഷകനുമായുള്ള കൂടിക്കാഴ്ചക്കും കോടതി അനുമതി നല്‍കിയിട്ടുണ്ട്. പുറത്തുനിന്ന് കെജ്‌രിവാളിനെ എല്ലാദിവസവും കാണുന്നവര്‍ ഇവര്‍ മാത്രമാണ്. അതുകൊണ്ട് കെജ്‌രിവാളിന്റെ ഉത്തരവുകള്‍ പുറത്തേക്ക് പോകുന്നതും, പുറത്തുനിന്നുള്ള വിവരങ്ങള്‍ കെജ്‌രിവാള്‍ അറിയുന്നതും ഇവര്‍ വഴി ആയിരിക്കുമെന്നാണ് ഇ ഡി ഉദ്യോഗസ്ഥര്‍ കണക്കാക്കുന്നത്.

പിഎംഎല്‍എ കേസ് ആയതുകൊണ്ട് കെജ്‌രിവാളിന് ഉടന്‍ ജാമ്യം കിട്ടുക അത്ര എളുപ്പമല്ല. അത്രയും നാള്‍ കെജ്‌രിവാളിന് ഇതുപോലെ തുടരാനാകുമോ എന്നത് രാഷ്ട്രീയ രംഗത്തെ വലിയ ചോദ്യമാണ്.

ജയിലിലായതുകൊണ്ട് മുഖ്യമന്ത്രിയായി തുടരുന്നതിന് ഭരണഘടനാപരമായ തടസ്സമില്ലെന്നാണ് എഎപിയുടെ ഔദ്യോഗിക നിലപാട്. അതേസമയം ഇ ഡി കസ്റ്റഡിയില്‍ നിന്ന് തിഹാര്‍ ജയിലിലേക്ക് കെജ്‌രിവാളിനെ മാറ്റുകയാണെങ്കില്‍ ഡല്‍ഹിയിലെ ഭരണത്തില്‍ ദൈനംദിനം ഇടപെടാന്‍ കെജ്‌രിവാളിന് സാധിച്ചേക്കില്ല എന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ജയില്‍ നിയമം അനുസരിച്ച് കെജ്‌രിവാളിന് ആഴ്ചയില്‍ രണ്ടുദിവസം കെജ്‌രിവാളിന് അടുത്ത ബന്ധുക്കളെയോ, അഭിഭാഷകനെയോ കാണാം. രണ്ടുദിവസം മാത്രം നടക്കുന്ന ആ കൂടിക്കാഴ്ചയിലൂടെ ഡല്‍ഹിയിലെ ഭരണത്തില്‍ കെജ്‌രിവാളിന് കൃത്യമായി ഇടപെടാന്‍ സാധിച്ചേക്കില്ല. അതല്ലെങ്കില്‍ കോടതിയുടെ പ്രത്യേക ഉത്തരവ് അതിനായി വേണ്ടി വരും. ഏതായാലും ജയിലില്‍ ഇരുന്നുകൊണ്ട് സംസ്ഥാനം ഭരിക്കാനുള്ള ഇടപെടല്‍ കെജ്‌രിവാള്‍ നടത്തുന്നതിനെ ശക്തമായി ഇ ഡി എതിര്‍ക്കാന്‍ സാധ്യതയുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ